ADVERTISEMENT

കോഴിക്കോട്∙ അടിയന്തര സാഹചര്യം എന്ന് വിശദീകരിച്ച് പാറമടകളുടെ അനുമതി അപേക്ഷകൾ പരിഗണിക്കാൻ പര്യടനം നടത്തിയിരുന്ന വനം ഉന്നത സംഘം, ഉദ്യമം മതിയാക്കി തലസ്ഥാനത്തേക്കു മടങ്ങി. പാലക്കാട്ടെ ‘പഠനം’ പൂർത്തിയാക്കി, ഉദ്യോഗസ്ഥർ നിലമ്പൂരിലേക്ക് തിരിച്ചെങ്കിലും തലസ്ഥാനത്തു നിന്ന് ‘വിളി’ വന്നതിനെ തുടർന്ന് പാതി വഴിയിൽ യാത്ര അവസാനിപ്പിച്ച് തിരിവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. കോഴിക്കോട്ടെ 8 ക്വാറി അപേക്ഷകളും വയനാട്ടിൽ ബത്തേരി, കുറിച്യാട്, തോൽപ്പെട്ടി റേഞ്ചുകളിലെ സന്ദർശനവും സംഘം റദ്ദാക്കി. 

ചാലക്കുടി, പീച്ചി – വാഴാനി പ്രദേശങ്ങളിലെ സന്ദർശനത്തിനു ശേഷം പറമ്പിക്കുളത്താണ് സംഘം താമസിച്ചിരുന്നത്. സാമൂഹിക വനവൽക്കരണ വിഭാഗത്തിന് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാൻ ചകിരി കൊണ്ടുള്ള ചട്ടി വാങ്ങുന്നതിനെ കുറിച്ച് പൊള്ളാച്ചിയിൽ പോയി ചർച്ച നടത്തി. പിന്നീട് ഒലവക്കോട് വന്ന് നിലമ്പൂരിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. പാതി വഴിയിലാണ് സംഘത്തിന് ഫോണിൽ നിർദേശം വന്നത്. ഇതോടെ ശേഷിച്ച പരിശോധനകൾ റദ്ദാക്കി മടങ്ങാൻ തീരുമാനിച്ചു. കോഴിക്കോട്ടും വയനാട്ടിലും ഉന്നതരെ കാത്തിരുന്ന ഉദ്യോഗസ്ഥർക്ക് അറിയിപ്പും നൽകി. 

കോവിഡ് ലോക്ഡൗൺ സമയത്ത് പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിനെ കുറിച്ച് പഠിക്കാൻ വേണ്ടി ഉന്നത സംഘത്തിന്റെ പര്യടനം ഏറെ വിവാദമായിരുന്നു. വിരമിക്കുന്നതിന്റെ വക്കിലെത്തി നിൽക്കുന്ന ചിലർക്ക് പണപ്പിരിവ് നടത്താൻ വേണ്ടിയാണ് ഈ ‘അടിയന്തര പഠനം’ എന്ന് വനം വകുപ്പിനുള്ളിൽ തന്നെ സംസാരമുയർന്നു. ഇതേ കുറിച്ച് ‘മനോരമ’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിജിലൻസ് ഉന്നതങ്ങളിൽ ഈ പര്യടനത്തിലുള്ള ഉദ്യോഗസ്ഥരെ കുറിച്ച് ചോദ്യം ഉയർന്നതിനെ തുടർന്നാണ് സംഘത്തിന്റെ പിൻമാറ്റമെന്നും സൂചനയുണ്ട്.

English Summary: Special team stops inspection on quarries after a call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com