ADVERTISEMENT

ശ്വാസം പിടിച്ചുനിർത്തുന്ന അവസ്ഥ കോവിഡ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുമോ? ഉണ്ടെന്നാണ് പുതിയ പഠനത്തിൽ വെളിപ്പെടുന്നത്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവകണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നതനുസരിച്ച് വർധിക്കുന്നു എന്നതാണ് കണ്ടെത്തൽ. അതായത്, ശ്വാസകോശത്തിനുള്ളിൽ വൈറസിനു നിലനിൽക്കാനുള്ള സാധ്യത ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ വർധിക്കും.

ഇതു രോഗം ബാധിക്കാനുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് വർധിപ്പിക്കും. ഐഐടി മദ്രാസിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ശാസ്ത്രജ്‍ഞർ നടത്തിയ പഠനമാണ് കോവിഡ് വ്യാപനം സംബന്ധിച്ചു പുതിയ വിവരങ്ങൾ നൽകുന്നത്. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ലൂയിഡിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.

ശ്വസന ആവൃത്തിയുടെ മാതൃക ലബോറട്ടറിയിൽ തയാറാക്കി നടത്തിയ പഠനത്തിലാണ് ശ്വാസം പിടിച്ചു വയ്ക്കുന്ന ചുറ്റുപാടിൽ കഴിയേണ്ടി വരുന്ന അവസ്ഥ വൈറസിന്റെ ആക്രമണത്തെ രൂക്ഷമാക്കുമെന്നു തെളിഞ്ഞതെന്നു പഠനം പറയുന്നു.

പതിവു ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അറിവു മാത്രം കൈമുതലായുള്ള നമ്മുടെ മുന്നിൽ വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചതെന്നും ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്നു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താൻ കഴിഞ്ഞതായും പഠനത്തിനു നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

ശ്വാസം പിടിച്ചു നിർത്തുന്നതിലൂടെ, വൈറസ് ബാധിച്ച സ്രവകണങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് എത്രകണ്ടു വർധിക്കുന്നു എന്നും ഇതെങ്ങനെ ശ്വാസകോശത്തിൽ വൈറസ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു എന്നും മനസ്സിലാക്കാൻ പഠനം സഹായിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. ശ്വാസം പിടിച്ചു നിർത്തുമ്പോൾ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന സാഹചര്യം വർധിക്കുമെന്നാണ് പ്രധാന കണ്ടെത്തൽ.

ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശ രോഗങ്ങൾക്ക് വളരെ എളുപ്പം അടിമപ്പെടുന്നതെങ്ങനെയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പഠനം ആരംഭിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള മെച്ചപ്പെട്ട ചികിത്സകളും മരുന്നുകളും വികസിപ്പിക്കുന്നതിനു പഠനം വഴിയൊരുക്കുമെന്നാണ് ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷ. അതുവഴി കോവിഡിന്റെ അതിതീവ്ര വ്യാപന സാധ്യതകളെപ്പറ്റിയും മനസ്സിലാക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

English Summary: IIT Madras researchers find holding breath may increase risk of getting COVID-19 infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com