ADVERTISEMENT

പാലക്കാട്∙ കേ‍ാവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതേ‍ാടെ സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായും ചിലയിടങ്ങളിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചെങ്കിലും കൃത്യമായ സംവിധാനമെ‍ാരുക്കാൻ കഴിയാതെ ദേശീയ ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾ.

വിദ്യാർഥികൾ വിവിധ സംസ്ഥാനക്കാരായതിനാൽ ഭാഗിക പരിശീലനവും അധ്യയനവും പേ‍ാലും പരിഗണിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ സ്ഥാപനങ്ങൾ. ഐഐടികൾ, ഐസർ, നിഫ്റ്റ്, എൻഐടി, ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് മാനേജ്മെന്റ്, ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഒ‍ാൺലൈനിലൂടെയാണ് ക്ലാസും ജൂറിയും വിലയിരുത്തലും എഴുത്തുപരീക്ഷയും വരെ നടത്തുന്നത്.

തുടർ പരിശീലനവും ലാബ് പരീക്ഷണങ്ങളും ആവശ്യമായ സയൻസ്, എൻജിനീയറിങ് കേ‍ാഴ്സുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പെ‍ാതു നിർദേശമില്ലാത്തതിനാൽ സ്ഥാപനങ്ങൾ മുൻകൈ എടുത്താണ് നടപടികൾ. ഐഐടികളിലെ അവസാന സെമസ്റ്റർ ബിടെക്, എംഎസ്‌സി, എംടെക് വിദ്യാർഥികളിൽ പരമാവധി 80 പേരെ വീതം സ്ഥാപനത്തിലെത്തിച്ച് ലാബ് വർക്ക് ആരംഭിച്ചു. വിദ്യാർഥികൾ സ്ഥാപനത്തിൽ രണ്ടാഴ്ച ക്വാറന്റീനിൽ ഇരുന്നശേഷമാണ് ലാബിൽ പ്രവേശിപ്പിക്കുക.

പാലക്കാട് ഐഐടിയിൽ ലാബ് ആവശ്യമുളള പിഎച്ച്ഡി വിദ്യാർഥികൾക്കും സുരക്ഷാ സംവിധാനത്തേ‍ാടെ പ്രവേശനം നൽകുന്നുണ്ട്. എന്നാൽ, വിദ്യാർഥികൾ അധികമുളള മുംബൈ, ഖരക്പുർ, കെ‍ാൽക്കത്ത പേ‍ാലുള്ള ഐഐടികളിൽ ഈ രീതി പ്രായേ‍ാഗികമല്ല. ഇവിടെ ഒരു ബാച്ചിൽ 1,000 വിദ്യാർഥികൾ വരെയുണ്ട്. മദ്രാസ് ഐഐടിയിൽ ഇത്തരത്തിൽ ലാബ് വർക്ക് അനുവദിച്ച 50 ബിടെക് വിദ്യാർഥികളിൽ പലർക്കും കേ‍ാവിഡ് േപാസിറ്റീവായതേ‍ാടെ ഒരു മാസത്തേ‍ാളം സ്ഥാപനം അടച്ചിടേണ്ടിവന്നു.

ഹേ‍ാസ്റ്റൽ പൂർണമായി തുറക്കുന്നത് ഇപ്പേ‍ാൾ ആലേ‍ാചനയിൽ ഇല്ലെന്ന് ഐഐടി അധികൃതർ പറഞ്ഞു. 21 സംസ്ഥാനങ്ങളിൽ നിന്നാണ് ബിടെക് വിദ്യാർഥികൾ. സ്ഥാപനങ്ങളിലെ ഏതാണ്ട് 2% വിദ്യാർഥികൾക്ക് ഒ‍ാൺലൈൻ പഠനം ബുദ്ധിമുട്ടാണ്. ചിലർക്ക് നെറ്റ് ലഭിക്കുന്നില്ല. വടക്ക്–കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതൽ വിഷമിക്കുന്നത്. ഇവരെ സ്ഥാപനങ്ങളിലെത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

കേ‍ാവിഡിനെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിയിൽ ഫീസ് നൽകാൻ വിഷമം നേരിടുന്ന വിദ്യാർഥികൾക്ക് തുക ഗഡുക്കളായി അടക്കാൻ മിക്കയിടത്തും അനുമതി നൽകിയിട്ടും തുക അടക്കാൻ വൈകുന്നവരുടെ എണ്ണം കൂടുന്ന സ്ഥിതിയുണ്ട്. പഠനം അവസാനിപ്പിച്ചവരുമുണ്ടെന്ന് നിഫ്റ്റ് അധികൃതർ പറഞ്ഞു.

ഐഐടി പേ‍ാലുള്ള സ്ഥാപനങ്ങളിൽ സ്കേ‍ാളർഷിപ്പിനുള്ള ഫണ്ട് കേന്ദ്രം കുറച്ചതേ‍ാടെ അതു ലഭിക്കുന്നവരുടെ എണ്ണവും ചുരുങ്ങി. മേ‍ാശമല്ലാത്ത സ്കേ‍ാളർഷിപ്പ് തുക കെ‍ാണ്ടാണ് പലരും പഠനവും ഗവേഷണവും മുന്നേ‍ാട്ടുകെ‍ാണ്ടുപേ‍ായിരുന്നത്. പുതിയ ബാച്ചുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തിയെങ്കിലും ചിലരിൽ നിന്ന് പിന്നീട് പ്രതികരണം ഉണ്ടായിട്ടില്ല.

ലാബ് ആവശ്യങ്ങൾക്കായി വരുന്ന വിദ്യാർഥികൾക്ക് ഹേ‍ാസ്റ്റൽ ലഭ്യമല്ലാത്തതിനാൽ മറ്റിടങ്ങളിൽ താമസിച്ച് വർക്ക് പൂർത്തിയാക്കുന്നത് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. നിഫ്റ്റിൽ അവസാനവർഷ വിദ്യാർഥികൾക്ക് അവരുടെ അടുത്ത കേന്ദ്രത്തിൽ ലാബ് പ്രവേശനം പരിഗണനയിലാണ്.

English Summary: COVID-19: Students in higher educational institutions are in distress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com