ADVERTISEMENT

കൊച്ചി∙ കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ ലഹരി ഉപയോഗിച്ചതു വീട്ടിൽ പറഞ്ഞതിനു യുവാവിനെ മർദിച്ച സംഘത്തിൽ ഒരാൾ ആത്മഹത്യ ചെയ്തതിനു പിന്നാലെ പൊലീസിനെതിരായ വികാരം ഉയർത്താൻ ശ്രമം. പൊലീസ് ഇവരെ മർദിച്ചെന്നും ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച വാർത്ത വന്നതോടെ സ്റ്റേഷനിൽ സംഘം ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. ‘പട്ടിണിക്കിട്ടു പോലും, ‍ഞങ്ങളുടെ എസ്എച്ച്ഒ പോക്കറ്റിൽനിന്നു കാശ് കൊടുത്തു ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു.. എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും’ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. 

പൊലീസ് സ്റ്റേഷനിൽ പ്രതികളെ നിരത്തി നിർത്തി ഫോട്ടോ എടുത്തെന്നും ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നുമായിരുന്നു ആദ്യ പ്രചാരണം. ഔദ്യോഗികമായി പൊലീസ് പടമെടുത്തതല്ലാതെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല എന്നു വ്യക്തമായതോടെ മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പട്ടിണിക്കിട്ടെന്നുമായി പ്രചാരണം. അതേസമയം, സംഘത്തിലെ ഒരാളെ പോലും മർദിച്ചിട്ടില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഇവരോടു സംസാരിച്ചതെന്നും കളമശേരി സിഐ സന്തോഷ് മനോരമ ഓൺലൈനോടു പറഞ്ഞു. അക്രമി സംഘത്തിലെ കുട്ടികളിൽ ഒരാളുടെ ബന്ധുവാണ് പൊലീസ് മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

സഹപാഠിയായ വിദ്യാർഥി ആക്രമണത്തിന് ഇരയായി തൊട്ടടുത്ത ദിവസം അക്രമിക്കപ്പെട്ട കുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ ഇവരോടു ചോദിക്കാൻ എത്തിയത് അടിപിടിയിൽ കലാശിച്ചിരുന്നു. വിഡിയോ ദൃശ്യങ്ങൾ കണ്ട നാട്ടുകാരും ഇവർ‍ക്കുനേരെ തിരിഞ്ഞിരുന്നു. സഹോദരനും ഇവരും തമ്മിലുള്ള അടിപിടിയെക്കുറിച്ച് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിൽ സംഘത്തെ എത്തിച്ചശേഷമാണ് മർദന വിവരം പൊലീസ് അറിയുന്നതും വിഡിയോ കാണുന്നതും. ഇവരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. നാട്ടുകാർ ഈ സമയവും പ്രതികൾക്ക് എതിരെ ആയിരുന്നതിനാൽ രാത്രി മുഴുവൻ രണ്ടു പൊലീസുകാരെ ഇവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതായും സിഐ സന്തോഷ് പറഞ്ഞു. 

അതേസമയം നാട്ടുകാരുടെ പ്രതിഷേധം മനസിലാക്കി ബന്ധുക്കൾ ആത്മഹത്യ ചെയ്ത കുട്ടിയെ മറ്റൊരു ബന്ധു വീട്ടിലേക്കു മാറ്റിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് താമസിച്ചിരുന്ന സ്ഥലത്തെ ആളുകളും എതിരായതോടെ ഇന്നലെ രാത്രി പിതാവ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. നാട്ടുകാർ ആക്രമിക്കുമെന്ന ഭീതിയുണ്ടായിരുന്നത് പിതാവിനോടു പങ്കുവച്ചതായും പറയുന്നു. തുടർന്ന് ഇന്നു രാവിലെ എട്ടരയോടെ മൂത്രമൊഴിക്കാൻ ബാത്തുറൂമിൽ കയറി തൂങ്ങുകയായിരുന്നത്രെ. സംശയം തോന്നി മാതാവ് വാതിൽ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ പിതാവെത്തി കാലിൽ ഉയർത്തിപ്പിടിച്ചു രക്ഷപെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

English Summary: Accused found hanging at home in Kalamassery over minor boy attack case - follow-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com