ADVERTISEMENT

ചിറ്റൂര്‍∙ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് മാതാപിതാക്കള്‍. പൊലീസിനെ വലയ്ക്കുന്ന മൊഴികളാണ് ദമ്പതിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പദ്മജ നല്‍കിയിരിക്കുന്ന മൊഴി.

തുടര്‍ന്ന് സായിയുടെ ആത്മാവിനോടു ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പദ്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു. 

എന്നാല്‍ പൊലീസ് ഇതു വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല. മാതാപിതാക്കളുടെ മാനസികനില പരിശോധിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. പുനര്‍ജന്മ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പിജി വിദ്യാര്‍ഥിയായ അലേഖ്യ (27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ (22) എന്നിവര്‍ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളായ പുരുഷോത്തം നായിഡു, പദ്മജ എന്നിവരെ അറസ്റ്റ് ചെയ്തു. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് വീട്ടിലെത്തുമ്പോള്‍ വാതിലില്‍ തടഞ്ഞ പദ്മജ, തിങ്കളാഴ്ച വരെ പുനര്‍ജനിക്കാന്‍ സമയം അനുവദിക്കണമെന്നാണ് പൊലീസിനോടു പറഞ്ഞത്. രക്തത്തില്‍ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം. 'ഇന്നൊരു ദിവസം അവര്‍ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളില്‍ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?'- എന്നാണു പദ്മജ ചോദിച്ചത്. പുജാമുറിയിലേക്കു നമസ്‌കരിക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്. 

1200-chittor-death

ഞായറാഴ്ച പുരുഷോത്തം ഒരു സുഹൃത്തിനോടു ഫോണില്‍ വീട്ടില്‍ നടന്ന കാര്യങ്ങള്‍ അറിയിച്ചുവെന്നും അദ്ദേഹമാണ് പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചതെന്നുമാണു പൊലീസ് പറഞ്ഞത്. ദമ്പതിമാര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തികഞ്ഞ അന്ധവിശ്വാസികള്‍ ആയതിനാല്‍ മക്കളെ തങ്ങള്‍ കൊന്നുവെന്ന് അവര്‍ വിശ്വസിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. മക്കളുടെ അന്ത്യകര്‍മം ചെയ്യാന്‍ പൊലീസ് കഴിഞ്ഞ ദിവസം പുരുഷോത്തം നായിഡുവിന് അനുമതി നല്‍കിയിരുന്നു. 

പുനര്‍ജന്മത്തെക്കുറിച്ചും മറ്റും പറഞ്ഞ് പെണ്‍മക്കളെ മാതാപിതാക്കള്‍ ബ്രെയിന്‍വാഷ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. 

പൂജയെ കുറിച്ച് പെണ്‍കുട്ടികള്‍ക്കും അറിയാമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും  പെണ്‍കുട്ടികളില്‍ ഒരാള്‍ പങ്കുവച്ച പോസ്റ്റുകള്‍ ഏറെ ദുരൂഹത നിറഞ്ഞതാണ്. സഹോദരിമാരുടെ പെരുമാറ്റത്തില്‍ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്. വീട്ടിലെ പൂജയും മന്ത്രവാദത്തെ കുറിച്ചും ഇവര്‍ക്കും അറിയാമായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പുനര്‍ജനിക്കാനായി പെണ്‍കുട്ടികളെ കൊന്ന ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്പതികളില്‍ പുരുഷോത്തം നായിഡുവാണ് സാധാരണ നില കൈവരിച്ച് കാര്യങ്ങള്‍ വിശദമായി പൊലീസിനോടു വിവരിച്ചത്. ഇതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാല്‍ കലിയുഗം അവസാനിച്ച് സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സര്‍വ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസമെന്നും കരുതുന്നു. ഒരു മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ദമ്പതിമാര്‍ കൊടുംക്രൂരത ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

English Summary: Andhra couple says daughter killed sister, then begged us kill her so she could 'reunite'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com