ADVERTISEMENT

ജയ്പുർ∙ കർഷകപ്രതിഷേധം ശക്തമാകുമ്പോൾ ആർഎസ്എസ് നേതൃത്വത്തെ പേരെടുത്തു പറയാതെ വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഹാഫ് പാന്റ് ധരിച്ച് നാഗ്പൂരിൽനിന്നു പ്രസംഗിക്കുന്നതല്ല ദേശീയത. മറിച്ച് കർഷകരുടെ ക്ഷേമത്തിനെ കുറിച്ചു സംസാരിക്കുന്നതാണ് യഥാർഥ ദേശീയത. സച്ചിൻ പറഞ്ഞു. ആർഎസ്എസെന്ന് എടുത്തു പറയാതെ നാഗ്പൂരിനെ ഉദാഹരിച്ചായിരുന്നു സച്ചിന്റെ ഒളിയമ്പ്. രാജ്യത്ത് ശക്തമാകുന്ന കർഷകസമരത്തെ പിന്തുണച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

39 ദിവസം പിന്നിടുന്ന കർഷക സമരത്തിൽ, ഇതുവരെ അൻപതോളം കർഷകർ മരിച്ചതായി സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനിടെ, ഇന്നു സർക്കാരുമായി ഏഴാം വട്ട ചർച്ച നടക്കും. കഴിഞ്ഞ ബുധനാഴ്ച നടന്ന ആറാം വട്ട ചർച്ചയിൽ 4 ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കാൻ ധാരണയായിരുന്നു. ഇന്നു സമരം തീരുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.

കേന്ദ്ര നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണു കൊടും ശൈത്യം വകവയ്ക്കാതെ ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ തമ്പടിക്കുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ മൂന്നു സമരവേദികളും വെള്ളത്തിനടിയിലായി. ടെന്റുകളിൽ വെള്ളം കയറിയെങ്കിലും പതറാതെ കർഷകർ തൂമ്പയെടുത്തു ചാലുകീറി മഴവെള്ളം ഒഴുക്കിവിട്ടു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾക്കു ചെവി കൊടുക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ഒറ്റക്കെട്ടായി ആവർത്തിച്ചു.

കർഷകരുടെ വിറകുശേഖരവും കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളും മഴവെള്ളത്തിൽ കുതിർന്നുപോയിട്ടുണ്ട്. അതിശൈത്യവും വെള്ളക്കെട്ടും വളരെ മോശം സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു സമരനേതാക്കൾ പറഞ്ഞു. കർഷകരുടെ ദുരിതം കാണാൻ സർക്കാർ തയാറാകാത്തതിനെ സംയുക്ത കിസാൻ മോർച്ച നേതാവ് അഭിമന്യൂ കോഹാർ വിമർശിച്ചു. സിംഘുവിലെ സമരവേദിക്കു സമീപം മഴയിൽ ചെളിക്കുഴിയായ മൈതാനത്തു വനിതകൾ കബഡി മത്സരം നടത്തി.

English Summary: Talking about farmers' welfare is real nationalism, not giving phoney speeches from Nagpur: Sachin Pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com