ADVERTISEMENT

ചെന്നൈ∙ ആഗോള ടെൻഡർ വഴി കോവിഡ് വാക്സീന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 18-44 വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷൻ നൽകാൻ 13 ലക്ഷം വാക്സീൻ ഡോസുകൾ അനുവദിക്കുന്നത് പര്യാപ്തമല്ലെന്ന് സർക്കാർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ തമിഴ്‌നാട്ടിലേക്കുള്ള ഓക്സിജൻ വിഹിതം 280 ടണ്ണിൽനിന്ന് 419 ടണ്ണായി ഉയർത്തിയെങ്കിലും അതും പര്യാപ്തമല്ല. ‌തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ പ്ലാന്റില്‍നിന്ന് ഓക്സിജന്‍ ഉല്‍പാദനം തുടങ്ങി. ആദ്യ ലോഡ് തിരുനെല്‍വേലി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതായി തൂത്തുക്കുടി കലക്ടര്‍ അറിയിച്ചു. ഇതോടെ ഓക്സിജനായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. അടിയന്തര സഹായം തേടിയതിനെ തുടര്‍ന്ന് ബുധനാഴ്ച കേരളം ഒരു ടാങ്കര്‍ ലോറി ഓക്സിജന്‍ മധുര മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചിരുന്നു.

അതിനിടെ, സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിൽ കിടക്ക ലഭിക്കാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനെ തുടർന്ന് നാലുമണിക്കൂറിലേറെ ഇവർ ആംബുലന്‍സില്‍ കാത്തുകിടന്നു. ഡോക്ടര്‍മാര്‍ ആംബുലന്‍സുകളിലെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും നാലുപേരും മരിച്ചു.

ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രതിസന്ധി തുടങ്ങിയത്. ആശുപത്രിയിലെ 1200 കിടക്കളും നിറഞ്ഞു. റഫറല്‍ കേന്ദ്രമായ ഇവിടേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളായ കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ എന്നിവിടങ്ങളില്‍നിന്നും രോഗികളുമായി ആംബുലന്‍സുകള്‍ എത്തുന്നുണ്ട്. ഓക്സിജനും വെന്റിലേറ്ററുകളും ആവശ്യമുള്ള രോഗികളുടെ എണ്ണം പെട്ടെന്നു വര്‍ധിക്കാന്‍ തുടങ്ങിയതാണു പ്രതിസന്ധിക്കിടയാക്കിയത്.

English Summary: Tamil Nadu to buy Covid vaccines from other countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com