ADVERTISEMENT

തിരുവനന്തപുരം ∙ ശനിയാഴ്ച മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച മുതൽ അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം ഒപ്പം കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും തിരിച്ചു പോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതേണ്ടതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കോവിഡ് വ്യാപനത്തിന്‍റെയും ലോക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. 18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ നമുക്ക് കഴിയില്ലെന്നും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഉള്ളവരുടെയും ക്വാറന്റൈൻകാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. ലോക്ഡൗൺ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെയും മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു യാത്ര ചെയ്തു വരുന്നവര്‍ കോവിസ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.

മറ്റ് നിയന്ത്രണങ്ങൾ:
∙ തട്ടുകടകള്‍ ലോക്‌ഡൗണ്‍ കാലത്ത് തുറക്കരുത്.
∙ വാഹന റിപ്പയര്‍ വർക്ഷോപ്പ് ആഴ്ചകളുടെ അവസാനം രണ്ടു ദിവസം തുറക്കാം.
∙ ഹാര്‍ബര്‍ ലേലം ഒഴിവാക്കും.
∙ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നിടവിട്ട ദിവസമാക്കാം - തിങ്കള്‍, ബുധന്‍, വെള്ളി
∙ പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
∙ ഓക്സിജന്‍ കാര്യത്തില്‍ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാന്‍ വാര്‍ റും ഉണ്ടാകും.

വീടുകളിലും പാലിക്കാം അകലം

നിലവിലെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പുറത്തു പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വീടിനുള്ളില്‍ ഭക്ഷണം കഴിക്കല്‍ ടിവി കാണല്‍ പ്രാര്‍ത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആവുന്നതാകും നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

രാജ്യത്താകെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. നാലു ലക്ഷത്തില്‍പരം കേസുകളും നാലായിരത്തോളം മരണങ്ങളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ് ഇപ്പോള്‍ സംഭവിക്കുന്ന വ്യാപനം. ദേശീയതല വിദഗ്ധ സമിതികള്‍ ഉള്‍പ്പെടെ വിലയിരുത്തിയത് പരമാവധി രണ്ടര ലക്ഷത്തോളം കേസുകളാണ് കോവിഡ്-19 ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഉണ്ടാവുക എന്നായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 4 ലക്ഷവും കടന്നു മുന്നോട്ടുപോവുകയാണ്. ഈ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാല നിയന്ത്രണവും കഴിഞ്ഞ കുറച്ചു നാളുകളായി നടപ്പിലാക്കി വരുന്നു. രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തിലുമധികം ആയാല്‍ വലിയ വിപത്താകും സംഭവി ക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാന്‍ ആണ് ലോക്ഡൗണിലൂടെ ശ്രമിക്കുന്നത്.

ലോക്‌ഡൗൺ നടപ്പാക്കാൻ 25,000 പൊലീസ് ഉദ്യോഗസ്ഥർ

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ ജനസമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. വയോജനങ്ങളുടേയും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടേയും ജനസംഖ്യാപരമായ ഉയര്‍ന്ന അനുപാതവും കേരളത്തില്‍ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാല്‍ മറ്റു പലയിടത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണ സംഖ്യയും ഉയരും. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂ.

പുതുതായി രോഗികളാകുന്നവര്‍ക്ക് ഓക്സിജന്‍, ഐസിയു പോലുള്ള കാര്യങ്ങള്‍ ആവശ്യമായി വരിക മിക്കവാറും ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെതന്നെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഒരാഴ്ചയില്‍ കൂടുതല്‍ സമയം ലോക്ഡൗണിന്‍റെ ഗുണഫലം കാണുന്നതിനായി എടുക്കും. ലോക്ഡൗണിനപ്പുറമുള്ള നിയന്ത്രണമാണ് ഓരോരുത്തരും പാലിക്കേണ്ടത്.

ലോക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും. ലോക്ഡൗണ്‍ കാലത്ത് ചരക്ക് ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പൊലീസിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് പൊതുജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ നടപടികളുമായി പൂർണമായും എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പൊലീസിനെ ചുമതലപ്പെടുത്തി. ഫയര്‍ഫോഴ്സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്‍റെ നോഡല്‍ ഓഫിസര്‍.

വ്യാജസന്ദേശങ്ങൾ അയയ്ക്കുന്നവർക്കെതിരെ കേസ്

സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനത്തെ പരിഭ്രാന്തരാക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കഴിഞ്ഞ ദിവസങ്ങളിലും അത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക്ഡൗണ്‍ സംബന്ധിച്ച തെറ്റായ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ചെയ്യുന്ന തെറ്റിന്‍റെ ആഴം മനസിലാക്കാതെയാവും പലരും അവ ഷെയര്‍ ചെയ്യുന്നത്. കുറ്റവാളികള്‍ ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിട ങ്ങളിലെ സൈബര്‍ഡോമിനും നിര്‍ദ്ദേശം നല്‍കി.

ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ്സ് വാങ്ങണമെന്ന് ഇത്തവണ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി അന്ന് പുറത്തിറക്കിയ പാസ്സിന്‍റെ മാതൃകകള്‍ ഇപ്പോള്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണാജനകമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

ചിട്ടിത്തവണ പിരിക്കാൻ വീടുകളിൽ പോകരുത്

അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മ്മാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥന് ഉണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്‍റെ മാസത്തവണവാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഒഴിവാക്കേണ്ടതാണ്.

24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 22,325 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 12,684 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 64,59,650 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ആരോഗ്യസംവിധാനങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന സര്‍ജ് പ്ളാന്‍ അതിശക്തമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മുന്‍പുണ്ടായിരുന്ന 995 വെന്‍റിലേറ്ററുകള്‍ ഇപ്പോള്‍ 2293 ആയി ഉയര്‍ന്നിരിക്കുന്നു. ഐസിയു ബെഡുകള്‍ 1800-ല്‍ നിന്നും 2857 ഐസിയു ബെഡുകളായി വര്‍ദ്ധിപ്പികുകയും ചെയ്തു. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ സംവിധാനങ്ങള്‍ വേറെയുമുണ്ട്.

ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തിലും അവശ്യമായ നടപടികള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, എത്ര ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാലും രോഗവ്യാപനത്തിന്‍റെ തോത് നിയന്ത്രണാതീതമായാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാകും. പല വികസിത രാജ്യങ്ങളിലും ഉണ്ടായ ദുരന്തങ്ങള്‍ ഉദാഹരണങ്ങളായി നമുക്ക് മുന്‍പിലുണ്ട്.

എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ബെഡുകള്‍ എന്നിവയുടെ മാനേജമെന്‍റ് അതത് ജില്ലകളിലെ ഡിപിഎംഎസ്യു മുഖാന്തരമാണ് നടക്കുന്നത്. അതുകൊണ്ട്, ആര്‍ക്കെങ്കിലും ഈ സൗകര്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെങ്കില്‍ നേരിട്ട് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ സെല്ലുകളുമായി ബന്ധപ്പെടണം. ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കണം..

സംസ്ഥാനത്തെ രോഗികളില്‍ ഭൂരിഭാഗം പേരും വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ കഴിയുന്നു. സംസ്ഥാനത്ത് ആകെ 138 ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ ആണുള്ളത്. അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനു പുറമേ സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി, കോവിഡ് കെയര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, കാരുണ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നീ സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ എംപാനല്‍ ചെയ്യപ്പെടാത്ത സ്വകാര്യ ആശുപത്രികളുമുണ്ട്. പരമാവധി സ്വകാര്യ ആശുപത്രികളോടും കാരുണ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മികച്ച പ്രതികരണമാണ് അക്കാര്യത്തില്‍ ഇതുവരെ സ്വകാര്യ ആശുപത്രികളില്‍ നിന്നു
മുണ്ടായത്. രണ്ടാമത്തെ കോവിഡ് തരംഗത്തിന്‍റെ ആരംഭത്തില്‍ കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികള്‍ ഉണ്ടായിരുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ 165 ആശുപത്രികള്‍ ആയി വർധിച്ചു. അതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. 2020-ല്‍ രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖേന ഈ ഇനത്തില്‍ 88 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചിലവഴിച്ചു. എംപാനല്‍ ചെയ്യാനും ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാനും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ബെഡുകളുടെ വിതരണം ജില്ലാ കണ്‍ട്രോള്‍ സെന്‍ററുകള്‍ വഴിയാണ് നടത്തേണ്ടത്. അതിനാല്‍ എല്ലാ സ്വകാര്യ ആശുപത്രികളും അതാതിടത്തെ ബെഡുകളുടെ സ്റ്റാറ്റസ് ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ ഓരോ നാലു മണിക്കൂറിലും കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ബെഡുകള്‍ അനാവശ്യമായി ഉപയോഗിക്കപ്പെടുന്നത് തടയാനും രോഗികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പു വരുത്താനും ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ആശുപത്രികള്‍ പൂര്‍ണ സഹകരണം നല്‍കണം.

ഓക്സിജന്‍ ലഭ്യത

oxygen

∙ സംസ്ഥാനത്തിന്‍റെ കൈവശം ബള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ 6,008 എണ്ണമുണ്ട്.
∙ ബി ടൈപ്പ് സിലിണ്ടര്‍ 21,888
∙ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് 119.7 മെട്രിക് ടണ്‍
∙ ശരാശരി ഉപയോഗം 111.49 മെട്രിക് ടണ്‍
∙ സംസ്ഥാനത്തിന്‍റെ കൈവശം നിലവില്‍ 220.09 മെട്രിക് ടണ്‍ ഓക്സിജന്‍ ഉണ്ട്.

ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് 8 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും നിലവിലുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, എറണാകുളം, കോട്ടയം തൃശൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ഓക്സിജന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച പ്ലാന്‍റ് നാളെ കമ്മീഷനിങ് ചെയ്യും. 9 യൂണിറ്റുകള്‍ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകള്‍ക്ക് അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഈ സമയത്ത് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കാനുള്ള ചില കാര്യങ്ങളുണ്ട്. ഇടയ്ക്കിടെ സോപ്പിട്ടു കൈകള്‍ കഴുകുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കണം. പൊതു ഇടങ്ങളില്‍ ഇടപഴകുന്നത് ഒഴിവാക്കണം. അയല്‍പക്കക്കാരുമായി ഇടപഴകുന്നത് കുറയ്ക്കണം.

മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് ലക്ഷണക്കണക്കിനു പേർ കര്‍മ്മരംഗത്തുള്ളതിനിടെ ശ്മശാനത്തില്‍ തിരക്ക്, ഓക്സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീയുവാക്കളെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നാം നേരിടുന്നത് അസാധാരണമായ സാഹചര്യമാണ്. പലപ്പോഴും സൗകര്യങ്ങള്‍ പോരാതെ വരും. ഒന്നാം തരംഗ ഘട്ടത്തില്‍ ഉണ്ടായത് പോലുള്ള സൗകര്യങ്ങള്‍ ഇപ്പോഴും കിട്ടണമെന്നില്ല. അത് കൊണ്ടാണ് ലഭ്യമായ എല്ലാ ആശുപത്രികളും ആരോഗ്യ പരിപാലന സംവിധാനങ്ങളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതിന് സഹായം നല്‍കുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, ഈ ദുരന്തം അവസരമാക്കി എടുക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബസ്സിന് അമിത് ചാര്‍ജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അത്തരം നടപടികള്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന് സഹായം

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായ റെസിലിയന്‍റ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്‍റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും കണ്‍സഷണല്‍ ഫണ്ടിങ്ങായി 250 ദശലക്ഷം യുഎസ് ഡോളര്‍ ലഭ്യമാകാന്‍ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ച വ്യാധികളെയും മഹാമാരികളെയും ചെറുക്കാനുള്ള കേരളത്തിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതികളാണ് അതിന്‍റെ ഭാഗമായി നടപ്പാക്കുക. റെസിലിയന്‍റ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഒന്നാം ഘട്ടത്തിന് 2019 ഓഗസ്റ്റില്‍ വേള്‍ഡ് ബാങ്ക് 250 ദശലക്ഷം യുഎസ് ഡോളറിന്‍റെ സഹായം ലഭ്യമാക്കിയിരുന്നു. അതിനുശേഷം ജര്‍മന്‍ ഡെവലപ്മെന്‍റ് ബാങ്ക് 100 ദശലക്ഷം യൂറോയും ലഭ്യമാക്കിയിരുന്നു. ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി പൊതു സ്വകാര്യ ആസ്തികള്‍ മെച്ചപ്പെടുത്താനും അങ്ങനെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് റീബിള്‍ഡ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ഡിപാര്‍ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് അതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രാഥമിക പ്രോജെക്ട് പ്രൊപോസല്‍ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ആസ്തികളെ മെച്ചപ്പെടുത്തി അപകടങ്ങളെ അതിജീവിക്കാനും പ്രളയങ്ങളെ ചെറുക്കാനും ഹരിത കേരളത്തെ പുനര്‍നിര്‍മ്മിക്കാനും ഈ പദ്ധതി ഉപകരിക്കും. കോവിഡ്-19 മഹാമാരിക്കെതിരെയുള്ള സംസ്ഥാനത്തിന്‍റെ പോരാട്ടത്തെയും ഈ പദ്ധതി ശാക്തീകരിക്കും. ലോക ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കും. ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ ഏജന്‍സികളുമായി ബാധ്യതാ പത്രത്തില്‍ ഒപ്പു വെക്കും. മാര്‍ച്ച് മാസത്തില്‍ 210 ദശലക്ഷം യുഎസ് ഡോളറിന്‍റെ ഖരമാലിന്യ സംസ്കരണ പദ്ധതിക്കുള്ള സഹായം വേള്‍ഡ് ബാങ്ക് അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ ഉണ്ടായിരുന്നതിനാല്‍ അത് ആ ഘട്ടത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.

കാലാവസ്ഥ

ഇടിമിന്നല്‍ കൂടുതലായി ഉണ്ടാകുന്ന മാസം ആണ് ഇത്. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ തുറന്ന സ്ഥലങ്ങളിലും, മരച്ചുവട്ടിലും, ടെറസ്സിലും നില്‍ക്കുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Restriction in place for lockdown from May 8 to 16 says CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com