ADVERTISEMENT

കൊല്ലം ∙ ‘ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തു ലക്ഷത്തിൽ താഴെ വിലവരുന്ന ഒരു കാർ.. എന്നിട്ടും’– കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ പിതാവ് മാധ്യമങ്ങളോടു നെഞ്ചുപൊട്ടി പറഞ്ഞ വാക്കുകളാണിത്. കല്യാണത്തിനു ശേഷം കാർ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും അച്ഛൻ ത്രിവിക്രമന്‍ നായർ പറയുന്നു. വായ്പയെടുത്താണു വാഹനം വാങ്ങിയത്. അതുകൊണ്ടാണു പണം ചോദിച്ചപ്പോൾ നൽകാൻ കഴിയാതിരുന്നത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് ആരോപിച്ചു.

നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകളും പുറത്തുവന്നിരുന്നു. ‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’– ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകൾ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാർ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച പുലർച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും. കേസെടുത്തെന്നും റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. വിസ്മയയുടേത് കൊലപാതകം തന്നെയാണെന്നു സഹോദരൻ വിജിത് ആരോപിച്ചു. വിസ്മയ നിരന്തരം സ്ത്രീധനപീഡനം അനുഭവിച്ചിരുന്നു. വീട്ടിൽ വന്നു നിൽക്കുന്ന സാഹചര്യമുണ്ടായി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചു കിരൺ രക്ഷപ്പെടാൻ ശ്രമിക്കുന്നതായും വിജിത് പറഞ്ഞു.

Kollam Vismaya Death
വിസ്മയയ്ക്കു പരുക്കേറ്റതിന്റെ ചിത്രങ്ങൾ.

English Summary: Kollam Vismaya death- Father's reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com