ADVERTISEMENT

പട്‌ന∙ കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഭാര്യ റാബ്രി ദേവിയും മകന്‍ തേജസ്വി യാദവും അദ്ദേഹത്തെ അനുഗമിക്കും. 

റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലുവിന്റെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്നു വ്യാഴാഴ്ചയാണ് അദ്ദേഹത്തെ റിംസില്‍ എത്തിച്ചത്. ലാലുവിനെ ഡല്‍ഹിയിലേക്കു മാറ്റാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. 

പിതാവിന് മികച്ച ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ മികച്ച ചികിത്സ അനിവാര്യമാണ്. ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടു കാണുമെന്നും തേജസ്വി പറഞ്ഞു. വെള്ളിയാഴ്ചയാണ് തേജസ്വി റാഞ്ചിയില്‍ എത്തിയത്. 

ലാലുവിന് മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനം മാത്രമാണെന്നും തേജസ്വി പറഞ്ഞു. ഇപ്പോള്‍ ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും തേജസ്വി അറിയിച്ചു. 

കാലിത്തീറ്റ കുംഭകോണക്കേില്‍ 2017 മുതല്‍ ലാലു ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇതില്‍ കൂടുതല്‍ കാലവും ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് അദ്ദേഹം ചെലവഴിച്ചത്. ബിഹാറില്‍ നാലു പതിറ്റാണ്ടിനിടെ ലാലുവിന്റെ സാന്നിധ്യമില്ലാതെ ആദ്യമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് മകന്‍ തേജസ്വിയാണ്. 

English Summary: Lalu Yadav Likely To Be Shifted To Delhi AIIMS As Health Worsens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com