ADVERTISEMENT

ന്യൂഡൽഹി∙ കർഷക പ്രക്ഷോഭത്തിനു പരിഹാരവഴി തേടി 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താംവട്ട ചർച്ച നടത്താനിരിക്കെ  സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്. സര്‍ക്കാരും കര്‍ഷകസംഘടനകളും സമവായത്തിൽ എത്തണമെന്നും ഏതൊക്കെ വിഷയങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. 

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹി വിഗ്യാൻ ഭവനിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നേതൃത്വത്തിലുള്ള സംഘം കർഷകരുമായി ചർച്ച നടത്തും. സമരത്തിന് ഖലിസ്ഥാൻ ഭീകരർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച്  റജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമരക്കാര്‍ക്ക് എൻഐഎ നോട്ടിസ് നൽകിയതിലുള്ള പ്രതിഷേധം ചർച്ചയിൽ നേതാക്കൾ അറിയിക്കും. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. 

അതിനിടെ കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്ന വിമുക്തഭടന്മാര്‍ സൈനിക യൂണിഫോം ധരിക്കരുതെന്നും  സേനാമെഡലുകള്‍ സമരത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്നും കരസേന നിര്‍ദേശം നല്‍കി. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേർന്നിരുന്നു. സമിതിയംഗങ്ങളായ അനിൽ ഘൻവത്, ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാഠി എന്നിവരാണു യോഗം ചേർന്നത്. കർഷക സംഘടനകളുമായി ഇവർ നാളെ ചർച്ച നടത്തും. 2 മാസത്തിനകം റിപ്പോർട്ട് സുപ്രീം കോടതിക്കു സമർപ്പിക്കും. 

എന്നാൽ, കൃഷി നിയമങ്ങളെ അനുകൂലിക്കുന്നവരുൾപ്പെട്ട സമിതിക്കു മുൻപാകെ ഹാജരാകില്ലെന്നാണ് കർഷകരുടെ നിലപാട്. നിയമങ്ങൾ പിൻവലിക്കുക പ്രായോഗികമല്ലെന്നും ഭേദഗതികളാകാമെന്നുമുള്ള മുൻ നിലപാട് കേന്ദ്രം ആവർത്തിച്ചാൽ, ഇന്നത്തെ ചർച്ചയും വഴിമുട്ടും. ഇതിനിടെ, ചർച്ച അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു.

English Summary: Farm stir has to end, both sides must find way out: RSS gen secy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com