ADVERTISEMENT

ന്യൂഡൽഹി∙ വിവാദ കൃഷി നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തകിടം മറിക്കാൻ ശ്രമിക്കുന്ന 308 വ്യാജ പാക്കിസ്ഥാൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയോടെയായിരിക്കും റിപ്പബ്ലിക് ദിന പരേഡിനു ശേഷമുള്ള കർഷക റാലിയെന്നും ഡൽഹി ഇന്റലിജൻസ് സ്പെഷൽ പൊലീസ് കമ്മിഷണർ ദീപേന്ദ്ര പഥക് പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകി ട്രാക്ടർ റാലി അട്ടിമറിക്കുക എന്ന സംഘടിത ലക്ഷ്യത്തോടെയാണ് ജനുവരി 13–18 സമയത്ത് മുന്നൂറിലേറെ അക്കൗണ്ടുകളുണ്ടാക്കിയിരിക്കുന്നത്. ‘ട്വിറ്റർ ആക്രമണം’ ലക്ഷ്യമിട്ട് ഈ അക്കൗണ്ടുകളിൽ നിന്ന് സ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നുവെന്നും കണ്ടെത്തി. പൊലീസ് അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്. ഒപ്പം മറ്റു ഏജൻസികളും റിപ്പോർട്ട് നൽകി.

ഏകദേശം 170 കിലോമീറ്ററാണ് റാലിക്കായി കർഷകർക്കു വിട്ടുകൊടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡ് പൂർണമായും അവസാനിച്ചതിനു ശേഷം മാത്രമേ റാലി അനുവദിക്കൂ. ആ സമയത്ത് ബാരിക്കേഡുകളും മറ്റ് സുരക്ഷാസംവിധാനങ്ങളും ഒഴിവാക്കും. സമാധാനപരമായിട്ടായിരിക്കും റാലിയെന്നും ഉറപ്പാക്കും. അതിനായി ഹരിയാന, ഉത്തർപ്രദേശ് പൊലീസുമായും ഡൽഹി പൊലീസ് ചർച്ച നടത്തിയിട്ടുണ്ട്. പരേഡിനെ ഒരു തരത്തിലും റാലി ബാധിക്കില്ല.

INDIA-POLITICS-AGRICULTURE-PROTEST
ഡൽഹി അതിർത്തിയിലെ ഗാസിപുരിൽ കർഷക സമര കേന്ദ്രത്തിൽനിന്നുള്ള കാഴ്ച. ചിത്രം: Sajjad HUSSAIN / AFP

റാലി നടത്തുന്ന റൂട്ടുകളെല്ലാം കൃത്യമായി പരിശോധിച്ചു. സമാധാനപരമായി റാലി നടത്താനുള്ളത്ര ട്രാക്ടറുകളായിരിക്കും അനുവദിക്കുക. സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പഥക് പറഞ്ഞു. സിംഘൂര്‍ അതിര്‍ത്തിയിൽനിന്നായിരിക്കും ഒരു റാലി ആരംഭിക്കുക. 62 കിലോമീറ്റർ സഞ്ചരിച്ച ശേഷം റാലി സിംഘൂരിൽതന്നെ തിരികെയെത്തും. തിക്രി അതിർത്തിയിൽനിന്നും ട്രാക്ടറുകളുമായി കർഷകർ പുറപ്പെടും. ഗാസിപുർ അതിർത്തിയിൽനിന്നും റാലിയുണ്ടാകും. 46 കിലോമീറ്ററാണ് ആ റാലി. റാലിയുടെ റൂട്ട് സംയുക്ത കർഷക മോർച്ച സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ വിവിധയിടങ്ങളിൽ 12,000–13,000 ട്രാക്ടറുകളായിരിക്കും ഉണ്ടാവുക. തിക്രിയിൽ ഏകദേശം 7000–8000, സിംഘുവിൽ 5000, ഗാസിപുരിൽ 1000 എന്നിങ്ങനെയാണു പ്രതീക്ഷിക്കുന്നത്. ഇതു വർധിക്കാനും സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

English Summary: Over 300 Twitter handles generated from Pak to disrupt farmers' tractor rally: Delhi Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com