ADVERTISEMENT

കലണ്ടറിന്റെ രണ്ടാം താളിൽ നാലു വർഷത്തിലൊരിക്കൽമാത്രം വന്നണയുന്ന ഫെബ്രുവരി 29ന് ഭൂമിയിൽ പിറന്നുവീഴാൻ ‘അപൂർവ ഭാഗ്യം’ ലഭിച്ച ചില പ്രമുഖരുണ്ട്. അക്കൂട്ടത്തിലൊരു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമുണ്ട്: മൊറാർജി രഞ്ചോദ്ജി ദേശായി. 1896 ഫെബ്രുവരി 29നാണ്  മൊറാർജി ദേശായിയുടെ ജനനം. ഇക്കൊല്ലം ഫെബ്രുവരി 29 ഇല്ലെങ്കിലും വർഷാനുവർഷക്കണക്കിൽ ഇത് അദ്ദേഹത്തിന്റെ 125–ാം ജന്മദിനം. 99–ാം വയസിലാണ് മൊറാർജി മരിക്കുന്നതെങ്കിലും ആകെ 23 തവണ മാത്രമാണ് അദ്ദേഹത്തിന് കലണ്ടറിലെ തന്റെ ‘ജന്മദിനം’ ആഘോഷിക്കാൻ ഭാഗ്യമുണ്ടായത്.

morarji-desai-9
മൊറാർജി ദേശായി (ഫയൽ ചിത്രം)

ഫെബ്രുവരി 29നു ജനിച്ചയാളിനെ ‘ലീപ്ലിങ്’ എന്നാണ് വിശേഷിപ്പിക്കുക. പോൾ മൂന്നാമൻ മാർപ്പാപ്പ (1468), ഇംഗ്ലിഷ് ക്രിക്കറ്റ് താരം ആൽഫ് ഗോവർ (1908), നർത്തകിയും രാജ്യസഭാംഗവുമായ രുഗ്മിണി ദേവി അരുൺഡേൽ (1904), ഓസീസ് ക്രിക്കറ്റ് താരം ഗാവിൻ സ്റ്റീവൻസ് (1932), ഇംഗ്ലിഷ് കവി ജോൺ ബൈറോം (1692), എഴുത്തുകാരൻ ഹെർമോൺ ലീ (1948) തുടങ്ങി ‘ലീപ്ലിങ്’  പട്ടം സ്വന്തമാക്കിയ പ്രമുഖർ വേറെയുണ്ടെങ്കിലും ഇന്ത്യക്കാരെ സംബന്ധിച്ച് ഒന്നാം നമ്പർ  ‘ലീപ്ലിങ്’ മൊറാർജി തന്നെ.

∙ ‘ഞാൻ ഇപ്പോഴും 19 കാരൻ’

‘ലീപ്ലിങ്’ പട്ടത്തെപ്പറ്റി അദ്ദേഹം തന്നെ ഒരിക്കൽ തമാശയായി  പരാമർശിച്ചിട്ടുണ്ട്. 1977ൽ ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ പ്രായം 81 വയസ്. പ്രായം ഒരു പ്രശ്നമാകില്ലേ എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘‘കലണ്ടർ പ്രകാരം എനിക്ക് 19 വയസേയുളളു’’. പ്രായമല്ല ഊർ‍ജസ്വലതയാണ് കാര്യം എന്നും പൊട്ടിച്ചിരികൾക്കിടെ അദ്ദേഹം ഓർമിപ്പിച്ചു. 

morarji-desai-7
മൊറാർജി ദേശായി (ഫയൽ ചിത്രം)

ജന്മദിനം പോലെ തന്നെ പ്രത്യേകത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവും. ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി, സംസ്‌ഥാന മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്‌തി, ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്‌തി,  ഇന്ത്യയുടെ ഏറ്റവും പ്രായമുള്ള പ്രധാനമന്ത്രി,  അവിശ്വാസപ്രമേയം അവതരിപ്പിച്ചതിനെത്തുടർന്ന് രാജിവച്ച ആദ്യ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തി (10 തവണ) തുടങ്ങിയ റെക്കോർഡുകൾ അദ്ദേഹത്തിനു സ്വന്തം.

morarji-desai-6
മൊറാർജി ദേശായി (ഫയൽ ചിത്രം)

തികഞ്ഞ ദേശീയവാദിയും ഗാന്ധിയനുമായ മൊറാർജി ദേശായിയാണ് ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര മന്ത്രിസഭയ്‌ക്കു നേതൃത്വം നൽകിയത് (1977-79). അസാമാന്യ നിശ്‌ചയദാർഡ്യത്തോടെ തീരുമാനങ്ങളെടുക്കാൻ കഴിവുള്ള മൊറാർജി വിഷമം പിടിച്ച രാഷ്‌ട്രീയസാഹചര്യങ്ങളിൽ ഇന്ത്യയെ ധീരമായി നയിച്ചു. ലളിതവും ആദർശനിഷ്‌ഠവുമായ ജീവിതശൈലിയിലൂടെ ഇന്ത്യക്കാർക്ക് ആകെ മാതൃകയായ അദ്ദേഹം തന്റെ നിലപാടുകളിൽ എന്നും ഉറച്ചുനിന്നു. 

∙ 19 മാസം ജയിലിലും

ദരിദ്രസാഹചര്യങ്ങളിൽ വളർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയോളം ഉയർന്ന മൊറാർജിയുടെ ജീവിതത്തെ സംഭവബഹുലം എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. 1896 ഫെബ്രുവരി 29ന് ഇപ്പോഴത്തെ ഗുജറാത്ത് സംസ്‌ഥാനത്തെ ദാദേലി എന്ന ഗ്രാമത്തിലാണ് ജനനം. പതിനഞ്ചാം വയസിൽ പിതാവ് മരിച്ചതോടെ കുടുംബഭാരം മൊറാർജിയുടെ ഉത്തരവാദിത്തമായി. ദാരിദ്രാവസ്ഥയിലും പഠനത്തിൽ മിടുക്കനായി മുന്നോട്ടുപോയ അദ്ദേഹം 1917ൽ ഒന്നാം റാങ്കോടെ ബിരുദം നേടി. തുടർന്ന് സിവിൽ സർവീസ് തിരഞ്ഞെടുത്തു.

morarji-desai-5
മൊറാർജി ദേശായി (ഫയൽ ചിത്രം)

അഹമ്മദാബാദ് ഡപ്യൂട്ടി കലക്‌ടറായി നിയമിതനായ അദ്ദേഹം അഴിമതിക്കെതിരെ പോരാടി മികച്ച ഭരണപാടവമാണ് പ്രദർശിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി നാടെങ്ങും വീശിയപ്പോൾ സർക്കാർ ഉദ്യോഗം ഉപേക്ഷിച്ച് മൊറാർജി അതിൽ പങ്കാളിയായി. പല തവണ അദ്ദേഹം ജയിലിലടയ്‌ക്കപ്പെട്ടു. 1931–37 കാലഘട്ടത്തിൽ ഗുജറാത്ത് പ്രദേശത്തെ കോൺഗ്രസ് സമിതിയുടെ സെക്രട്ടറി. 1939 ൽ നിയമലംഘനപ്രസ്‌ഥാനത്തിൽ സജീവമായി. 1937–1939ലും 1946–1956ലും ബോംബെ നിയമസഭാംഗം. ഇക്കാലയളവിൽ പല വകുപ്പുകളിൽ മന്ത്രിയായും 1952 മുതൽ 1956 വരെ ബോംബെ മുഖ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചു.

morarji-desai-4
മൊറാർജി ദേശായി (ഫയൽ ചിത്രം)

1950–58 കാലഘട്ടത്തിൽ എഐസിസി ട്രഷറർ. 1957ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വാണിജ്യം, വ്യവസായം, ധനം എന്നീ വകുപ്പുകളിൽ കാബിനറ്റ് മന്ത്രി. 1963ൽ കാമരാജ് പദ്ധതിപ്രകാരം മന്ത്രിസഭയിൽനിന്നും രാജിവച്ചു. 1967ൽ ഇന്ദിരാഗാന്ധിയുടെ കീഴിൽ ഉപപ്രധാനമന്ത്രിയായി. ഒപ്പം ധനമന്ത്രിയും. ബാങ്ക് ദേശസാൽക്കരണവിവാദവും പാർട്ടിയിലെ പ്രശ്‌നങ്ങളുംമൂലം അദ്ദേഹം രാജിവച്ചു. 1975ലെ അടിയന്തരാവസ്‌ഥയെത്തുടർന്ന് പത്തൊൻപതു മാസം അദ്ദേഹം ജയിലിലുമായി.

∙ പ്രധാനമന്ത്രി പദവിയിൽ 27 മാസം

1977 ജനുവരിയിൽ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ ചെയർമാനായി. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി. ആദ്യത്തെ കോൺഗ്രസിതര മന്ത്രിസഭയായിരുന്നു അത്. 1977 മാർച്ച് 24ന് പ്രധാനമന്ത്രിയാകുമ്പോൾ പ്രായം 81. ഇതൊരു ഇന്ത്യൻ റെക്കോർഡാണ്.

morarji-desai-3
മൊറാർജി ദേശായി (ഫയൽ ചിത്രം)

എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ കാരണം ഭരണം നീണ്ടില്ല. ദേശായി സർക്കാരിനെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് ഉറപ്പായതിനെത്തുടർന്ന് 1979 ജൂലൈ 15ന് അദ്ദേഹം രാജിവച്ചു. 27 മാസമേ ആ ഭരണം നീണ്ടുനിന്നുള്ളൂ. പിന്നീട് ദീർഘകാലം രാഷ്‌ട്രീയവനവാസം. 1995 ഏപ്രിൽ 10ന് മുംബൈയിൽ മരണം. 

∙ ‘ജനകീയനല്ലാത്ത നേതാവ്’

ഒരു ജനകീയ നേതാവ് എന്ന വിശേഷണം മൊറാർജിക്ക് ചേരില്ലായിരിക്കാം. എന്നാൽ ആദർശങ്ങൾ പണയപ്പെടുത്താത്ത, അധികാരദുർമോഹിയല്ലാത്ത ഒരു പച്ചമനുഷ്യനായിരുന്നു അദ്ദേഹം എന്നതിന് ചരിത്രം സാക്ഷി. അടിയന്തരാവസ്‌ഥയുടെ പ്രതികൂല സാഹചര്യത്തിൽനിന്ന് ജനാധിപത്യത്തിന്റെ വിശാല കാഴ്‌ചപ്പാടിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുവന്ന പ്രധാനമന്ത്രി എന്ന ബഹുമതി മൊറാർജിക്ക് സ്വന്തമാണ്. 

morarji-desai-2
മൊറാർജി ദേശായി (ഫയൽ ചിത്രം)

∙ ബജറ്റ് അവതരണത്തിലെ റെക്കോർഡ്

കേന്ദ്രബജറ്റ് കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്. എട്ടു സമ്പൂർണ ബജറ്റും രണ്ട് ഇടക്കാല ബജറ്റും അദ്ദേഹം അവതരിപ്പിച്ചു. (പി. ചിദംബരത്തിനാണു രണ്ടാം സ്ഥാനം, പ്രണബ് മുഖർജി മൂന്നാമത്). ഫെബ്രുവരിയിലെ അവസാന ദിവസമായ 28ന് അല്ലെങ്കിൽ 29ന് ആയിരുന്നു മുൻപ് ബജറ്റ് അവതരണം. അങ്ങനെ ജന്മദിനത്തിൽത്തന്നെ ബജറ്റ് അവതരിപ്പിക്കാനും പലപ്പോഴും മൊറാർജിക്ക് ഭാഗ്യമുണ്ടായി. 

morarji-desai-1
മൊറാർജി ദേശായി (ഫയൽ ചിത്രം)

∙ വേറിട്ട ഒരു അപൂർവനേട്ടം

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും പാക്കിസ്‌ഥാന്റെ പരമോന്നത ബഹുമതി നിഷാൻ ഇ പാക്കിസ്‌ഥാനും ലഭിച്ചിട്ടുള്ള ഒരേയൊരു വ്യക്‌തി മൊറാർജി ദേശായിയാണ്.

പ്രധാന പുസ്‌തകങ്ങൾ: ഡിസ്‌കോഴ്‌സ് ഓൺ ദ് ഗീത, ദ് സ്‌റ്റോറി ഓഫ് മൈ ലൈഫ്, ഇൻ മൈ വ്യൂ, മിനിസ്‌റ്റർ ആൻഡ് ഹിസ് റസ്‌പോൺസിബിലിറ്റി.

English Summary: Interesting Facts About India's First Non-Congress Prime Minister, Morarji Desai on his 125th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com