ADVERTISEMENT

എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് കെ.സി.വേണുഗോപാൽ. ദേശീയ തലത്തിലെ ആരോഹണത്തിലൂടെ കേരളത്തിലെ കോൺഗ്രസിലും വേണുഗോപാൽ അവഗണിക്കാൻ കഴിയാത്ത സ്വാധീന ശക്തിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും എഐസിസിയുടെ പിന്തുണയും മാർഗനിർദേശങ്ങളും ഉറപ്പു വരുത്തുന്നതിൽ ‘കെസി’ പ്രധാന പങ്ക് വഹിക്കുന്നു. നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് നീങ്ങുമ്പോൾ ഹൈക്കമാൻഡ് നിലപാടുകൾ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വേണുഗോപാൽ പങ്കുവയ്ക്കുന്നു.

∙ തദ്ദേശ തിരഞ്ഞടുപ്പിനു ശേഷം ഒട്ടേറെ ചർച്ചകൾ കോൺഗ്രസിൽ നടന്നു. തിരിച്ചറിഞ്ഞ പ്രധാന ദൗർബല്യങ്ങൾ, പോരായ്മകൾ എന്താണ്?

ചില കാര്യങ്ങളിൽ ശക്തമായ ഏകോപനത്തിന്റെ അഭാവമുണ്ടായി. പരിണത പ്രജ്ഞരായ നേതാക്കളാണ് കേരളത്തിലേത്. എന്നാൽ രാഷ്ട്രീയ നിലപാടുകൾ എടുക്കുമ്പോൾ ആവശ്യമായ ഏകോപനത്തിൽ കുറവ് വന്നു. അതു പലപ്പോഴും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ജനങ്ങൾക്കു സ്വീകാര്യരായ ആളുകളെ അവർക്കു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് യഥാർഥ സ്ഥാനാർഥി നിർണയം. ഏതെങ്കിലും ഒരു സ്ഥാനാർഥിയെ നിർത്തി പാർട്ടി ശക്തി കേന്ദ്രങ്ങളിൽ സിപിഎമ്മിനു പോലും ജയിപ്പിക്കാവുന്ന സാഹചര്യമില്ല.

‘ഇവിടെ ഇന്നയാൾ അവിടെ മറ്റേയാൾ ’ എന്ന മുൻധാരണയോടെ പോയാൽ അപകടം ഉണ്ടാകും എന്ന മുന്നറിയിപ്പ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നൽകി. സാധാരണക്കാരുടെ ദൈനംദിനം ജീവിതവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി നിലകൊണ്ടിടത്തെല്ലാം ജയിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ യഥാർഥ അംശങ്ങളിലേയ്ക്ക് പോകണമെന്നും തദ്ദേശഫലം പഠിപ്പിച്ചു. തിരഞ്ഞെടുപ്പാകുമ്പോൾ മാത്രം ജനങ്ങളെ സമീപിച്ചിട്ടു കാര്യമില്ല.

∙ ഏകോപനത്തിലെ അഭാവം എന്നു പറഞ്ഞാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കിടയിലെ ആശയവിനിമയക്കുറവാണോ?

അവർ പ്രധാനപ്പെട്ട നേതാക്കളാണ്. അവരുടെ കാര്യം മാത്രമല്ല. മറ്റുള്ളവരും ഉണ്ടല്ലോ. ഒരാൾ ഒരു കാര്യത്തിൽ അഭിപ്രായം പറയും. അതിന് കടകവിരുദ്ധമായി മറ്റൊരാൾ സംസാരിക്കും. പരസ്പരമുള്ള ചർച്ചകൾ ഇല്ലെന്നല്ല. എന്നാൽ കൂട്ടായ തീരുമാനങ്ങളെടുക്കാനും അതിൽ ഉറച്ചു നിൽക്കാനും കുറച്ചു കൂടി ശക്തമായ സംവിധാനം വേണം.

∙ ഏകോപനത്തിലെ കുറവ് പരിഹരിക്കാൻ വേണ്ടി അല്ലേ ഹൈക്കമാൻഡ് മുൻകൈ എടുത്ത് കേരളത്തിൽ രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്, അതു പരാജയപ്പെട്ടോ?

ശരിയാണ്, ആ സമിതി രൂപീകരിച്ചത് ഏകോപനം ശക്തമാക്കാനും വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്തു യോജിച്ച തീരുമാനം എടുക്കാനുമാണ്. അതു ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു ഘടകമാണ്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തും മറ്റും ചിലപ്പോൾ ഈ സമിതിക്ക് കൂടാൻ കഴിയാതെ വരും.

KC Venugopal
കെ.സി.വേണുഗോപാൽ (ഫയൽ ചിത്രം)

∙ ദേശീയതലത്തിൽ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറിയാണ് താങ്കൾ. ഒരു പട്ടിക തയാറാക്കിയാൽ കേരളത്തിലെ സംഘടന എത്രാം സ്ഥാനത്തു നിൽക്കും?

ആ പട്ടികയിൽ മോശമല്ലാത്ത നിലയാണ് നമുക്കുള്ളത്. നല്ല സംഘടനാ സംവിധാനമുള്ള സ്ഥലങ്ങളിൽ ഒന്നു തന്നെയാണ് കേരളം. കർണാടകം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം മികച്ച സംഘടനാ സംവിധാനം കോൺഗ്രസിനുണ്ട്.

∙ ആ മെച്ചം കാത്തു സൂക്ഷിക്കുന്നതിൽ സമീപകാലത്തു കെപിസിസിക്കു പോരായ്മ വന്നോ?

കാലഘട്ടം മാറുന്നത് അനുസരിച്ച് രീതികളും മാറേണ്ടിവരും. പരമ്പരാഗത സംഘടനാ ശൈലി കൊണ്ട് ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ കഴിയില്ല. ആ നവീകരണത്തിന്റെ അഭാവം പല രംഗത്തും നമ്മെ അലട്ടുന്നുണ്ട്. ഒരു പാട് കാലം ഞാൻ ഒരേ പദവിയിൽ ഇരുന്നാൽ എന്തു പുതുമയാണ് എനിക്കു സാധിക്കുക! ഒരു പദവിയിൽനിന്ന് മാറാൻ ഒരാൾ ആഗ്രഹിച്ചാൽ പോലും അതു നടക്കാത്ത അവസ്ഥ കോൺഗ്രസിലുണ്ട്.

∙ തദ്ദേശ തിരിച്ചടി കണക്കിലെടുക്കുമ്പോൾ നിയമസഭാ തിരഞ്ഞടുപ്പിലെ പ്രതീക്ഷ മങ്ങിയില്ലേ?

കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പിനും ഓരോ പാറ്റേൺ ഉണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും ജയിക്കുന്ന രീതി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകണം എന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതു എന്നതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കണമെന്നുമില്ല.

കേരളത്തിലെ സർക്കാരിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതക്കുറവുണ്ട്. യുഡിഎഫ് തിരിച്ചുവരാനുളള പൂ‍ർണ സാധ്യത കാണുന്നയാളാണ് ‍ഞാൻ. പക്ഷേ, ചില പോരായ്മകൾ തിരുത്തിയാലെ തിരിച്ചുവരവ് ഭദ്രമാക്കാൻ കഴിയൂ. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

∙ കേരളത്തിലെ ഗ്രൂപ്പ് കിട മത്സരം പരിധികൾ ലംഘിക്കുന്നോ? നിയമസഭാ തിരഞ്ഞെടുപ്പിലും അതു ദോഷം ചെയ്യില്ലേ?

ഈ തിരഞ്ഞെടുപ്പിൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. കേരളത്തിലെ ഗ്രൂപ്പ് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. പക്ഷേ, പാർട്ടി ശക്തമായാലേ ഗ്രൂപ്പിനു പ്രസക്തിയുള്ളൂ. പാർട്ടിയെ പോലും തകർക്കുന്ന ഗ്രൂപ്പുമായി മുന്നോട്ടു പോയാൽ അതു ഗ്രൂപ്പിന്റെ നിലനിൽപ്പിനെ കൂടിയാണ് ബാധിക്കുന്നത്.

എല്ലാവരും അതു മനസ്സിലാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. ഇനിയും വഴക്കിട്ട് പിടിച്ച് ഓരോന്നും ചെയ്യുമ്പോൾ, ചുവരുണ്ടെങ്കിൽ അല്ലേ ചിത്രമെഴുതാൻ കഴിയൂ എന്നു കൂടി ഓർക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് തീവ്രത പറ്റില്ലെന്ന് എല്ലാവരും തീരുമാനിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

KC Venugopal
കെ.സി.വേണുഗോപാൽ (ഫയൽ ചിത്രം)

∙ പക്ഷേ, സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് താൽപ്പര്യങ്ങൾ കടന്നുവരില്ലേ?

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമായ നിർദേശം നൽകിക്കഴി‍ഞ്ഞു. ഗ്രൂപ്പിന്റെ പേരു പറഞ്ഞ്, അവരുടെ ഒരു നോമിനി സ്ഥാനാർഥിയെ നിർത്തിയാൽ ജനം ജയിപ്പിക്കാൻ പോകുന്നില്ല. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ ആ പാർട്ടിയെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല. ഗ്രൂപ്പുകളെ ഒന്നും ഭസ്മീകരിക്കാൻ ആരും ഉദ്ദേശിക്കുന്നില്ല.

ഞാനടക്കം അതിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. അതിൽനിന്നു മാറിനിന്നു കുറ്റം പറയുകയല്ല. പക്ഷേ, കാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കോൺഗ്രസും യുഡിഎഫും ജയിക്കുക എന്നതാണ്. അവിടെ ‘ഈ സീറ്റ് എന്റെയാണ്, അവിടെ ‍ഞാൻ പറയുന്നയാളെ മാത്രമേ സ്ഥാനാർഥിയാക്കാൻ പറ്റൂ’ എന്ന് ആരു പറഞ്ഞാലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല.

∙ അപ്പോൾ നേതാക്കളോടുള്ള കൂറല്ല സ്ഥാനാർഥിത്വത്തിനുള്ള വഴി എന്നു ചുരുക്കം?

അതെ. ജനസ്വാധീനമാണ് മാനദണ്ഡം. തിരഞ്ഞെടുപ്പി‍ൽ മത്സരിക്കുക എന്നത് ആരുടെയും ജന്മാവകാശമല്ല. ‘ഞാൻ സ്ഥാനാർഥി ആയാൽ ആ സീറ്റ് പാർട്ടിക്കു വേണ്ടി പിടിച്ചു കൊടുക്കാൻ കഴിയുമോ’എന്നു സീറ്റ് ആഗ്രഹിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കണം. സ്ഥാനാർഥിത്വം നൽകുമ്പോൾ പാർട്ടി നമ്മളിൽ വിശ്വാസം അർപ്പിക്കുകയാണ്. അതിന് അനുസരിച്ച് ഉയരാൻ കഴിയുമോ എന്നു സ്വയം വിലയിരുത്തണം.

തുടരെ മത്സരിക്കുന്നതും ജയിക്കുന്നതും ഒരു കുഴപ്പമായി കാണുന്നില്ല. പക്ഷേ ഒപ്പം പുതിയ മുഖങ്ങളെ ജനം ആഗ്രഹിക്കുന്നു. സ്ത്രീകൾ കൂടുതലായി സ്ഥാനാർഥിത്വത്തിൽ വേണം. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകൾ അഗീകരിക്കുന്ന സ്ഥാനാർഥി നിർണയം ഉണ്ടാകും എന്നതി‍ൽ സംശയം വേണ്ട.

വിജയസാധ്യതയുള്ള ചെറുപ്പക്കാർക്കു നല്ല പ്രാതിനിധ്യം ഉണ്ടാകും. അങ്ങനെ ഉള്ളവരെ നിർത്തുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നിൽ നേതാക്കൾ ഉറപ്പ് നൽകിക്കഴിഞ്ഞു. ഫെബ്രുവരിയിൽ തന്നെ സ്ഥാനാർഥി നിർണയം നടത്താനാണ് ശ്രമം.‌

∙ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ താങ്കളാണ് അണിയറയിൽ ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് എന്നു പറഞ്ഞാൽ?

അങ്ങനെയില്ല. സാധാരണ കെഎസ്‌യു പ്രവർത്തകനായി ഇവിടെ തുടങ്ങിയതാണ് എന്റെ പൊതു ജീവിതം. എതു പദവിയിൽ എത്തിയാലും എന്റെ നാട്ടിലെ പാർട്ടിക്കു വേണ്ടി സംഭാവനകൾക്കു കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തു കാര്യം? സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നതിനെല്ലാം അപ്പുറത്ത്, കേരളത്തിൽ യുഡിഎഫിനു ജയിക്കാൻ എന്നെക്കൊണ്ട് കഴിയാവുന്നതു ചെയ്യുന്നു എന്നതു മാത്രമേയുള്ളൂ.

PTI8_10_2019_000026B
കെ.സി.വേണുഗോപാൽ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

∙ നാലു തവണ മത്സരിച്ചവർ മാറി നിൽക്കണം എന്ന അഭിപ്രായം യൂത്ത് കോൺഗ്രസും മറ്റും പങ്കുവയ്ക്കുന്നുണ്ടല്ലോ?

സിപിഎമ്മിനെ പോലെ കടുത്ത നിബന്ധനകളൊന്നും കോൺഗ്രസിൽ‍ പ്രായോഗികമല്ല. തുടർച്ചയായി ജയിക്കുന്നത് അയോഗ്യതയല്ല. പക്ഷേ, പറ്റാവുന്ന തലങ്ങളിൽ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുക എന്ന ആശയം എല്ലാവരും ഉൾക്കൊള്ളണം.

∙ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിനെതിരെ സിപിഎം രംഗത്തു വന്നു. കെപിസിസിയെ കാഴ്ചബംഗ്ലാവാക്കി അതിനു മുകളിൽ പത്തംഗസമിതിയെ അടിച്ചേൽപ്പിച്ചു എന്നാണല്ലോ ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ആരോപിച്ചത്?

അവരുടെ വിഭ്രാന്തിയിൽനിന്ന് ഉണ്ടാകുന്ന ബാലിശമായ ആരോപണമാണ്. കോൺഗ്രസിന്റെ അനൈക്യം മുതലെടുത്ത് ജയിക്കുന്ന രീതി തുടരാൻ കഴിയില്ലെന്ന് അവർ ആശങ്കപ്പെടുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കുന്നത് അവർക്കു സഹിക്കാൻ കഴിയുന്നില്ല.

ആ അപകട ഭീഷണിയുടെ അസ്വസ്ഥതയാണ് അവർ പ്രകടിപ്പിക്കുന്നത്. ഇവിടെ നടന്ന എല്ലാ യോഗങ്ങളിലും അധ്യക്ഷത വഹിച്ചത് കെപിസിസി പ്രസിഡന്റാണ്. ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ മാറ്റി നിർത്തിയാൽ സമിതിയിലെ എല്ലാവരും കേരളത്തിൽ ഉള്ളവരാണ്.

∙ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ചു വർഷം പ്രവർത്തിച്ച ശേഷം തിരഞ്ഞെടുപ്പായപ്പോൾ ചെന്നിത്തലയ്ക്കു പകരം ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നു എന്ന പ്രചാരണത്തെ എങ്ങനെയാണ് കാണുന്നത്?

തീർത്തും തെറ്റിദ്ധാരണാജനകമായ ആക്ഷേപമാണ് അത്. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതൃസ്ഥാനം നിയമസഭയ്ക്ക് അകത്തും പുറത്തും വിജയകരമായി നിർവഹിച്ച ആളാണ് രമേശ് ചെന്നിത്തല. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നി‍ർണായകമായ നേതൃത്വം അദ്ദേഹം വഹിച്ചു. ഒരാളും അതു കുറച്ചു കാണില്ല. അതേസമയം ഉമ്മൻ ചാണ്ടിയുടെ ജനകീയതയും കോൺഗ്രസ് അംഗീകരിക്കുന്നു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയതിനാൽ കേരള രാഷ്ട്രീയത്തിൽ ഒരു ഗ്യാപ് അദ്ദേഹത്തിനുണ്ടായി.

ഇവിടെ തിരഞ്ഞെടുപ്പാകുമ്പോൾ കേരളത്തിലെ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉമ്മൻചാണ്ടി കൂടി ഉണ്ടാകണം എന്നു കോൺഗ്രസ് ആഗ്രഹിക്കുന്നതിൽ രമേശ് ചെന്നിത്തലയെ എങ്ങനെയാണ് താഴ്ത്തിയത്? അവർക്കിടയിൽ തർക്കം ഉണ്ടാക്കുക എന്നതു സിപിഎമ്മിന്റെയും ബിജെപിയുടെയും അജൻഡയാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് പ്രവർത്തിക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്.

രമേശ് പ്രതിപക്ഷ നേതാവായി തുടരുന്നു, ഉമ്മൻ ചാണ്ടിയെ ഒരു സമിതിയുടെ അധ്യക്ഷനായി വച്ചു. ഇനിയും പല സമിതികളും വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ പാർലമെന്റ് തിര‍ഞ്ഞെടുപ്പിലും പല സമിതികളുണ്ടായിരുന്നു. അതിൽ ഞങ്ങളെല്ലാം അംഗങ്ങളായിരുന്നു. ഈഗോ ഇളക്കി വിട്ട് കോ‍ൺഗ്രസിനെ ഭിന്നിപ്പിക്കാമോ എന്ന ഗവേഷണമാണ് നടക്കുന്നത്.

∙ ആ ഗവേഷണത്തിൽ നേതാക്കൾ വീണു പോയാലോ?

ഒരിക്കലുമില്ല. അവരെല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമല്ലേ. ആരും അടിച്ചേൽപ്പിച്ചതല്ല. ഒരു നേതാവിനെയും ചെറുതാക്കാൻ എടുത്ത തീരുമാനമല്ലല്ലോ. യോജിച്ച പ്രവർത്തനം നടത്തി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങളിൽ ഒന്നു മാത്രമാണ് ആ സമിതി.

∙ ജയിച്ചാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, നിയമസഭാ കക്ഷി തീരുമാനിക്കും എന്നെല്ലാം ഉള്ള വ്യത്യസ്താഭിപ്രായങ്ങൾ വരുന്നുണ്ട്. യഥാർഥത്തിൽ എങ്ങനെ?

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു കോൺഗ്രസിന് കൃത്യമായ രീതികളുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ പ്രക്രിയ ഹൈക്കമാൻ‍ഡ് വ്യക്തമാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞേ അതു തീരുമാനിക്കൂ.

∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിന് അനുമതിയുണ്ടോ?

sachin-pilot-kc-venugopal-ashok-gehlot
സച്ചിൻ പൈലറ്റ്, കെ.സി.വേണുഗോപാൽ, അശോക് ഗെലോട്ട് (ഫയൽ ചിത്രം)

അങ്ങനെ ഒരു ചർച്ചയേ നടന്നിട്ടില്ല. ചില മാധ്യമങ്ങളിൽ വന്നതാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പോലും പൂർത്തീകരിച്ചിട്ടില്ലല്ലോ.

∙ പ്രസിഡന്റ് മത്സരിക്കുക എന്നത് നയപരമായ തീരുമാനമാണ്. അദ്ദേഹത്തിനു തടസ്സമില്ല എന്ന സൂചന കേന്ദ്ര നേതാക്കളിൽ ചിലർ നൽകിയിരുന്നല്ലോ?

ഞങ്ങളാരും അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. വന്നതെല്ലാം വാർത്തകൾ മാത്രമാണ്. സ്ഥാനാർഥി നിർണയത്തിന്റെ സമയം വരുമ്പോൾ അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കും.

∙ കെ.സി.വേണുഗോപാൽ ഇവിടെ ഒത്തുതീർപ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയാണോ?

അല്ല. ഞാനും കൂടി കയറി വന്ന് ആശയക്കുഴപ്പം ഉണ്ടാക്കുകയല്ല ഉദ്ദേശിക്കുന്നത്. എനിക്ക് പാർട്ടി ഒരു ഉത്തരവാദിത്തം തന്നിട്ടുണ്ട്. എല്ലാത്തിനും ഞാൻ കോൺഗ്രസിനോട് കടപ്പെട്ടിരിക്കുന്നു. എന്റെ പാർട്ടിക്കു തിരിച്ചു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്.

കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുക എന്ന ആ ധർമം നിർവഹിക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിൽ ആഗ്രഹമോ മോഹമോ ആയിട്ടു നടക്കുന്ന ഒരാളായി എന്നെ കണക്കിലെടുക്കേണ്ട.

∙ ഫണ്ട് കേരളത്തിലെ ഒരു പ്രശ്നമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അതിന്റെ കുറവ് പാർട്ടിയെ കാര്യമായി അലട്ടി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിരീക്ഷക റോൾ ആ നിലയ്ക്കും സഹായകരമാകുമോ?

മറ്റു പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ദാരിദ്ര്യം അനുഭവിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കേരളത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് അശോക് ഗെലോട്ടിനെ പോലെ ഉന്നതനായ നേതാവിനെ  ഇവിടേയ്ക്കു നിയോഗിച്ചത്. അല്ലാതെ ഫണ്ട് ലക്ഷ്യമിട്ടല്ല. സാമ്പത്തികമായ പ്രശ്നങ്ങൾ ജനങ്ങളുടെ പിന്തുണയോടെ പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

∙ രാഹുൽ ഗാന്ധി എംപി ആയ സംസ്ഥാനത്തു നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കെപിസിസിയുടെ ഉത്തരവാദിത്തം വർധിച്ചു എന്നു ഗെലോട്ട് പറഞ്ഞു. രാഹുൽ പ്രചാരണത്തിൽ ഇവിടെ കേന്ദ്രീകരിക്കുമോ?

അക്കാര്യത്തിൽ ചില പ്രാരംഭ ചർച്ചകളാണ് നടന്നത്. രാഹുൽ ഗാന്ധി സജീവമായി എന്തായാലും ഉണ്ടാകും.

∙ കെ.വി.തോമസിന് കെപിസിസി വർക്കിങ് പ്രസിഡന്റ് പദവി നൽകുമോ?

അങ്ങനെ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. അദ്ദേഹവും ആവശ്യപ്പെട്ടിട്ടില്ല. അനാവശ്യമായ ചില വാർത്തകൾ പടച്ചു വിടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് നേതൃത്വവുമായി നല്ല ബന്ധം അദ്ദേഹത്തിനുണ്ട്. കെ.വി.തോമസിനെപ്പോലെ ഒരു നേതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ കേൾക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

∙ സംഘടനാ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിന് അതു വഴിവയ്ക്കുമോ? ദേശീയതലത്തിൽ പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണല്ലോ?

രാഹുൽ ഗാന്ധി പ്രസിഡന്റ് പദത്തിലേയ്ക്ക് പത്രിക നൽകുമ്പോൾ മാത്രമേ അക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. എന്നാൽ തമിഴ്നാട്ടിൽ മൂന്നു ദിവസത്തെ പര്യടനം അദ്ദേഹം ആരംഭിക്കുകയാണ്. കേരളത്തിൽ അതിനുശേഷം വരും. ഈ തിരഞ്ഞെടുപ്പിലെ താര പ്രചാരകൻ രാഹുൽജി തന്നെയാണ്. കോൺഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് വരണമോ എന്നത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്.

സംഘടനാ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ഏകകണ്ഠമായാണ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തണോ രണ്ടായി നടത്തണോ എന്നെല്ലാം ഉള്ള സാങ്കേതികത്വത്തെക്കുറിച്ച് ചില അഭിപ്രായങ്ങൾ പ്രവർത്തക സമിതിയിൽ വന്നിരുന്നു. അതിന് അപ്പുറം ഒന്നുമില്ല. പാർട്ടിക്ക് അകത്ത് അഭിപ്രായം പറയുന്നത് തെറ്റല്ലല്ലോ?

∙ കേരള കാര്യങ്ങളിൽ ശുഭപ്രതീക്ഷയാണ് താങ്കൾ പങ്കുവച്ചത്. ഒടുവിൽ കാര്യത്തോട് അടുക്കുമ്പോൾ കോൺഗ്രസിന്റെ പതിവ് രീതി ആകില്ലേ?

ഇപ്രാവശ്യം നേതാക്കൾ തന്നെ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളും മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങൾ പ്രതീക്ഷിക്കുന്നതിന് അനുസരിച്ച് ഉയരുക എന്നതാണ് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമുള്ള നേതാക്കൾ ചെയ്യേണ്ടത്. അതു ഞങ്ങളെല്ലാം തിരിച്ചറിയുന്നു.

English Summary: AICC General Secretary KC Venugopal on Kerala Politics and Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com