ADVERTISEMENT

ചിറ്റൂർ ∙ ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയതിൽ ദുരൂഹത തുടരുന്നു. അച്ഛനും അമ്മയും ചേർന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഞായറാഴ്ചയാണ് ഇരുവരെയും കൊന്നത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെൺമക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയശേഷം പിന്നീടു ഡംബൽ കൊണ്ടു മർദിച്ചെന്നുമാണു കേസ്. ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എ.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്.

പ്രതിയുടെ ഭർത്താവ് പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്. അയൽവാസികൾ അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഇരട്ട കൊലപാതകം നടന്ന സാഹചര്യങ്ങൾ കുടുംബത്തിന്റെ നിഗൂഢതകളിലേക്കു വിരൽ ചൂണ്ടുന്നതായി പൊലീസ് സൂചിപ്പിച്ചു.

വസ്തുതർക്ക സാധ്യതയും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെൺമക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്ന് ഇവർ പറഞ്ഞതായാണു വിവരം. മക്കളെ പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്ന് ഇവർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

‘ഞങ്ങൾ അവരെ രണ്ടുപേരെയും നിരീക്ഷിക്കുകയാണ്. മാനസിക പ്രശ്നങ്ങൾക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്നു പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. കൊലപാതകത്തിൽ പ്രതിയുടെ ഭർത്താവിന്റെ പങ്കും പരിശോധിക്കുകയാണ്’– ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രവി മനോഹർ ആചാരി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചു.

English Summary: Madanapalle double murder: Police looking into possible occult practices by the family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com