ADVERTISEMENT

പാലക്കാട്∙ സംസ്ഥാനത്ത് 15നും 49 വയസിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ വിളർച്ച(അനീമിയ) ബാധിച്ചവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് ആശങ്കയുണർത്തുന്നു. സ്ത്രീകളിൽ വിളർച്ച വർധിക്കുന്നത് അവരെ മാത്രമല്ല, ഭാവിതലമുറയിലും ഗുരുതരമായ ആരേ‍ാഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഇതുസംബന്ധിച്ച ദേശീയ ആരേ‍ാഗ്യസർവേ(എൻഎഫ്എച്ച്എസ്) റിപ്പേ‍ാർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനം ആരേ‍ാഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളിലെ പ്രധാന പോരായ്മയ്മയാണ് ഇതു ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. 

സർവേ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ ആരേ‍ാഗ്യകരമായ ജീവിതത്തിനു രക്തത്തിലെ ഹീമേ‍ാഗ്ലേ‍ാബിന്റെ അളവ് 12 ആയി നിലനിർത്തുന്ന സാഹചര്യമുണ്ടാക്കാൻ സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിതവിളർച്ചാ പ്രതിരേ‍ാധനിയന്ത്രണയജ്ഞം ആരംഭിച്ചു. ആരേ‍ാഗ്യവകുപ്പിനാണ് ക്യാംപെയിന്റെ നിയന്ത്രണവും നിരീക്ഷണവും. വിദ്യഭ്യാസം, തദ്ദേശം ഉൾപ്പെടെ 8 വകുപ്പുകൾ അണിനിരക്കുന്ന പരിപാടിയിൽ വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 

കേ‍ാവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും കാരണം സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ വിളർച്ചയുടെ തേ‍ാത് ഇനിയും വർധിക്കാനുള്ള സാധ്യതയും അധികൃതർ കാണുന്നുണ്ട്. പലകുടുംബങ്ങളിലും കുട്ടികൾക്ക് വിലകൂടിയ പലതരത്തിലുള്ള ഭക്ഷണവസ്തുക്കൾ ലഭ്യമാക്കുന്നുണ്ടെങ്കിലും അവയിൽനിന്ന് ശരീരത്തിനാവശ്യമായ പേ‍ാഷണ ഘടകങ്ങൾ ലഭിക്കുന്നില്ലെന്ന് ആരേ‍ാഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ധാരാളം ഭക്ഷണം കഴിക്കുന്നവർക്കിടയിലെ കൂടിയ വിളർച്ച ഇതിന് ഉദാഹരണമാണ്. ആരേ‍ാഗ്യവുമായി ബന്ധപ്പെട്ട എല്ലാ സൂചനകങ്ങളിലും കേരളം മറ്റുസംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെങ്കിലും കുട്ടികളുടെയും സ്ത്രീകളുടെയും പേ‍ാഷണക്കുറവിന്റെ കാര്യത്തിൽ പിന്നാക്കാവസ്ഥ നിലനിൽക്കുകയാണ്.

15–49 പ്രായക്കാരിൽ 36.3% പേർക്ക്

വിളർച്ച സാമൂഹിക, സാമ്പത്തിക വ്യത്യാസമില്ലാതെ കാണപ്പെടുന്നുണ്ടെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമ്മാർ എന്നിവരിലാണ് തീവ്രത കൂടുതൽ. ഇതു പരിഹരിക്കാൻ സ്ത്രീകളിലും കുട്ടികളിലും ഹീമേ‍ാഗ്ലേ‍ാബിൻ (എച്ച്പി) അളവ് വർധിപ്പിക്കുകയാണ് ആദ്യ നടപടി.

ദേശീയ സർവേയിൽ 5 മാസത്തിനും 59 മാസത്തിനുമിടയിലുള്ള കുട്ടികൾക്കിടയിൽ വിളർച്ചയുടെ അളവ് 2015ലേതിൽ നിന്ന് 4% വർധനയാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 15 മുതൽ 49 വരെ പ്രായമുള്ളവർക്കിടയിൽ ഈ വർധന 9.4% ആണ്. ഈ വിഭാഗത്തിൽ മെ‍ാത്തം 36.3% പേർക്ക് വിളർച്ചബാധിച്ചതായി സർവേയിൽ പറയുന്നു. ഇതേ പ്രായപരിധിയിലുള്ള പുരുഷന്മാരിൽ 27.4% പേർക്ക് വിളർച്ചയുണ്ട്. കണക്കനുസരിച്ച് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് താരതമ്യേന കൂടുതൽ.

വിളർച്ചയ്‌ക്കെതിരെ പഞ്ചവത്സരപദ്ധതി

വിളർച്ച കുറച്ചുകെ‍ാണ്ടുവരാൻ അഞ്ച് വർഷപദ്ധതിയാണ് ആവിഷ്കരിച്ചിട്ടുളളത്. മൂന്നു വർഷംകെ‍ാണ്ട് ഗർഭിണികൾക്കിടയിൽ 20%, മറ്റ് എല്ലാവിഭാഗത്തിലെയും സ്ത്രീകൾ, കുട്ടികൾക്കുമിടയിൽ 35%വും കുറയ്ക്കണം. നാല് വർഷംകെ‍ാണ്ട് നിലവിലുള്ളതിൽ യഥാക്രമം 40%, 50%വും, അ‍ഞ്ചാം വർഷത്തിൽ പരമാവധി പൂർണമായി പരിഹരിക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. പരമാവധി സ്ഥലത്ത് പരിശേ‍ാധനകൾ, ഭക്ഷണരീതിയെക്കുറിച്ച് ക്ലാസുകൾ, ബേ‍ാധവൽക്കരണം ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ പ്രത്യേക ക്യാംപെയിൻ എന്നിവയും നടത്തും.  

പ്രധാന ലക്ഷണങ്ങൾ

∙ത്വക്ക്, കൺതടങ്ങൾ, നാവ്, മേ‍ാണ, കൈനഖങ്ങൾ, എന്നിവയിൽ വിളർച്ച

∙ക്ഷീണം, തലവേദന, തലക്കറക്കം, തളർച്ച, വിശപ്പില്ലായ്മ, മുടികെ‍ാഴിച്ചിൽ, അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസം, ചെറിയ ജേ‍ാലിചെയ്യുമ്പേ‍ാഴും കിതപ്പ്.

∙കൈവിരലുകളിലെ മുട്ടുകൾക്കും കൈനഖങ്ങൾക്കും ചുറ്റുമുള്ള തെ‍ാലി കറുക്കുക, കാൽപാദങ്ങളിൽ നീര്

ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

∙ ഗർഭിണികളിൽ– ഗർഭം അലസൽ, അകാലപ്രസവം, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം, കുട്ടികളിൽ അംഗവൈകല്യം, അമിതരക്തസ്രാവം, നവജാതശിശുമരണം, ചാപിള്ള ജനനനം, പ്രസവസമയത്തെ മറ്റു സങ്കീർണപ്രശ്നങ്ങൾ

∙ കുട്ടികളിൽ– ഭാരക്കുറവ്, ആരേ‍ാഗ്യമില്ലായ്മ, ബുദ്ധിവികാസത്തിന് തടസം, പഠനത്തിൽ പിന്നാക്കാവസ്ഥ, ഒ‍ാർമശക്തിയില്ലായ്മ

∙ അമ്മമാരിൽ മുലപ്പാലിന്റെ ലഭ്യത തീരെകുറയുക

∙ മറ്റുപെ‍ാതുവായ കാര്യങ്ങൾ– ഉന്മേഷക്കുറവ്, ഉറക്കംതൂങ്ങൽ, കിതപ്പ്, രേ‍ാഗപ്രതിരേ‍ാധശേഷിക്കുറവ്

മാറ്റാനുള്ള പ്രധാന മാർഗം

ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുക, വൈറ്റമിൻ ഗുളികകൾ ഉപയേ‍ാഗിക്കുക, ശരീരത്തിൽ ഇരുമ്പിന്റെ അംശം ഉണ്ടാകാൻ സഹായിക്കുന്ന വൈറ്റമിൻ സി അടങ്ങുന്ന ഭക്ഷണം കഴിക്കുക

ആരേ‍ാഗ്യത്തിനും മുൻഗണന വേണം

മാറിയ ജീവിതസാഹചര്യത്തിനുസരിച്ച്, ഭക്ഷണം തിരഞ്ഞെടുക്കുമ്പേ‍ാൾ പേ‍ാഷണമുള്ളവയുടെ കുറവ്, നിത്യജീവിതത്തിലെ തിരക്കുകൾ, സ്ത്രീകളുടെ ഭക്ഷണകാര്യത്തിൽ വേണ്ടത്രശ്രദ്ധയില്ലായ്മ തുടങ്ങി നിരവധി ഘടകങ്ങൾ അവർക്കിടയിൽ വർധിച്ചുവരുന്ന വിളർച്ചയുടെ കാരണങ്ങളാണ്. വിദ്യഭ്യാസം, ജേ‍ാലി, സമ്പാദ്യത്തിനും നൽകുന്ന മുൻഗണന, ആരേ‍ാഗ്യത്തിന് നൽകാത്ത രീതി മാറിയില്ലെങ്കിൽ ഭാവിയിൽ ഗുരുതരമായ ആരേ‍ാഗ്യ പ്രശ്നങ്ങളുണ്ടായേക്കും.

English Summary: Anemia in Women in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com