ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിയമനം നടന്നതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ എതിര്‍പ്പു മറികടന്ന്. സംശയത്തിന്റെ നിഴലിലുള്ള ചില ഉദ്യോഗസ്ഥരെ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിയോഗിക്കരുതെന്ന്, ഇവരുടെ പേരെടുത്തു പറഞ്ഞു തന്നെ പ്രിവന്റീവ് കമ്മിഷണറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു മറികടന്നാണു നിയമനം നടന്നത്. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നു സിബിഐ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരില്‍, പ്രിവന്റീവ് കമ്മിഷണറേറ്റ് എതിര്‍പ്പു പ്രകടിപ്പിച്ചവരുമുണ്ടെന്നാണു വിവരം. 

കോഴിക്കോടുണ്ടായിരുന്ന സത്യസന്ധരായ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും പ്രിവന്റീവ് കമ്മിഷണറേറ്റ് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. 

കൊച്ചി ഒഴിച്ചുള്ള മൂന്നു വിമാനത്താവളങ്ങളും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലാണെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതില്‍ ജിഎസ്ടി ചീഫ് കമ്മിഷണറേറ്റിനാണ് അന്തിമാധികാരം. (കൊച്ചി വിമാനത്താവളം കസ്റ്റംസ് കമ്മിഷണറേറ്റിനു കീഴിലാണ്). 

വിമാനത്താവളങ്ങളിലെ ചില ഉദ്യോഗസ്ഥരെപ്പറ്റി ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ വച്ച്, അവരെ വിമാനത്താവളങ്ങളില്‍ നിന്നു മാറ്റാന്‍ പ്രിവന്റീവ് കമ്മിഷണറേറ്റ് പലപ്പോഴും ആവശ്യപ്പെടാറുണ്ടെങ്കിലും അവഗണിക്കപ്പെടുകയാണു പതിവ്. പ്രിവന്റീവ് കമ്മിഷണറേറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം, വിമാനത്താവളങ്ങളില്‍ വേണ്ടത്ര കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ലന്നതും രഹസ്യമല്ല. 

മൂന്നു വിമാനത്താവളങ്ങളിലും ഇടയ്ക്കു പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. കോവിഡും തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷണവും കാരണം ഇതും നിലച്ചിരിക്കുകയാണിപ്പോള്‍. 

സിഗരറ്റ് സ്വര്‍ണത്തേക്കാള്‍ ലാഭം

സ്വര്‍ണക്കള്ളക്കടത്തിനേക്കാള്‍ ലാഭശതമാനം കൂടുതലാണു സിഗരറ്റ് കള്ളക്കടത്തിന്. വിദേശനിര്‍മിത, പ്രമുഖ ബ്രാന്‍ഡഡ് സിഗരറ്റുകളാണു കടത്തുന്നത്. യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണു വിദേശ സിഗരറ്റ് ഇന്ത്യയിലേക്കു കടത്തുന്നത്. പുകവലിക്കെതിരായ മുന്നറിയിപ്പ് സിഗരറ്റ് പായ്ക്കറ്റുകളില്‍ പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയതോടെ, അവയില്ലാത്ത പായ്ക്കറ്റുകള്‍ ചുരുങ്ങിയ വിലയ്ക്ക്  വിദേശത്തു ലഭ്യമാണ്. 10 സിഗരറ്റുകളടങ്ങിയ ഒരു പായ്ക്കറ്റിന് 400 രൂപയ്ക്കടുത്തേ വിദേശത്തു വില വരൂ. ഇത്, കേരളത്തിലെത്തിച്ചു വില്‍ക്കുമ്പോള്‍ 1000 വരെ രൂപ കിട്ടും. 

നൂറോ ഇരുന്നൂറോ സിഗരറ്റുകളടങ്ങിയ കാര്‍ട്ടണുകളായാണു കടത്തുന്നത്. 75 മുതല്‍ 100 വരെ കാര്‍ട്ടണുകള്‍ ഒറ്റയടിക്കു കടത്തുന്നവരുണ്ട്. വിമാനത്താവളത്തിലെ എക്‌സ്‌റെ പരിശോധനയില്‍ എളുപ്പം കണ്ടത്താമെന്നിരിക്കെയാണ് ഇവ നിര്‍ബാധം കടന്നുപോകുന്നത്. 

നിയമപ്രകാരമുള്ള മുന്നറിയിപ്പുകളുള്ള, 100 സിഗരറ്റുകളടങ്ങിയ ഒരു കാര്‍ട്ടണ്‍ 100% തീരുവയടച്ച് യാത്രക്കാരനു വിദേശത്തു നിന്നു കൊണ്ടുവരാം.  ഇതിലധികം കൊണ്ടുവന്നാല്‍ പിഴയടയ്‌ക്കേണ്ടി വരും. പിടിച്ചെടുക്കുന്ന സിഗരറ്റുകള്‍ കത്തിച്ചു കളയുകയാണു ചെയ്യുന്നത്. പാരിതോഷികമില്ലാത്തതിനാല്‍, സിഗരറ്റ് കള്ളക്കടത്തിനെ പറ്റി വിവരം നല്‍കുന്നവര്‍ തീരെ കുറവാണ്. 

എഫ്എമ്മിനെ ഓര്‍മിപ്പിച്ച് വീണ്ടും കോഴിക്കോട് വിമാനത്താവളം

വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറെ വിവാദമുയര്‍ത്തിയ പേരാണ് 'എഫ്എം' അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച കൈക്കൂലി കൈകാര്യം ചെയ്തയാളിനെയാണ് 'എഫ്എം' എന്ന കോഡ് വാക്ക് ഉപയോഗിച്ച് വിളിച്ചിരുന്നത്. 2000 കാലത്താണ് ഈ സംവിധാനം കോഴിക്കോട് വിമാനത്താവളത്തിലുണ്ടായിരുന്നത്.  യാത്രക്കാരില്‍ നിന്നു ചില ഉദ്യോഗസ്ഥര്‍ ചോദിക്കാതെയും അല്ലാതെയും വാങ്ങിയ, വിദേശനാണയത്തിലുള്ള കൈക്കൂലിയാണ് എഫ്എമ്മും സഹായികളും വിമാനത്താവളത്തിനു പുറത്തു വച്ചു കൈകാര്യം ചെയ്തത്. കൈക്കൂലിപ്പണം, വിമാനത്താവളത്തിലെ തൂപ്പുകാരും മറ്റും വഴി ടെര്‍മിനലിനു പുറത്തെത്തിച്ചാണ് എഫ്എമ്മിന്റെ കൂട്ടാളികള്‍ക്കു കൈമാറിയിരുന്നത്. 

സംഘത്തില്‍ പെട്ട ഉദ്യോഗസ്ഥരുടെ കൈക്കൂലിപ്പണത്തിന് ഇവര്‍ കൃത്യമായ കണക്കു വയ്ക്കുകയും തുല്യ തുകയ്ക്കു വീട്ടു സാധനങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. പണം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ രൂപ നല്‍കുകയും ചെയ്തു. 

വിമാനത്താവളത്തിലോ പുറത്തോ വച്ച്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നു വിദേശകറന്‍സി പിടിച്ചെടുക്കാതിരിക്കാനായിരുന്നു ഈ സംവിധാനം.  2001ല്‍ സിബിഐ വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയെങ്കിലും പണമൊന്നും പിടിച്ചെടുക്കാന്‍ സാധിച്ചില്ല. എങ്കിലും ഈ റെയ്ഡില്‍ എഫ്എമ്മിനെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവന്നു. 

പിന്നീട് 2005ല്‍ വീണ്ടും സിബിഐ റെയ്ഡിനെത്തി. ഇത്തവണ, ചില സിബിഐ ഉദ്യോഗസ്ഥര്‍ ദുബായില്‍ നിന്നു മറ്റു യാത്രക്കാര്‍ക്കൊപ്പമാണു കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. എന്നാല്‍, ബാക്കി ഉദ്യോഗസ്ഥര്‍ ടെര്‍മിനലിനകത്തേക്കു കടക്കാന്‍ ശ്രമിച്ചതോടെ റെയ്ഡ് വിവരം പുറത്തായി. ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നു പണമൊന്നും പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിനു രൂപയുടെ വിദേശകറന്‍സി, കസ്റ്റംസ് ഏരിയയില്‍ നിന്നു പിടികൂടി. ഇരുപതിലധികം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളായി. മിക്കവരുടെയും ജോലി നഷ്ടപ്പെടുകയും ചെയ്തു. എഫ്എമ്മിന്റെ രണ്ട് സഹായികളും സിബിഐയുടെ  പിടിയിലായി. ഇതോടെ, കോഴിക്കോട് വിമാനത്താവളത്തിലെ 'ഫിനാന്‍സ് മിനിസ്റ്റര്‍' സംഘം ഇല്ലാതാവുകയായിരുന്നു. തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയായ ഹവാല ഏജന്റാണ്, ഈ സംവിധാനത്തിനു നേതൃത്വം നല്‍കിയിരുന്ന 'ഫിനാന്‍സ് മിനിസ്റ്റര്‍' അഥവാ 'എഫ്എം'. കൊണ്ടോട്ടിയിലെ ചില നേതാക്കള്‍ക്കു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിരിവു നല്‍കാതിരുന്നതിനുള്ള പ്രതികാരമായിരുന്നു രണ്ടാമത്തെ സിബിഐ റെയ്ഡ് എന്നും അക്കാലത്തു വാര്‍ത്തകളുണ്ടായിരുന്നു. 

English Summary: Followup on Karipur Airport CBI Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com