ADVERTISEMENT

ചെന്നൈ∙ തങ്ങളുടെ സംസ്ഥാനം മതേതരമായി നിലനില്‍ക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു കാരണവശാലും അവര്‍ ബിജെപി അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍.

വികസനത്തിന്റെ പേരു പറഞ്ഞ് ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തുനിന്ന് തമിഴിനെ തുടച്ചുനീക്കാന്‍ ബിജെപി ശ്രമിക്കുമെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും ഒരുമിച്ചു മത്സരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

രാഷ്ട്രീയനേട്ടത്തിനായി തിരുവള്ളുവരെ വരെ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ആര്‍എസ്എസും. അദ്ദേഹത്തിനു കാവി നിറം കൊടുക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദിയും സംസ്‌കൃതവും പ്രചാരത്തിലാക്കി തമിഴ് ഒഴിവാക്കാനും അവര്‍ ശ്രമിക്കും. ഇതെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ബിജെപിയെ പുറന്തള്ളുമെന്നു സ്റ്റാലിന്‍ പറഞ്ഞു. 

കോവിഡ് കാലത്തെ വില വര്‍ധനയും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ വിഷയങ്ങളാകും. ഡീസലിന്റെയും പെട്രോളിന്റെയും വില ഓരോ ദിവസവും വര്‍ധിക്കുകയാണ്. വില നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊന്നും ചെയ്യുന്നില്ല. സംസ്ഥാനത്താകെ 16,000 ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പെടെ ആവേശത്തോടെയാണ് പരിപാടികള്‍ക്ക് എത്തുന്നത്. 

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനും കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. വിളനാശത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസവും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ മാറണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ഏതെങ്കിലും തരത്തില്‍ കര്‍ഷകസമരം അവസാനിപ്പിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. പലതരം വാഗ്ദാനങ്ങള്‍ നല്‍കിയ കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള നീക്കമാണു നടത്തുന്നത്. എന്നാല്‍ കര്‍ഷക സംഘടനകള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ശശികലയുടെ മോചനം എഐഎഡിഎംകെയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. അവരുടെ ആരോഗ്യനില മെച്ചപ്പെടട്ടെ എന്നു മാത്രമാണു പറയാന്‍ ആഗ്രഹിക്കുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 

ജയലളിതയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അണ്ണാദുരൈയും എംജിആറും മുഖ്യമന്ത്രിമാരായിരിക്കുമ്പോഴാണ് മരിച്ചത്. അവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമായിരുന്നു. എന്നാല്‍ ജയലളിതയുടെ കാര്യത്തില്‍ അതുണ്ടായില്ല. ഡിഎംകെ അധികാരത്തിലെത്തിയാല്‍ അന്വേഷണം പുനരാരംഭിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

English Summary: People of Tamil Nadu want the state to remain secular says MK Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com