ADVERTISEMENT

പാലക്കാട്∙ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് പത്ത് വർഷം പിന്നിടുന്നു. മലബാർ സിമന്റിലെ അഴിമതി കേസുകളിൽ കാര്യമായ അന്വേഷണ പുരോഗതി ഇനിയും ഉണ്ടായിട്ടില്ല. അഭിഭാഷകരുടെ കൂട്ടായ്മ ഉണ്ടാക്കി കേസുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. 

വി. ശശിന്ദ്രനെയും വിവേക്, വ്യാസ് എന്നീ മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലബാർ സിമന്റ്സിലെ അഴിമതികൾ പുറത്ത് വരാതിരിക്കാൻ ശശീന്ദ്രനെയും മക്കളെയും കൊലപെടുത്തി എന്നായിരുന്നു ആരോപണം. സിബിഐ ആത്മഹത്യയാണെന്ന് റിപ്പോർട്ട് നൽകിയെങ്കിലും ഇപ്പോഴും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് ശശീന്ദ്രന്റെ കുടുംബം.

മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പോരാട്ടം നടത്തിയ വി.ശശീന്ദ്രന്റെ പിതാവ് കെ.വേലായുധൻ 92–ാം വയസ്സിൽ കഴിഞ്ഞ ഒക്ടോബറിലാണ് മരിച്ചത്. മകന്റെയും പേരക്കുട്ടികളുടെയും മരണത്തിനു പിന്നിലെ സത്യങ്ങൾ അറിയണമെന്ന വാശിയോടെയാണ് ഈ അച്ഛൻ ജീവിച്ചതത്രയും. 

ഇതിനൊപ്പം വിവിധ കാലങ്ങളിൽ കണ്ടെത്തിയിട്ടുള്ള മലബാർ സിമന്റ്സിലെ അഴിമതി കേസുകളിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. പന്ത്രണ്ട് കേസുകളാണുള്ളത്. കേസ് നടത്തിപ്പ് വേഗത്തിലാക്കാൻ കൊല്ലങ്കോട് ചേർന്ന യോഗം തീരുമാനിച്ചു. കൊല്ലങ്കോട് ശശീന്ദ്രന്റെ തറവാട് വീട്ടിൽ അനുസ്മരണ യോഗവും നെന്മേനിയിൽ പൊതുസമ്മേളനവും ജനകീയ വിചാരണയും നടന്നു.

കേസിന്റെ ചരിത്രം

ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാർച്ച് 19നു സിബിഐ അറസ്റ്റു ചെയ്തു. 

മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപു കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സിബിഐയുടെ കണ്ടെത്തൽ. കുറ്റപത്രം രണ്ടു തവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബർ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയിൽ, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ സനൽകുമാർ ഹൈക്കോടതിയെ സമീപിച്ചു.

English Summary: Malabar Cements corruption case: 10 yrs after death, whistleblower's kin seeks justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com