ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ കുറവുണ്ടെങ്കിലും രോഗം അതിവേഗം പടരുന്ന ഗ്രാമങ്ങളിലെ പരിശോധനയുടെ അഭാവം മൂലം കണക്കുകൾ വിശ്വസനീയമല്ലെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തു കോവിഡ് ഏറ്റവും മാരകമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ പ്രതിദിന കേസുകളുടെ എണ്ണം നാലു ലക്ഷം കടന്നിരുന്നു.

കുറച്ചു ദിവസങ്ങളായി എണ്ണത്തിൽ കുറവുണ്ടെങ്കിലും മഹാമാരിയുടെ തീവ്രത പിന്നിട്ടതായി പറയാനാവില്ലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പുതിയ വൈറസ് വകഭേദമായ ബി.1.617 ഇന്ത്യയിലും വിദേശത്തും കൂടുതലായി പിടിമുറുക്കുന്നെന്നും മുന്നറിയിപ്പുണ്ട്. ‘രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും രോഗത്തിന്റെ തീവ്രത അനുഭവിച്ചിട്ടില്ല, അവിടങ്ങളിൽ കേസ് ഉയരുകയാണ്’– ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനെ ഉദ്ധരിച്ച് ദ് ഹിന്ദു റിപ്പോർട്ട് ചെയ്തു.

‘സാഹചര്യം ഇനിയും മോശമായേക്കാം എന്നതിന്റെ സൂചനയാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്ക്. മിക്ക സംസ്ഥാനങ്ങളിലും പരിശോധന ഇപ്പോഴും അപര്യാപ്തമാണ്. ഉയർന്ന പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്, മതിയായ പരിശോധനയില്ല എന്നതാണ്. കേസുകളുടെ എണ്ണം കുറയുന്നു എന്നതുകൊണ്ട് പ്രത്യേകിച്ച് അർഥമില്ല. എത്രമാത്രം പരിശോധന നടത്തി, പോസിറ്റിവിറ്റി നിരക്ക് എത്ര എന്നിവയാണു കണക്കാക്കേണ്ടത്’– സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

Soumya Swaminathan
സൗമ്യ സ്വാമിനാഥൻ

കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 2,81,386 കേസുകളാണു സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 4,106 പേർ മരിച്ചു. ഏപ്രിൽ 21ന് ശേഷം ആദ്യമായാണു കേസുകൾ മൂന്നു ലക്ഷത്തിൽ താഴെയാകുന്നത്. ഇതുവരെ മൊത്തം 2,74,390 മരണങ്ങളുണ്ടായി. മോർച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ നിറയുകയാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്ത കാരണം ആശുപത്രികളിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കാത്ത അവസ്ഥ മിക്കയിടത്തും കാണാം.

പകർച്ചവ്യാധിയുടെ യഥാർഥ ആഘാതത്തെ ഔദ്യോഗിക കണക്കുകൾ വളരെ കുറച്ചു കാണുന്നുവെന്നു വ്യാപക ആക്ഷേപമുണ്ട്. ചില വിദഗ്ധർ പറയുന്നതു യഥാർഥ കേസുകളും മരണങ്ങളും 5 മുതൽ 10 മടങ്ങ് വരെ കൂടുതലാകാമെന്നാണ്. ഇന്ത്യ പൂർണമായും വാക്സീൻ കുത്തിവയ്പ് നടത്തിയത് 40.4 ദശലക്ഷം ആളുകൾക്കു മാത്രമാണെന്നതും ആശങ്കയുളവാക്കുന്നു. ജനസംഖ്യയുടെ 2.9 ശതമാനത്തിനു മാത്രമെ രണ്ടു ഡോസ് വാക്സീനും കിട്ടിയിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: India Cases Lower But WHO Expert Says Positive Tests Ominously High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com