ADVERTISEMENT

ന്യൂഡൽഹി ∙ തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ വേറെയില്ലെന്ന് അവകാശപ്പെട്ട ബോളിവുഡ് നടി കങ്കണ റനൗട്ടിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കങ്കണ നായികയായ ‘മണികർണിക: ദ് ക്യൂൻ ഓഫ് ഝാൻസി’ എന്ന സിനിമയുടെ ചിത്രീകരണ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണു വിമർശനം. ഈ ട്വീറ്റ് ട്രോൾ വിഡിയോ വൈറലുമായി.

‘ഝാൻസ കാ റാണി’ (തട്ടിപ്പിന്റെ റാണി) എന്ന കുറിപ്പോടെയാണു പ്രശാന്ത് ഭൂഷൺ 13 സെക്കൻഡുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെളുത്ത കുതിരപ്പുറത്തിരുന്നു വാളുയർത്തി ഭടന്മാരോടൊപ്പം കുതിക്കുന്ന രംഗമാണു വിഡിയോയുടെ തുടക്കത്തിൽ. അവസാന ഭാഗത്തെത്തുമ്പോൾ യഥാർഥ കുതിരയെയല്ല കങ്കണ തെളിച്ചതെന്നും അതേ വലുപ്പമുള്ള ഒരിടത്തുറപ്പിച്ച യന്ത്രപ്പാവയിലാണ് ഇരുന്നതെന്നും വ്യക്തമാകുന്നു.

തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കാൻ സാധിച്ചാൽ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നേക്കാൾ കഴിവില്ലെന്നും ഏതു വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമായിരുന്നു സ്വയം പുകഴ്ത്തൽ. ‘പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്‌ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും’– നടി പറഞ്ഞു.

കർഷക സമരത്തെ പിന്തുണച്ച പോപ് താരം റിയാനയെ കടന്നാക്രമിച്ചും കങ്കണ ശ്രദ്ധ നേടിയിരുന്നു. 100 കോടി രൂപയെങ്കിലും കൈപ്പറ്റിയ ശേഷമായിരിക്കും റിയാന കർഷകസമരത്തെക്കുറിച്ചു പ്രതികരിച്ചത്. അവർ വിഡ്ഢിയാണ്, പോൺ സിങ്ങറാണ് തുടങ്ങിയ ആക്ഷേപങ്ങളും നടത്തി. റിയാനയുടെ ബിക്കിനി ചിത്രങ്ങളും പോസ്റ്റ് ചെയ്തു. റിയാനയ്ക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് അടക്കമുള്ളവർ സമരത്തെ പിന്തുണച്ചതോടെ മറുപടിയുമായി കേന്ദ്ര സർക്കാർ നേരിട്ടു രംഗത്തിറങ്ങിയിരുന്നു.

English Summary: ‘Jhansa ki Rani’: Prashant Bhushan takes a jibe at Kangana Ranaut, tweets her video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com