ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് കാലത്തു കേരള സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകളിൽ കേന്ദ്രത്തിന്റെ അരി വിഹിതമുണ്ടോ? തിരഞ്ഞെടുപ്പിനു മുൻപു തുടങ്ങിയ ഈ തർക്കം ഏറ്റുപിടിച്ചു ബിജെപി നേതാവ് എം.ടി.രമേശ് രംഗത്തെത്തുകയും സിപിഎം നേതാവ് എം.വി.ജയരാജൻ മറുപടി നൽകുകയും ചെയ്തതോടെ വിഷയം വീണ്ടും സജീവമായി.

സംസ്ഥാന സർക്കാരിന് ഒരൊറ്റ ഉത്തരമേയുള്ളൂ– കോവിഡ് കിറ്റ് സംസ്ഥാനം നൽകുന്നതാണ്. ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം കണ്ടെത്തുന്നത്. കേന്ദ്രത്തിന്റെ ഒരു വിഹിതവും കിറ്റിലില്ല. റേഷൻ കടകളിലൂടെ ബിപിഎൽ വിഭാഗങ്ങൾക്കു വിതരണം ചെയ്യാനുള്ള 5 കിലോ അരി മാത്രമാണു കേന്ദ്രം സൗജന്യമായി നൽകുന്നത്.

∙ സംസ്ഥാനത്തിന്റെ കോവിഡ് കിറ്റ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണു കഴിഞ്ഞ വർഷം മുതൽ ജനങ്ങൾക്കു കിറ്റു നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒരു മാസം 450 കോടിരൂപ ഇതിനു ചെലവുണ്ട്. ദുരിതാശ്വാസ നിധിയിൽനിന്നും ഖജനാവിൽനിന്നുമാണു പണം കണ്ടെത്തുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് അടുത്തയാഴ്ച വിതരണം ആരംഭിക്കുന്ന കിറ്റിലുള്ള സാധനങ്ങൾ: ചെറുപയർ (അര കിലോ), ഉഴുന്ന് (അര കിലോ), തൂവരപ്പരിപ്പ് (അര കിലോ), കടല (അര കിലോ), പഞ്ചസാര (1 കിലോ), തേയില (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), മ‍ഞ്ഞൾപൊടി (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റർ), ആട്ട (1 കിലോ), ഉപ്പ് (1 കിലോ), തുണിസഞ്ചി 1 എണ്ണം. ആകെ ഏകദേശ വില 438.50 രൂപ.

∙ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന അരി

കേന്ദ്രമാണു റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള അരി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നത്. കേന്ദ്രത്തിൽനിന്നുള്ള അരി കിറ്റായല്ല റേഷൻകട വഴി തൂക്കി കൊടുക്കുകയാണു ചെയ്യുന്നത്. സംസ്ഥാനത്ത് 89 ലക്ഷം കാർഡുടമകളുടെ കുടുംബത്തിലുള്ള 1.54 കോടി പേർക്കു കേന്ദ്രത്തിന്റെ അരി ലഭിക്കും. ഇതിൽ 31 ലക്ഷം വരുന്ന മഞ്ഞ, ചുവപ്പ് കാർഡുകാർക്ക് കോവിഡ് കാലത്തെ സ്പെഷൽ 5 കിലോ അരിക്കു പുറമേ ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യമായി ലഭിക്കും. 

മഞ്ഞ, ചുവപ്പു കാർഡുകാർക്കുള്ള 5 കിലോ സ്പെഷൽ ഭക്ഷ്യധാന്യത്തിന് 3 രൂപ അരിക്കും (കിലോ) 2 രൂപ ഗോതമ്പിനും സർക്കാർ പണം നൽകും. ആത്മനിർഭർ ഭാരത് പദ്ധതി വഴി സൗജന്യമായി ലഭിക്കുന്ന അരി വിതരണം ചെയ്യാൻ വണ്ടി വാടക, റേഷൻ കടക്കാരുടെ കമ്മിഷൻ, എഫ്സിഐ ഇറക്കുകൂലി എന്നിവ സംസ്ഥാനമാണു നൽകുന്നത്. ബാക്കിയുള്ള വെള്ള, നീല കാർഡുകാർക്ക് മാസം ലഭിക്കുന്ന നിശ്ചിത അളവ് ധാന്യത്തിനു പുറമേ 10 കിലോ സ്പെഷൽ അരി 15 രൂപ നിരക്കിലാണു നൽകുന്നത്. സംസ്ഥാന ഖജനാവിൽനിന്നാണ് ഇതിനുള്ള പണം ചെലവഴിക്കുന്നത്. മാസം 100 കോടിരൂപ ചെലവു വരും.

English Summary: Centre-State government dispute over free food kit overcome Covid crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com