ADVERTISEMENT

ചെന്നൈ∙ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് തീരുമാനമെടുത്തതിനു പിന്നാലെ അനുയായികൾക്ക് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രജനി മക്കൾ മൺട്രത്തിൽനിന്ന് രാജിവച്ച് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്നു മറന്നുപോകരുതെന്നും മൺട്രം തിങ്കളാഴ്ച പറഞ്ഞു. 

അതേസമയം, രജനീകാന്തിന്റെ പുതിയ നിലപാട് ബിജെപിക്ക് തിരിച്ചടിയാണ്. മാസങ്ങൾക്കുള്ളിൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള പിന്തുണയ്ക്കായി നീക്കങ്ങൾ നടത്തുകയായിരുന്നു ബിജെപി. അധികാരത്തിലിരിക്കുന്ന എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് രജനിയുടെ പിന്തുണ തമിഴ് മണ്ണിൽ വിലയേറിയതായിരുന്നു. 

രജനി മക്കൾ മൻട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാർ കഴിഞ്ഞ ദിവസം ഡിഎംകെയിൽ ചേർന്നു. എ.ജോസഫ് സ്റ്റാലിൻ (തൂത്തുക്കുടി), കെ.സെന്തിൽ സെൽവാനന്ത് (രാമനാഥപുരം), ആർ.ഗണേശൻ (തേനി) എന്നിവരാണു ഡിഎംകെ അധ്യക്ഷൻ എം.െക.സ്റ്റാലിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്. ജോസഫ് സ്റ്റാലിൻ നേരത്തേ മക്കൾ സേവാ കക്ഷിയെന്ന പേരിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ രാഷ്ട്രീയ പാർട്ടി റജിസ്റ്റർ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാർട്ടി രജനിക്കു വേണ്ടി റജിസ്റ്റർ ചെയ്തതാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ആരോഗ്യം മുൻനിർത്തി രജനീകാന്തെടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നും സാമൂഹിക സേവനത്തിനുള്ള വഴിയെന്ന നിലയിലാണു ഡിഎംകെയിൽ ചേർന്നതെന്നും ജില്ലാ സെക്രട്ടറിമാർ പറഞ്ഞു. മൻട്രത്തിന്റെ ഐടി വിങ് നേതാവ് കെ.ശരവണൻ, രാമനാഥപുരം ജില്ലാ ഡപ്യൂട്ടി സെക്രട്ടറി എ.സെന്തിൽവേൽ, ട്രേഡേഴ്സ് യൂണിയൻ സെക്രട്ടറി എസ്.മുരുഗാനന്ദം എന്നിവരും ഡിഎംകെയിൽ ചേർന്നു.

ബൂത്ത് കമ്മിറ്റി രൂപീകരണമുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം രജനി പിന്മാറിയത് ഒരു വിഭാഗം മൻട്രം ഭാരവാഹികളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ മൻട്രം വിട്ടേക്കുമെന്നാണ് സൂചന.

English Summary: Free To Join Other Parties: Team Rajinikanth As Some Members Move To DMK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com