ADVERTISEMENT

കൊച്ചി∙ പുനർനിർമാണം പൂർത്തിയായ പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന പുരോഗമിക്കുന്നു. ഇന്നു രാവിലെയാണ് ഭാര പരിശോധന ആരംഭിച്ചത്.  തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും പെട്ടെന്നു തുറന്നു കൊടുക്കുക ലക്ഷ്യമിട്ടാണ് അടിയന്തിരമായി ഭാരപരിശോധന നടത്തുന്നത്. പാലത്തിലെ 35 മീറ്ററിന്റെയും 22 മീറ്ററിന്റെയും ഓരോ സ്പാനുകളിലാണ് ഒരേ സമയം ഭാരപരിശോധന നടക്കുന്നത്. 

1200-load-test-palarivattom

24 മണിക്കൂർ കൊണ്ട് 220 ടൺ ഭാരം പലപ്പോഴായി പാലത്തിൽ കയറ്റിയാണ് സ്പാനുകളിലെ പരിശോധന. തുടർന്ന് 24 മണിക്കൂർ ഭാരം നിറച്ച വാഹനം പാലത്തിൽ തുടരും. ഓരോ മണിക്കൂറുകൾ ഇടവിട്ട് പാലത്തിലുണ്ടാകുന്ന വ്യതിയാനത്തിന്റെ റീഡിങ് എടുക്കുകയും അവസാന 20 മണിക്കൂറുകൊണ്ട് ഭാരം നീക്കുകയും ചെയ്താണ് പരിശോധന നടത്തുക. ഈ സമയത്ത് പാലത്തിന്റെ വ്യതിയാനം അനുവദിക്കപ്പെട്ട അളവിലാകുകയും പൂർവ സ്ഥിതിയിലേയ്ക്ക് എത്തുകയും ചെയ്താൽ പരിശോധന വിജയകരമെന്ന് വിലയിരുത്തും. 

എട്ടുമാസം കൊണ്ട് പണി പൂർത്തിയാക്കുമെന്നു പറഞ്ഞ് ആരംഭിച്ച പാലാരിവട്ടം പാലത്തിന്റെ പൊളിച്ചു പണിയൽ അഞ്ചുമാസംകൊണ്ട് പൂർത്തിയാക്കിയാണ് ഡിഎംആർസി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇനി നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന മിനുക്കു പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഭാര പരിശോധന നടക്കുമ്പോൾ തന്നെ ഒരു ഭാഗത്ത് ടാറിങ് ഉൾപ്പടെയുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. 

നാലാം തീയതിയോടെ ഭാരപരിശോധനാ റിപ്പോർട്ട് ലഭിക്കും. ഈ സമയത്തിനകം തന്നെ മിനുക്കു പണികളും പൂർത്തിയാക്കി കൈമാറാനാണ് ഡിഎംആർസി തീരുമാനിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ പാലം പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി വാങ്ങി ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെ അഞ്ചാം തീയതി തന്നെ ഗതാഗതം സ്ഥാപിക്കുമെന്നാണ് അറിയുന്നത്. 

English Summary: Load test on Palarivattom flyover 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com