ADVERTISEMENT

തിരുവനന്തപുരം∙ ഏക എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിപദവി വിഭജിച്ച് സിപിഎം എല്ലാവരെയും തൃപ്തരാക്കിയപ്പോഴും എല്‍ജെഡിയെ പൂര്‍ണമായും തഴഞ്ഞു. ആദ്യം മന്ത്രിസ്ഥാനം പ്രതീക്ഷിച്ച കെ.ബി.ഗണേഷ്കുമാറിനെ രണ്ടാം ടേമിലേക്ക് പരിഗണിച്ചതില്‍ കേരള കോണ്‍ഗ്രസ് ബിക്ക് അതൃപ്തിയുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയാറായില്ല. രണ്ടു ക്യാബിനറ്റ് റാങ്കുകള്‍ നേടിയ കേരള കോണ്‍ഗ്രസ് മുന്നണിയിലെ മൂന്നാമത്തെ കക്ഷിയെന്ന് വീണ്ടു ഉറപ്പിച്ചു.

യുഡിഎഫ് വിട്ടുവന്ന കക്ഷിയെന്ന പരിഗണന പോലും നല്‍കാതെയാണ് എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചത്. നാലു കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ നല്‍കിയപ്പോള്‍ അതില്‍ പരിഗണിക്കപ്പെടുമെന്ന് അവസാന നിമിഷം വരെ എല്‍ജെഡി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനതാദള്‍ എസുമായി ലയിച്ചില്ലെന്ന കാരണം പറഞ്ഞ് സിപിഎം തള്ളി. രണ്ടാം ടേമില്‍ എല്‍ജെഡിയെ പരിഗണിക്കണമെന്ന നിര്‍ദേശം മാത്രം ജനതാദളിന് സിപിഎം നല്‍കി. എന്തുകൊണ്ട് എല്‍ജെഡി ഒഴിവാക്കപ്പെട്ടുവെന്ന ചോദ്യത്തിന് ഇടതുമുന്നണി കണ്‍വീനറുടെ മറുപടി 21 മന്ത്രിമാരേ ഉള്ളൂ എന്നതായിരുന്നു.

സീറ്റുവിഭജനത്തിലെ പോലെ മന്ത്രിസഭാ രൂപീകരണത്തിലും കേരള കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന കിട്ടി. റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍. ജയരാജ് ചീഫ് വിപ്പുമാകും. ഫിഷറീസ് മന്ത്രിയാവാന്‍ സാധ്യതയുള്ള ആന്‍റണി രാജു രണ്ടാം ടേമില്‍ മന്ത്രിയാവാനാണ് ആഗ്രഹിച്ചത്. പക്ഷേ, സാമുദായികഘടകം ആദ്യ ടേമില്‍ മന്ത്രിസഭിയിലേക്ക് വരുന്നതില്‍ ആന്‍റണി രാജുവിന് അവസരം ഒരുക്കുകയായിരുന്നു.

ഏറെക്കാലമായി മുന്നണിയോട് സഹകരിക്കുന്ന ഐഎന്‍എലിനു നല്‍കിയ മന്ത്രിപദവി അര്‍ഹമായ അംഗീകാരമായി. അഹമ്മദ് ദേവര്‍കോവിലൂടെ മന്ത്രിസഭയുടെ പുതുമുഖശോഭ കൂടുകയാണ്. മികച്ച മന്ത്രിയെന്ന് പേരെടുത്തിട്ടുള്ള കെ.ബി.ഗണേഷ്കുമാറിനെ ആദ്യ ടേമില്‍ പരിഗണിക്കാതിരുന്നത് സഖ്യകക്ഷികള്‍ പോലും പ്രതീക്ഷിച്ചില്ല. പാര്‍ട്ടിക്ക് അതൃപ്തയിണ്ടെങ്കിലും മുന്നണിയിലോ പുറത്തോ ഗണേഷ് അതു പ്രകടമാക്കിയില്ല.

ജനാതാദള്‍ എസില്‍നിന്ന് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാവും. മാത്യു ടി.തോമസിനെ ഒഴിവാക്കിയാണ് കൃഷ്ണന്‍കുട്ടി വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നത്. രണ്ടാം ടേമിലെ മന്ത്രിയാവുന്നുള്ളൂ എങ്കിലും കടന്നപ്പള്ളി രാമചന്ദ്രൻ വിഎസ് സര്‍ക്കാരില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നാമത്തെ ഇടതു സര്‍ക്കാരിലാണ് മന്ത്രിയാവുന്നത്.

Content Highlights: CPM, LDF, LJD, Kerala Congress B

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com