ADVERTISEMENT

ഗുരുഗ്രാം∙ ആർഎൽഡി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ചൗധരി അജിത് സിങ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ മകനാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നുള്ള പ്രമുഖ നേതാവായ അജിത് സിങ്ങിനെ ശ്വാസകോശ അണുബാധ മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 20നാണ് കോവിഡ് സ്ഥിരീകരിച്ചത്. മകനും മുൻ എംപിയുമായ ജയന്ത് ചൗധരിയാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്.

യുപിയിലെ ഭാഗ്പത്തിൽനിന്ന് ഏഴു തവണ അജിത് സിങ് ലോക്സഭാ പ്രതിനിധിയായി. കേന്ദ്ര മന്ത്രിസഭയിൽ വ്യോമയാനം, കൃഷി, ഭക്ഷ്യം, വ്യവസായം, വാണിജ്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. 1979 – 80 കാലത്ത് ആറു മാസം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കർഷക നേതാവ് ചരൺ സിങ്ങിന്റെ മകനായ അജിത് സിങ് പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരുന്നതിനു മുൻപ് യുഎസിൽ 15 വർഷത്തോളം ഐടി മേഖലയിൽ ജോലി നോക്കിയിരുന്നു.

Ajit Singh
അജിത് സിങ് (ഫയൽ ചിത്രം)

ഐഐടി ഖരഗ്പുറിൽനിന്ന് ബിരുദം നേടിയ അദ്ദേഹം ഷിക്കാഗോയിലെ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നും ഉന്നതബിരുദം കരസ്ഥമാക്കി. 1986ല്‍ രാജ്യസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ജാട്ട് മേൽക്കൈയുള്ള പടിഞ്ഞാറൻ യുപിയിൽ അജിത് സിങ്ങിന്റെ ആർഎൽഡിക്ക് നിർണായക സ്വാധീനം ഉണ്ടായിരുന്നു. കോൺഗ്രസിനൊപ്പവും ബിജെപിക്കൊപ്പവും പിന്നീട് സമാജ്‌വാദി പാർട്ടിക്കൊപ്പവും കക്ഷിചേർന്നതായിരുന്നു അജിത് സിങ്ങിന്റെ രാഷ്ട്രീയ ജീവിതം.

വിജയികളുടെ ഒപ്പം നിൽക്കുന്നുവെന്ന് വിമർശകർ ആരോപിക്കുമ്പോഴും അതു വകവയ്ക്കാതെയുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. വി.പി. സിങ് സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്നു. പിന്നീട് പി.വി.നരസിംഹ റാവു സർക്കാരിൽ ഭക്ഷ്യമന്ത്രിയായി. 1996ൽ കോൺഗ്രസിൽനിന്ന് രാജിവച്ച് ആൽഎൽഡി രൂപീകരിച്ചു. പിന്നീട് എ.ബി.വാജ്പേയി സർക്കാരിൽ കൃഷി മന്ത്രിയായി 2001ൽ ചേർന്നു. മേയ് 2003 വരെ എൻഡിഎയുടെ ഭാഗമായിരുന്നു. പിന്നീട് യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിലെത്തിയ അദ്ദേഹം യുപിഎയിൽ ചേരുകയും ചെയ്തു.

English Summary: Rashtriya Lok Dal chief and former Union minister Ajit Singh dies of Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com