ADVERTISEMENT

മുംബൈ ∙ ടൗട്ടെ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ, റായ്ഗഡ്, പാൽഘർ, മുംബൈ, താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്നലെ ഗോവാതീരത്ത് ചുഴലിക്കാറ്റ് എത്തിയതിനു പിന്നാലെ കൊങ്കൺ മേഖലയിലടക്കം മഹാരാഷ്ട്രയുടെ തീരപ്രദേശത്ത് ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തു. പലയിടങ്ങളിലും കാറ്റിനു ശക്തി കൂടി. തീരദേശ ജില്ലകളിലെങ്ങും കറുത്തിരുണ്ട ആകാശമായിരുന്നു ഇന്നലെ.

പൻവേൽ അടക്കം നവിമുംബൈയുടെ ഒരുഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിൽ ഇന്ന് അതിശക്തമായ മഴയാണ് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മുംബൈ നഗരം ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സഞ്ചാരപഥത്തിൽ വരുന്നില്ലെങ്കിലും മുംബൈ തീരത്തിനു സമീപത്തുകൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത് എന്നതിനാൽ അതിന്റെ പ്രതിഫലനം നഗരത്തിലുണ്ടാകും. ദേശീയ ദുരന്തനിവാരണ സേനയടക്കം രംഗത്തുണ്ടെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആളുകൾ ജാഗ്രത പുലർത്തണമെന്നും സർക്കാരും കോർപറേഷനും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുംബൈ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.

കോവിഡ് ബാധിതരെ മാറ്റി

ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് മുംൈബയിൽ മൈതാനങ്ങളിലടക്കമുള്ള താൽക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് അറുന്നൂറോളം രോഗികളെ വിവിധ സർക്കാർ കോവിഡ് ആശുപത്രികളിലേക്കു മാറ്റി. ബാന്ദ്ര-കുർള കോംപ്ലക്സിലെ ജംബോ കോവിഡ് സെന്ററിൽ നിന്ന് 243 പേരെയും ദഹിസറിലെ കേന്ദ്രത്തിൽ നിന്ന് 183 പേരെയും മുളുണ്ട് ജംബോ സെന്ററിൽ നിന്ന് 154 പേരെയുമാണ് സെവൻ ഹിൽസ് അടക്കം വിവിധ ആശുപത്രികളിലേക്കു മാറ്റിയത്. ബാന്ദ്രയിൽ നിന്നു വർളിയിലേക്കു കടലിനു കുറുകെയുള്ള സീലിങ്ക് ഇന്ന് അടച്ചേക്കും. 

കാറ്റിൽ മരം വീണുള്ള അപകടങ്ങൾക്കു സാധ്യതയുള്ളതിനാൽ അടിയന്തര ഇടപെടലിന് എല്ലാ വാർഡ് ഓഫിസർമാർക്കും മുംബൈ കോർപറേഷൻ നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ മാറ്റിപ്പാർപ്പിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാനും ബന്ധപ്പെട്ടവരോടു നിർദേശിച്ചിട്ടുണ്ട്.

English Summary: Cyclone Tauktae to bring heavy rain over Madhya Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com