ADVERTISEMENT

തിരുവനന്തപുരം∙ ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീംകോടതി 26–ാം തവണയും മാറ്റിയതിന് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് മാറ്റിയതിന്‍റെ കാരണം സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സിബിഐയുടെ ആവശ്യപ്രകാരം ഏപ്രില്‍ 6ലേക്കാണ് കേസ് മാറ്റിയത്.

ഇതോടെ കേസില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തീര്‍പ്പുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. ഇന്നുതന്നെ വാദം കേട്ടുകൂടെ എന്ന് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചെങ്കിലും സിബിഐ അസൗകര്യം അറിയിക്കുകയായിരുന്നു.

ലാവ്‌ലിന്‍ കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സെപ്റ്റംബര്‍ 30ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഴ് തവണ അന്തിമ വാദത്തിനായി സുപ്രീംകോടതി കേസ് ലിസ്റ്റ് ചെയ്തെങ്കിലും സിബിഐ തന്നെ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്നെന്ന കാരണമാണ് ഇന്നും സിബിഐ പറഞ്ഞത്. അവസാന കേസായി പരിഗണിക്കാമെന്ന് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞെങ്കിലും കേസ് അടുത്തയാഴ്ചയിലേക്ക് മാറ്റണമെന്ന് എഎസ്ജി എസ്.വി.രാജു ആവര്‍ത്തിച്ചു. അടുത്തമാസം സമയുണ്ടായേക്കില്ലെന്ന് കോടതി അറിയിച്ചു.

2017 ഓക്ടോബര്‍ 26നാണ് കേസ് ആദ്യമായി സുപ്രീംകോടതി പരിഗണിച്ചത്. മൂന്നരവര്‍ഷത്തിനിടെ ഇരുപത്തിയാറ് തവണ കേസ് കോടതിക്ക് മുൻപാകെ വന്നെങ്കിലും അന്തിമവാദം തുടങ്ങാനായിട്ടില്ല. ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍ത്തത് കോണ്‍ഗ്രസാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. എ.കെ.ആന്‍റണിയാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

English Summary: Ramesh Chennithala on Lavalin Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com