ADVERTISEMENT

ന്യൂഡല്‍ഹി ∙ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വടക്ക്, തെക്ക് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ അതതു പ്രദേശത്തു കോഴി വില്‍പന നിരോധിച്ചു. കോഴി മുട്ട, ഇറച്ചി എന്നിവയുടെ വിഭവങ്ങള്‍ വിറ്റാല്‍ നടപടി സ്വീകരിക്കുമെന്നു ഹോട്ടലുകള്‍ക്കും റസ്‌റ്ററന്റുകള്‍ക്കും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മേഖലയിലെ എല്ലാ കടകളിലും കോഴി, മുട്ട, സംസ്‌കരിച്ചതും പായ്ക്കറ്റിലാക്കിയതുമായ കോഴിയിറച്ചി എന്നിവ വില്‍ക്കുന്നതും സംഭരിക്കുന്നതും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടിയന്തരമായി നിരോധിച്ചതായി നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.

പൊതുജനതാല്‍പര്യ പ്രകാരമാണ് ഉത്തരവിറക്കുന്നതെന്നും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകുതി വേവിച്ച കോഴിയിറച്ചിയും മുട്ടയും കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എച്ച്5എന്‍8 കോഴികളില്‍ പെട്ടെന്നു പടര്‍ന്നു പിടിക്കും. എന്നാല്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എഎച്ച്5എന്‍8) മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. മുഴുവനായി വേവിച്ച കോഴിമുട്ട, 70 ഡിഗ്രി സെൽഷ്യസില്‍ 30 മിനിറ്റ് വേവിച്ച കോഴിയിറച്ചി എന്നിവ മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

തിങ്കളാഴ്ച ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ച എട്ടു സാംപിളുകളില്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ പോസിറ്റീവ് ആയതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ നാലെണ്ണം മയൂര്‍ വിഹാന്‍ ഫെയ്‌സ് 3ലെ പാര്‍ക്കില്‍നിന്നും മൂന്നെണ്ണം സഞ്ജയ് ലേക്ക് മേഖലയില്‍നിന്നും ഒരെണ്ണം ദ്വാരകയില്‍നിന്നുമാണ്. ഇതോടെ ഗാസിപുര്‍ കോഴി മാര്‍ക്കറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി വില്‍പനയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. പ്രതിദിനം 300 ടണ്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടേക്ക് എത്തുന്നത്. രണ്ടരകോടി രൂപയുടെ വില്‍പനയാണു ബാധിച്ചതെന്നു കച്ചവടക്കാര്‍ പറഞ്ഞു.

പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആയിരക്കണക്കിനു താറാവുകളെയാണു കൊന്നൊടുക്കിയത്. ഹരിയാനയിലെ പഞ്ചകുള ജില്ലയില്‍ അഞ്ച് ഫാമുകളിലെ 1.5 ലക്ഷം പക്ഷികളെ കൊന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ നാല് ലക്ഷത്തോളം പക്ഷികളെയാണ് ഹരിയാനയില്‍ ചത്ത നിലയില്‍ കണ്ടത്.

English Summary: Bird Flu: Sale Of Chicken Banned In Parts Of Delhi, Restaurants Warned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com