ADVERTISEMENT

കോഹിമ ∙ നാഗാലാൻഡ് - മണിപ്പൂർ അതിര്‍ത്തിയിലെ സുക്കു താഴ്‌വരയിൽ രണ്ടാഴ്ചയായി ആളിക്കത്തിയ കാട്ടുതീ അണച്ചത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിശമന നീക്കത്തിലൂടെ. വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ 90 തവണ പറന്ന് വെള്ളം ശേഖരിച്ചാണ് തീ കെടുത്തിയത്.

dzuku-fire-08
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ

രണ്ടാഴ്ചത്തെ കഠിനാധ്വാനത്തിനു ശേഷം തീ അണഞ്ഞപ്പോൾ ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയായ സുക്കു താഴ്‌വരയ്ക്കും പുതുജീവനായി. രക്ഷാപ്രവർത്തനത്തിനും തീ അണക്കലിനും നേതൃത്വം നൽകിയത് നാഗാലാൻഡ് തലസ്ഥാന ജില്ലയായ കോഹിമയുടെ ഡപ്യൂട്ടി കമ്മിഷണറും (കലക്ടർ) മലപ്പുറം സ്വദേശിയുമായ മുഹമ്മദലി ശിഹാബും.

dzuku-fire-06
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ കെടുത്തുന്നു

ഇന്ത്യയിലെത്തന്നെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് സുക്കു താഴ്‌വര. കഠിനമായ ട്രക്കിങ്ങിനൊടുവിലാണ് ചെറുകുന്നുകൾ അടങ്ങിയ താഴ്‌വരയിലെത്താനാകൂ. ഒന്നോ രണ്ടോ അടി മാത്രം ഉയരമുള്ള മുളങ്കാടുകളും പുല്‍ മേടുകൾക്കുമൊപ്പം പിങ്കും വെള്ളയും നിറങ്ങളുള്ള സുക്കു ലില്ലികളും ഇവിടെ പൂക്കും.

dzuku-fire-05
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ കെടുത്തുന്നു

കൊറോണയുടെ പശ്ചാത്തലത്തിൽ ഇവിടെ സഞ്ചാരികളെ കടത്തിവിടുന്നില്ലായിരുന്നു. ഇതിനിടയിലാണ് ഡിസംബര്‍ 29 ന് തീപിടിത്തം അറിയുന്നത്. നാഗാലാൻഡ് ഗവർണർ ആർ.എൻ. രവിയുടെ സന്ദർശനത്തിന് മുന്നോടിയായി ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചപ്പോഴാണ് തീപിടിത്തം കണ്ടെത്തുന്നത്. 

dzuku-fire-04
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ

ജില്ലാ ഭരണകൂടം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനത്തെ കൂടി ഉൾപ്പെടുത്തിയായിരുന്നു ആരംഭത്തിൽ തീ അണക്കാൻ ശ്രമിച്ചത്. തീ പടരുന്നത് തടയാൻ ഫയർലൈനുകളുണ്ടാക്കുകയായിരുന്നു ആദ്യശ്രമം.

dzuku-fire-03
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ കെടുത്തുന്നു

സതേൺ അംഗാമി യൂത്ത് ഓർഗനൈസേഷനിലെ അനവധി സന്നദ്ധപ്രവർത്തകർ ഇതിന് പിന്തുണയുമായി എത്തി. ദേശീയ ദുരന്തനിവാരണസേന (എൻ‌ഡിആർ‌എഫ്) എത്തിയെങ്കിലും ഫയർലൈനുകൾ ഉണ്ടാക്കി തീയുടെ വ്യാപനം തടയാൻ മാത്രമാണ് സാധിച്ചത്. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തിയതോടെയാണ് ആകാശത്തു നിന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ തുടങ്ങിയത്.

dzuku-fire-02
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ കെടുത്തുന്നു

വരണ്ട കാലാവസ്ഥയായതിനാൽ കോഹിമയിലോ സമീപത്തോ വെള്ളം ശേഖരിക്കാനുള്ള സംവിധാനമില്ലായിരുന്നുവെന്ന് മുഹമ്മദലി ശിഹാബ് പറഞ്ഞു. ആഴത്തിലുള്ള കുളത്തിൽ നിന്നും പുഴകളിൽ നിന്നും മാത്രമേ വെള്ളം ശേഖരിക്കാൻ സാധിക്കുകയുള്ളു.

dzuku-fire-01
സുക്കു താഴ്‌വരയിൽ ആളിക്കത്തിയ കാട്ടുതീ കെടുത്തുന്നു

നാഗാലാൻഡിലെ നദികളെല്ലാം കുന്നിൻമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചെറിയ നദികളാണ്. വലിയ കുളങ്ങൾ സമീപപ്രദേശത്തില്ല. ഒടുവിൽ അര മണിക്കൂർ പറന്ന് ദിമാപൂരിൽ നിന്നാണ് ബംബി ബക്കറ്റിൽ വെള്ളം ശേഖരിച്ചത്.

dzuku-fire-07
തീയണക്കാനെത്തിയ രക്ഷാപ്രവർത്തകർ കോഹിമ ഡപ്യൂട്ടി കമ്മിഷണറും മലയാളിയുമായ മുഹമ്മദലി ശിഹാബിനൊപ്പം

ആളിക്കത്തുന്ന തീയും ഒപ്പം ശക്തമായ ശീതക്കാറ്റും കാരണം ഹെലികോപ്റ്ററുകൾക്കു പലപ്പോഴും താഴ്ന്നു പറന്ന് തീയണക്കുന്നതിനും ബുദ്ധിമുട്ടി. ദിമാപൂർ എയർ‌ഫോഴ്സ് സ്റ്റേഷനിലെ  സ്ക്വാഡ്രൺ ലീഡറും പേരാമ്പ്ര സ്വദേശിയുമായ ഫെബിൻ യൂസഫിനായിരുന്നു ഹെലികോപ്റ്ററുകളുടെ ഏകോപനച്ചുമതല.

Mi-17 V 5 ഹെലികോപ്റ്ററുകൾ എത്തിയത് ബംഗാളിൽ നിന്നും ഹരിയാനയിൽ നിന്നും. ഇതിനു പുറമെ എൻഡിആർഎഫ് സേനാംഗങ്ങളെ എത്തിക്കുന്നതിനായി പ്രത്യേക വ്യോമസേനാ വിമാനവും ഉപയോഗിച്ചു. സുക്കുവിലെ തീയണക്കുന്നതിനായി 90 തവണയാണ് ഹെലികോപ്റ്ററുകൾ പറന്നത്. ഓരോ തവണയും 3500 ലീറ്റർ വെള്ളം മാത്രമാണ് ഹെലികോപ്റ്ററുകൾക്കു ബക്കറ്റിൽ ശേഖരിക്കാൻ കഴിയുന്നത്. 

English Summary: Dzukou Valley Fire Doused After 2 Weeks Of Air Force, NDRF Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com