ADVERTISEMENT

എറണാകുളം∙ കോണ്‍ഗ്രസിന്റെ വെൽഫെയർ ബാന്ധവം ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലൗ ജിഹാദ്, ന്യൂനപക്ഷ ക്ഷേമത്തിലെ അസന്തുലിതാവസ്ഥ തുടങ്ങിയവ സഭാനേതൃത്വം ചൂണ്ടിക്കാട്ടിയിട്ടും കോണ്‍ഗ്രസ് പരിഗണിച്ചില്ല. ക്ഷേമപെന്‍ഷനിലൂടെയും ഭക്ഷ്യകിറ്റിലൂടെയും ജനങ്ങള്‍ക്കൊപ്പമെന്ന തോന്നല്‍ എല്‍ഡിഎഫ് ഉണ്ടാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ ഏത് മുന്നണി അഭിസംബോധന ചെയ്യുമെന്നത് നിയമസഭാ തിരഞ്ഞെടുത്തിൽ നിർണായകമാകുമെന്നും സത്യദീപം മുഖപ്രസംഗം വ്യക്തമാക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് എങ്ങനെ പിന്നോട്ടുപോയെന്നും എല്‍ഡിഎഫിനുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയെന്നും ചൂണ്ടിക്കാട്ടിയാണ് സത്യദീപം മുഖപ്രസംഗം. ക്രൈസ്തവ സഭകളുടെ വോട്ട് യുഡിഎഫിന് എങ്ങനെ നഷ്ടപ്പെട്ടെന്ന് അക്കമിട്ട് നിരത്തുകയാണ് മുഖപ്രസംഗം. ന്യൂനപക്ഷ അവകാശങ്ങളിലും ലൗ ജിഹാദിലും സഭ നിലപാട് വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് വെല്‍ഫെയര്‍ ബന്ധമുണ്ടാക്കി. ഇത് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി. കോണ്‍ഗ്രസ് പൂര്‍ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണം ഫലം കണ്ടു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിലെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്.

അതല്ലാതെ തിരിച്ചടി ജോസ് കെ. മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രമാണെന്ന വിലയിരുത്തല്‍ ശരിയെന്ന് ഇടത് മുന്നണിപോലും കരുതുന്നുണ്ടാകില്ലെന്നും മുഖപത്രം പറയുന്നു. സഭ തർക്കത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നതിനെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയതിലൂടെ ബിജെപിയുടെ കാപട്യം പുറത്തുവന്നു. സ്വർണ്ണക്കടത്ത് കേസിൽ ഇഡി അടക്കം അ‍ഞ്ചോളം കേന്ദ്ര ഏജൻസികൾ ആറു മാസമായി അന്വേഷിച്ചിട്ടും തെളിവുകൾ കണ്ടെത്താനാകാത്തത് സർക്കാരിന് അനുകൂലമായി. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരുപരിധിവരെ ഇടതുമുന്നണിക്ക് കഴിഞ്ഞെന്നും സത്യദീപം വ്യക്തമാക്കുന്നു.

English Summary : Ernakulam Angamaly archdiocese article aganist UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com