ADVERTISEMENT

ഫെബ്രുവരി 28: ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിന്റെ വാർഷികം. ആ പഴയ സ്റ്റേഷൻ കെട്ടിടം ചരിത്ര സ്മാരകമാക്കണമെന്ന നിവേദനങ്ങളുമായുള്ള കെ.എം.ജോസിന്റെ അലച്ചിലുകളുടെ വാർഷികം കൂടിയാണിത്. സായുധ സംഘത്തിന്റെ സ്റ്റേഷൻ ആക്രമണത്തിൽ‍‍ കൊല്ലപ്പെട്ട പിസി 2880 കെ.ജെ.മാത്യുവിന്റെ മകനാണ് ജോസ്. 

1950 ഫെബ്രുവരി 28ന് ആയിരുന്നു സ്റ്റേഷൻ ആക്രമണം. 2000ൽ സംഭവത്തിന്റെ 50–ാം വാർഷികത്തിലാണ് സ്റ്റേഷൻ കെട്ടിടം ചരിത്ര സ്മാരകമാക്കേണ്ടതല്ലേ എന്ന ചിന്ത ജോസിനു തോന്നിയത്. അന്നു മുതൽ ഓരോ സർക്കാരിലെയും അധികാരികളെ ജോസ് സമീപിക്കുന്നു. പരിഗണിക്കാം, നിവേദനം ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിട്ടുണ്ട് തുടങ്ങിയ മറുപടികൾ കിട്ടിക്കൊണ്ടിരിക്കുന്നു. കെട്ടിടം ഇപ്പോൾ നാശാവസ്ഥയിലാണ്. സംരക്ഷിക്കാൻ നടപടിയൊന്നുമില്ല.

ഏറ്റവും ഒടുവിലൊരു മറുപടി കിട്ടിയത് 2017 ഡിസംബർ 15നാണ്. ആഭ്യന്തര വകുപ്പിന്റെ പക്കലുള്ള കെട്ടിടം സ്മാരകമാക്കാൻ നടപടിയെടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും നിവേദനം ആ വകുപ്പിനു കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി ജോസിനെ അറിയിച്ചു. പക്ഷേ, പിന്നെയൊന്നും നടന്നില്ല.

പ്രമുഖരായ പലരുമുണ്ടായിരുന്നു പ്രതികളുടെ കൂട്ടത്തിൽ. അവരിൽ ഇന്നു ജീവിച്ചിരിക്കുന്നത് സിപിഎം നേതാവ് എം.എം.ലോറൻസ് മാത്രം. മുൻ മന്ത്രി വി.വിശ്വനാഥമേനോൻ തുടങ്ങിയവരായിരുന്നു മറ്റു പ്രതികൾ. എം.എം.ലോറൻസിനോടും ജോസ് ആഗ്രഹം ചർച്ച ചെയ്തിരുന്നു. സിപിഎം നിലപാട് സായുധ വിപ്ലവത്തിന് എതിരായതിനാൽ പാർട്ടി ഇടപ്പള്ളി സംഭവത്തിനുതന്നെ അത്ര പ്രാധാന്യം നൽകുന്നില്ലെന്നതു മറ്റൊരു പ്രശ്നം.

‘അറ്റാക്ക്...!’

പൊലീസ് കസ്റ്റഡിയിലുള്ള സഖാവിനെ മോചിപ്പിക്കാനായിരുന്നു ആ സായുധ നീക്കം. ‘അറ്റാക്ക്’ എന്നലറിക്കൊണ്ടു സംഘം രാത്രിയിൽ സ്റ്റേഷൻ വളഞ്ഞപ്പോൾ പാറാവ് ജോലിയിൽ മാത്യുവായിരുന്നു. തോക്കുമായി അദ്ദേഹം സംഘത്തെ നേരിടാൻ മുന്നോട്ടു വന്നു. സംഘത്തിലൊരാളെ തോക്കിന്റെ ബയണറ്റ് കൊണ്ടു കുത്തുകയും ചെയ്തു. ഇതോടെ മറ്റുള്ളവർ കൂട്ടമായി മാത്യുവിനെ ആക്രമിച്ചു, മാത്യുവും മറ്റൊരു പൊലീസുകാരൻ വേലായുധനും കൊല്ലപ്പെട്ടു.

എറണാകുളം പറവൂർ കൂരൻവട്ടത്തറ വീട്ടിൽ മാത്യു മരിക്കുമ്പോൾ ഭാര്യ മറിയക്കുട്ടിയുടെ വയറ്റിൽ ഒരു മാസം പ്രായമായിരുന്നു ജോസിന്. മാത്യു മരിച്ച ശേഷം മറിയക്കുട്ടി സ്വന്തം നാടായ ചേർ‍ത്തലയിലേക്കു പോന്നു. മറിയക്കുട്ടി 1989ൽ മരിച്ചു. കുട്ടിക്കാലം മുതൽ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ചരിത്രം കേൾക്കുന്നുണ്ട് ജോസ്.

മുതിർന്നപ്പോൾ അതേപ്പറ്റി കൂടുതൽ അന്വേഷിച്ചു. സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായിരുന്ന കെ.സി.മാത്യുവിനെ ജോസ് കാണാൻ പോയിരുന്നു. അപ്പോൾ പ്രായമേറെ ചെന്ന മാത്യുവിന് പഴയ കാര്യങ്ങൾ പലതും ഓർമയില്ലായിരുന്നു. എങ്കിലും പഴയ സംഭവത്തിൽ കുറ്റബോധമുണ്ടായിരുന്നെന്നു ജോസ് പറയുന്നു.

ഓർമയായി ഇതേയുള്ളൂ

സ്റ്റേഷൻ കെട്ടിടം ഇപ്പോൾ ഏതാണ്ട് അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. ‘നാളെ അതു പൊളിച്ചേക്കാം. നിലനിർത്തണമെന്നേ പറയുന്നുള്ളൂ. പിതാവിന്റെ ഓർമയെന്നു പറയാൻ ഇതേയുള്ളൂ’ – ജോസ് പറയുന്നു. പറവൂർ കോട്ടക്കാവ് പള്ളിയിലാണു മാത്യുവിനെ സംസ്കരിച്ചത്. 48–ാം നമ്പർ കുഴിമാടത്തിൽ ഒരു ഫലകമുണ്ടായിരുന്നു. സെമിത്തേരി നവീകരണത്തിനായി അതു മാറ്റിയെങ്കിലും തിരികെ സ്ഥാപിച്ചിട്ടില്ല.

അതിനായി സഭാ അധികൃതർക്കു ജോസ് നിവേദനം നൽകിയിട്ടുണ്ട്. സർവീസിലിരുന്നു മരിച്ച പിതാവിന്റെ ആശ്രിത നിയമനമായി ഏകമകനായ തനിക്കു ജോലി കിട്ടാൻതന്നെ ഏറെ പണിപ്പെട്ടെന്നു ജോസ്. 33–ാം വയസ്സിലാണു മരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലി കിട്ടിയത്. ഇപ്പോൾ ജോസിന് 71 വയസ്സായി.

English Summary : Edappally police station attack anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com