ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബി അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ചില കാര്യങ്ങൾ സംഭവിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം തടയാൻ വരുന്ന ഒരു ശക്തിക്കും വഴങ്ങില്ല. നിയമവിരുദ്ധ പ്രവർത്തനം കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ സംരക്ഷണം നൽകാൻ നാട്ടിൽ നിയമം ഉണ്ടെന്നു ഓർക്കുന്നത് നല്ലതാണ്. നാടിന്റെ വികസനം തടസപ്പെടുത്താൻ ശ്രമിച്ചാൽ അതിന് അനുവദിക്കില്ല. വികസനത്തിന് ഇടങ്കോലിടാൻ വരരുത്. അധികാരത്തിനു മുന്നിൽ മുട്ടുമടക്കുന്നവരെ മാത്രമേ ബിജെപി നേതൃത്വം കണ്ടിട്ടുണ്ടാകൂ. ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ്. ഇവിടെ വിരട്ട് കൊണ്ട് കാര്യം നടക്കില്ല.

കേന്ദ്ര ധനമന്ത്രിയുടെ ആരോപണം ജനങ്ങൾ മുഖവിലയ്ക്കെടുക്കാത്തതു കൊണ്ടാകും ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ ശ്രമം ആരംഭിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ ഇംഗിതം നടപ്പിലാക്കാൻ ചില ഉദ്യോഗസ്ഥർ അതിരു കവിഞ്ഞ വ്യഗ്രത കാണിക്കുന്നു. കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായി. ഉദ്യോഗസ്ഥർക്കു സമൻസ് കിട്ടുന്നതിനു മുൻപേ മാർച്ച് 2നു മാധ്യമങ്ങളിലൂടെ കേന്ദ്ര ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തിൽ പ്രത്യേക അന്തരീക്ഷം ഉണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. മുൻപും ഇത്തരം നീക്കം ഉണ്ടായിരുന്നു. അത് സംബന്ധിച്ച് പരസ്യമായി സംസ്ഥാന സർക്കാർ പറയുകയും പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പു കാലത്ത് ആർക്കു വേണ്ടിയാണ് ഇഡി ചാടി ഇറങ്ങിയതെന്നു മനസിലാക്കാൻ പാഴൂർപടിവരെ പോകേണ്ട കാര്യമില്ല. ബിജെപി പറയുന്നതിനു മുൻപേ വിളിച്ചു പറയുന്ന കോൺഗ്രസ് നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്ന അന്വേഷണമല്ല കേന്ദ്രം നടത്തേണ്ടത്. സർക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥർ. അത്തരം ഉദ്യോഗസ്ഥരെ പാർലമെന്റ് പാസാക്കിയ നിയമത്തിലെ അധികാരം ദുർവിനിയോഗം ചെയ്തു വിളിച്ചു വരുത്തുന്നത് അംഗീകരിക്കാനാകില്ല.

രാഷ്ട്രീയ മേലാളൻമാർക്ക് ഇഷ്ടമുള്ള മൊഴി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കു ശാരീരിക ഉപദ്രവം ഉണ്ടാകും എന്ന നിലവരെ ഉണ്ടാകുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഈ വെപ്രാളം എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രനിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ആർബിഐ അനുമതിയോടെയാണ് ചട്ടങ്ങൾ പാലിച്ച് മസാലാ ബോണ്ട് പുറപ്പെടുവിച്ചത്.

ഇഡി കിഫ്ബിയിൽ അന്വേഷണം നടത്തുന്നത് സിപിഎം– ബിജെപി ബന്ധത്തിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പായിരുന്നു. അന്ന് കേന്ദ്ര ഏജൻസികൾക്കു വിളക്കു പിടിച്ചു നടന്നത് ആരായിരുന്നു എന്ന് ഓർക്കണം. പ്രതിപക്ഷ നേതാവിനു മറവി രോഗം ഇല്ല എന്നാണ് കരുതുന്നത്. ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാഗത്തുനിന്നുള്ള ആക്രമണം എൽഡിഎഫ് നേരിട്ടിട്ടുണ്ട്. വികസനത്തിനു തടസമുണ്ടാക്കാൻ കോൺഗ്രസ് ആവുന്നത് ശ്രമിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലത്തിൽ കിഫ്ബി പദ്ധതി വേണ്ടെന്നു പ്രതിപക്ഷ നേതാവ് ഒരുസമയത്തും പറഞ്ഞിട്ടില്ല.

കേന്ദ്ര ഏജൻസികളുടെ നീക്കത്തെ നിയമപരമായാണ് സർക്കാർ നേരിട്ടത്. പ്രതിപക്ഷം എന്തെല്ലാം കള്ളകഥ മെനഞ്ഞു. ഇപ്പോൾ അവയെല്ലാം എവിടെയാണ്. സർക്കാരുമായി ബന്ധമുള്ള ഒരാൾക്കുപോലും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ല. അടിസ്ഥാനരഹിതമായ കാര്യങ്ങൾ കൂടുതൽ പറഞ്ഞ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവിനു ചാർത്തിക്കിട്ടിയിട്ടുണ്ട്.

ബിജെപിയിലേക്കു കടകാലിയാക്കൽ വിൽപ്പന നടത്തുന്ന പാർട്ടിയുടെ നേതാവാണ് അദ്ദേഹം. വികസനം അട്ടിമറിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ നോക്കിനിൽക്കില്ല. സർക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ ജനക്ഷേമത്തിന്റെ കടയ്ക്കൽ കത്തിവച്ചാകരുത്. ഒന്നും നടക്കരുത്, എല്ലാം നശിക്കട്ടെ എന്നാണോ പ്രതിപക്ഷത്തിന്റെ ചിന്തയെന്നും അദ്ദേഹം ചോദിച്ചു. .

English Summary: CM Pinarayi Vijayan Slams Union Government and Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com