ADVERTISEMENT

ചെന്നൈ∙ പിറന്നു വീണു മൂന്നു വർഷങ്ങൾക്കിപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ പട നയിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ ടോർച്ച് വെളിച്ചം കാണുമോ? അതോ കാലാവധി കഴിഞ്ഞ ബാറ്ററിയെപോലെ ജനം വലിച്ചെറിയുമോ? സ്റ്റാലിനെതിരെ മത്സരിക്കുമെന്ന വാക്ക് സീമാൻ പാലിക്കുമോ? ചിന്നമ്മയുടെ തോളിലേറി ടി.ടി.വി. ദിനകരൻ നടത്തുന്ന കരുനീക്കങ്ങൾ 'ചിന്ന'ഫലം മാത്രമോ അതോ 'പെരിയ' ഫലം കാണുമോ? നിലവിൽ ഡിഎംകെ, അണ്ണാഡിഎംകെ സഖ്യത്തിനു പുറത്തുള്ള മൂവരുടെയും നീക്കങ്ങൾക്കു കാതോർക്കുകയാണു തമിഴകം. ചെറുതെങ്കിലും ഇവർ പിടിക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിച്ചേക്കാം.

ഗ്രാമങ്ങളിലേക്കിറങ്ങി കമൽ 

2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപു മാത്രം രൂപീകരിച്ച മക്കൾ നീതി മയ്യത്തിന്റെ വോട്ടുകളിൽ മുക്കാൽ പങ്കും നഗരകേന്ദ്രീകൃതമായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപു സ്ഥാനാർഥി പട്ടിക പുറത്തു വിടുമ്പോൾ കമൽ പറഞ്ഞു, 'എല്ലാവരും എന്റെ മുഖങ്ങളാണ്'. എന്നാൽ, കെട്ടിവച്ച കാശു പോലും നഷ്ടപ്പെട്ടു മുഖത്തടിച്ച മറുപടിയാണു ജനം നൽകിയത്. മത്സരിച്ച 36 സീറ്റുകളിലും തോറ്റു. വോട്ടു ശതമാനം 0.26% മാത്രം. അതേസമയം, ചെന്നൈ, കോയമ്പത്തൂർ, മധുര അടക്കമുള്ള നഗരങ്ങളിൽ മികച്ച പ്രകടനം നടത്താനായതും ചിലയിടങ്ങളിൽ മൂന്നാമത് എത്താനായതും ശ്രദ്ധേയമായി.

വീഴ്ചയിൽനിന്നു പാഠമുൾക്കൊണ്ടു തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപു തന്നെ ഗ്രാമങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടാണു കമൽ ഇത്തവണ പ്രചാരണത്തിനു തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കി. വീട്ടമ്മമാർക്കു നിശ്ചിത വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചേക്കാം. എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുമെന്നത് യുവാക്കളെയും സ്വാധീനിക്കും. 

എംജിആറിന്റെ മടിയിൽ വളർന്നവനെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നതിലൂടെ എംജിആറിന്റെ പേരിൽ അണ്ണാഡിഎംകെ പെട്ടിയിൽ വീഴുന്ന വോട്ടുകൾക്ക് ഇളക്കമുണ്ടാവാൻ സാധ്യതയേറെ. സ്വയം വിരമിച്ച മലയാളി ഉദ്യോഗസ്ഥൻ സന്തോഷ് ബാബുവാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകുന്നത്. കലക്ടറെന്ന നിലയിൽ പേരെടുത്ത കൃഷ്ണഗിരിയിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണു സന്തോഷ് ബാബു. നാട്ടുകാരുടെ 'കലക്ടർ ബ്രോ' ഓളം സൃഷ്ടിച്ചാൽ പാർട്ടിക്കു നേട്ടമാവും.

അതേസമയം, രജനീകാന്തിന്റെ പിന്തുണ ഇതുവരെയും ലഭിക്കാത്തത് നിരാശ സമ്മാനിക്കുന്നു. ആലന്തൂർ അടക്കം നഗര മണ്ഡലങ്ങളിലൊന്നിലാണു കമലിന്റെ നോട്ടം. എന്നാൽ ഡിഎംകെ കോട്ടയായ നഗരത്തിൽ കയറി ഗോളടിക്കാൻ കമലിനു കഴിയുമോയെന്നു കാത്തിരുന്നു കാണണം. മധുരയിലും മത്സരിച്ചേക്കുമെന്നു സൂചന നൽകിയിട്ടുണ്ടെങ്കിലും ജാതിസമവാക്യങ്ങൾ ഏറെയുള്ള മധുരയിലും വിജയം എളുപ്പമാവില്ല.

ആദ്യപട്ടിക ഏഴിന്

മക്കൾ നീതി മയ്യത്തിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക മാർച്ച് ഏഴിനു പ്രഖ്യാപിക്കും. കമൽഹാസനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി ജനറൽ കൗൺസിൽ യോഗം നേരത്തേ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മറ്റു സ്ഥാനാർഥികളെ കമലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. അഭിമുഖം നാളെ ആരംഭിക്കും.

പഴ കറുപ്പയ്യ കമലിനൊപ്പം

നടനും നിർമാതാവുമായ പഴ കറുപ്പയ്യ മക്കൾ നീതി മയ്യത്തിൽ ചേർന്നു. നേരത്തേ അണ്ണാഡിഎംകെയിലായിരുന്നു. 2011-16ൽ ഹാർബറിൽനിന്നുള്ള അണ്ണാ‍ഡിഎംകെ എംഎൽഎയായിരുന്ന കറുപ്പയ്യയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2016 ജനുവരിയിൽ പുറത്താക്കിയിരുന്നു. തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ചു. പിന്നീട് ഡിഎംകെയിൽ ചേർന്നെങ്കിലും 2018ൽ പാർട്ടി വിട്ടു. കറുപ്പയ്യ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ പറഞ്ഞു.

Content Highlights: Kamal Haasan, Makkal Needhi Maiam, Tamil Nadu Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com