ADVERTISEMENT

കൊല്ലം∙ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും അധികാരം ഉന്നമിട്ട് യുഡിഎഫും കേരളത്തിൽ സജീവമാവുകയാണ്. അട്ടിമറി വിജയങ്ങളിലാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ഇക്കൂട്ടത്തിൽ സ്ഥാനാർഥികളെ ഏറെക്കുറെ ഉറപ്പിച്ച മണ്ഡലങ്ങളിൽ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. കുന്നത്തൂർ മണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ വീണ്ടുമെത്തുമ്പോൾ ഉല്ലാസ് കോവൂരിനെ ഇറക്കിയാണ് യുഡിഎഫ് സജീവമാകുന്നത്. ഉല്ലാസിനു വോട്ടുതേടി സമൂഹമാധ്യമത്തിൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണു കൊടിക്കുന്നിൽ സുരേഷ് എംപി.

കുഞ്ഞുമോന്റെ കയ്യിൽനിന്നു മണ്ഡലം പിടിച്ച് അദ്ദേഹത്തിനു കല്യാണം കഴിക്കാനുള്ള അവസരം യുഡിഎഫ് ഒരുക്കുമെന്നാണു സുരേഷിന്റെ പ്രഖ്യാപനം. ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിനുശേഷം മാത്രമേ കല്യാണം കഴിക്കൂവെന്ന് പറഞ്ഞ കുഞ്ഞുമോനെ പരിഹസിച്ചാണ് സുരേഷിന്റെ കുറിപ്പ്. 

കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ 20 വർഷമായി കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനാണ് എംഎൽഎ. 20 വർഷമായി ആ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്നു മാത്രമല്ല, മുൻപ് ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ് അടക്കമുള്ള പലതും ഉപയോഗ ശൂന്യമാകുകയും പലതും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ ഏറ്റവും തവണ വികസനമുരടിപ്പിന്റെ പേരിൽ മണ്ഡലത്തിലെ ജനങ്ങൾ വഴിതടഞ്ഞ എംഎൽഎ കുഞ്ഞുമോൻ ആയിരിക്കും.

ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോൻ. എംപി ഫണ്ട് അടക്കമുള്ളവ പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണ് എംഎൽഎ. അവിടത്തെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കു പോലും ഉപകാരപ്പെടേണ്ട മൈനാഗപ്പള്ളി റെയിൽവേ മേൽപാലത്തിന് എംപി എന്ന നിലയിൽ ഞാൻ അനുമതി വാങ്ങി കൊടുക്കുകയും മേൽപാലം നിർമിക്കാനായി എംപിഫണ്ടിൽനിന്നു തുക മാറ്റിവയ്ക്കുകയും ചെയ്തു. 

എന്നാൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഫണ്ട് ഇല്ലെന്നു പറഞ്ഞ് എംഎൽഎ ഒഴിഞ്ഞു മാറുകയായിരുന്നു. സർക്കാർ പരസ്യം ചെയ്തു മുഖം മിനുക്കാൻ ധൂർത്തടിച്ച കാശുണ്ടായിരുന്നെങ്കിൽ ഇന്നു കുന്നത്തൂരിലെ മക്കൾക്ക് വഞ്ചി തുഴഞ്ഞ് സ്കൂളിൽ പോകേണ്ടി വരില്ലായിരുന്നു. അവർക്ക് അടച്ചുറപ്പുള്ള വിദ്യാലയത്തിൽ പഠിക്കാമായിരുന്നു. അവിടത്തെ ആശുപത്രിയും റോഡുകളും പാലങ്ങളും വികസിക്കുമായിരുന്നു. അവിടത്തെ ജനങ്ങൾക്കു കുടിവെള്ളവും മെച്ചപ്പെട്ട ജീവിതവും സാധ്യമാകുമായിരുന്നു.

ഇനിയിത് അനുവദിച്ചു കൂടാ, കുന്നത്തൂരിൽ യൂഡിഎഫിന്റെ കരുത്തനായ സാരഥിയാണ് ഉല്ലാസ് കോവൂർ. കഴിഞ്ഞ തവണ ഇടതുപക്ഷം അദ്ദേഹത്തിന്റെ പേരിൽ വ്യാജ കഥകൾ പ്രചരിപ്പിച്ചാണു ജനവിധി അട്ടിമറിച്ചത്. ഇപ്രാവശ്യവും അവർ എന്തു നാണംകെട്ട കളിക്കും മുതിരുമെന്ന് ഉറപ്പാണ്. യുഡിഎഫിന്റെ മുഴുവൻ ശക്തിയും ഇത്തവണ കുന്നത്തൂരിൽ ഉണ്ടാകും. ഓരോ കോൺഗ്രസുകാരനും ഉല്ലാസിന്റെ വിജയം ഉറപ്പാക്കാൻ ഇറങ്ങുകയാണ്. ജനദ്രോഹപരമായ ഭരണത്തിൽനിന്നും കുന്നത്തൂരിനെ മോചിപ്പിക്കാൻ യൂഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിനുശേഷം മാത്രമേ കല്യാണം കഴിക്കൂവെന്ന് കഴിഞ്ഞ 20 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യിൽനിന്നു കുന്നത്തൂർ തിരിച്ചു പിടിച്ച്, ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചു കുന്നത്തൂരിൽ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാൻ യുഡിഎഫ് അവസരമുണ്ടാക്കുന്നതാണെന്ന് ഈയവസരത്തിൽ പ്രഖ്യാപിക്കുകയാണ്. 

ഉല്ലാസമാവട്ടെ കുന്നത്തൂർ

Content Highlights: Kunnathur Constituency, Ullas Kovoor, Kodikkunnil Suresh, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com