ADVERTISEMENT

കൊച്ചി∙ വിസ്റ്റാഡോം കോച്ചുകൾക്കുള്ള കേരളത്തിന്റെ കാത്തിരിപ്പു നീളുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു നിർമിച്ചിരിക്കുന്ന ഗ്ലാസ് സീലിങ്ങുകളും വീതിയേറിയ ഗ്ലാസ് ജനാലകളുമുള്ള എസി കോച്ചുകളാണു വിസ്റ്റാഡോം കോച്ചുകൾ. പുറത്തെ മനോഹര കാഴ്ചകൾ മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന കോച്ചുകളിൽ 44 സീറ്റുകളാണുള്ളത്. റൊട്ടേറ്റിങ് ചെയറുകളാണു നൽകിയിരിക്കുന്നത്. മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന കോച്ചുകൾ സമീപകാലത്തു മംഗളൂരു – യശ്വന്തപുര റൂട്ടിലും സർവീസ് ആരംഭിച്ചിട്ടുണ്ട്. സർവീസ് വലിയ വിജയമാണ്.

vistadom-1
വിസ്റ്റാഡോം കോച്ചിൽ യാത്ര ചെയ്യുന്നവർ

റെയിൽ ടൂറിസം പ്രോൽസാഹിപ്പിക്കാനായി തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 41 കോച്ചുകളാണു റെയിൽവേ പുറത്തിറക്കിയത്. വിവിധ സോണുകളിൽ ഇവ സർവീസ് നടത്തുണ്ട്. മുംബൈ – പുണെ സെക്‌ഷനിലാണു ആദ്യമായി വിസ്റ്റാഡോം കോച്ച് സർവീസ് ആരംഭിച്ചത്. വിസ്റ്റാഡോം കോച്ചുകളുടെ പുറകുവശത്തും വലിയ നിരീക്ഷണ സൗകര്യമുണ്ട്. സിസിടിവി ക്യാമറകൾ, ഒാട്ടമാറ്റിക് ഡോറുകൾ, മിനി പാൻട്രി എന്നിവയാണു കോച്ചുകളുടെ മറ്റു സവിശേഷതകൾ. 

കേരളത്തിൽ എറണാകുളം – തിരുവനന്തപുരം (ആലപ്പുഴ വഴി), ഷൊർണൂർ – നിലമ്പൂർ, കൊല്ലം – ചെങ്കോട്ട പാതകളിൽ വിസ്റ്റാഡോം കോച്ചുകൾക്കു ശുപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. 

ഈ പാതകളിൽ ഇത്തരം കോച്ചുകൾക്കു നല്ല സാധ്യതയാണുള്ളത്. മേഖലയിലെ ടൂറിസം വികസനത്തിനും ഇതു സഹായിക്കും. ചെങ്കോട്ട പാതയിൽ ചെന്നൈ എഗ്‌മൂർ – കൊല്ലം എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കുമെന്നു ദക്ഷിണ റെയിൽവേ എംപിമാർക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഷൊർണൂർ – നിലമ്പൂർ പാതയും കൊല്ലം – ചെങ്കോട്ട പാതയുമാണു റെയിൽവേ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഏറ്റവും മനോഹര റൂട്ടുകളെന്ന പേരിൽ സ്ഥിരമായി ചിത്രങ്ങൾ വരുന്ന കേരളത്തിലെ സെക്‌ഷനുകൾ. 

ആവശ്യത്തിനു ട്രെയിനോടിക്കാതെ പടമെടുക്കാൻ മാത്രമായി എന്തിനാണ് ഈ െറയിൽവേ പാതകളെന്നാണു യാത്രക്കാരുടെ ചോദ്യം. നിലമ്പൂർ – ഷൊർണൂർ റൂട്ടിൽ വിസ്റ്റാഡോം കോച്ച് ലഭിക്കാനായി യാത്രക്കാരുടെ സംഘടനകൾ ഏറെ പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏതു ട്രെയിനിൽ ഘടിപ്പിക്കും എവിടെ അറ്റകുറ്റപ്പണി നടത്തും എന്നു തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളാണു പാലക്കാട് ഡിവിഷൻ അധികൃതർ ഉന്നയിക്കുന്നതെന്നു അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

വിസ്റ്റാഡോം കോച്ചുകൾ നിർമിക്കുന്നത് ആധുനിക എൽഎച്ച്ബി കോച്ചുകളുപയോഗിച്ചാണ്. എന്നാൽ കൊല്ലം – ചെങ്കോട്ട സെക്‌ഷനിലും ഷൊർണൂർ – നിലമ്പൂർ റൂട്ടിലും പരമ്പരാഗത ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകളുപയോഗിച്ചുള്ള ട്രെയിൻ സർവീസുകളാണുള്ളത്. ഐസിഎഫ് വിസ്റ്റാഡോം കോച്ചുകളും റെയിൽവേ സോണുകൾ ആവശ്യപ്പെട്ടപ്പോൾ കോച്ച് ഫാക്ടറികൾ നിർമിച്ചു നൽകിയിട്ടുണ്ട്. കൊല്ലം – ചെങ്കോട്ട പാതയിൽ ശുപാർശ ചെയ്തിട്ടുള്ള എറണാകുളം – വേളാങ്കണ്ണി ട്രെയിൻ പുതിയ തരം എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസാണ്. കഴിഞ്ഞ 2 വർഷമായി ദക്ഷിണ റെയിൽവേ ശുപാർശ ചെയ്യുന്ന ഈ സർവീസ് ആരംഭിച്ചാൽ അതിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കാൻ കഴിയും. 

vistadom-3
വിസ്റ്റാഡോം കോച്ചിൽനിന്ന് ചിത്രങ്ങൾ പകർത്തുന്ന യാത്രക്കാർ

തിരക്കുള്ള ചെന്നൈ – കൊല്ലം ട്രെയിനിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ചാൽ സാധാരണ യാത്രക്കാർക്കുള്ള ഒരു കോച്ച് കുറയുമെന്ന ആശങ്കയുണ്ട്. ഗാട്ട് സെക്‌ഷനായ ഈ പാതയിൽ ട്രെയിനുകൾക്കു 14 കോച്ചുകൾക്കുള്ള അനുമതിയാണുള്ളത്. ഇടക്കാലത്ത് കോച്ചുകളുടെ എണ്ണം 16 ആക്കിയെങ്കിലും വീണ്ടും അതു കുറച്ചിട്ടുണ്ട്. നിലമ്പൂർ – ഷൊർണൂർ പാതയിൽ സർവീസ് നടത്തുന്ന കോട്ടയം – നിലമ്പൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് നൽകണമെന്ന് ആവശ്യമുയർന്നെങ്കിലും കോട്ടയം – നാഗർകോവിൽ ട്രെയിനുമായി റേക്ക് ലിങ്കുള്ളതിനാൽ പ്രായോഗികമല്ലെന്ന നിലപാടാണു റെയിൽവേയ്ക്കുള്ളത്. എന്നാൽ മറ്റു സാധ്യതകൾ തേടണമെന്നാണു സംഘടനകളുടെ നിർദേശം. 

vistadom-2
കോച്ചിന്റെ ഉൾവശം

പകൽ സമയം സർവീസ് നടത്തുന്ന ഏതെങ്കിലും ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ വിസ്റ്റാഡോം കോച്ച് വേണമെന്നാണ് ആവശ്യം. ഐസിഎഫ് വിസ്റ്റാഡോം കോച്ച് വിശാഖപട്ടണം – അറക്കുവാലി സെക്‌ഷനിലുണ്ട്. പാലക്കാട് – കോയമ്പത്തൂർ സെക്‌ഷനും മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന യാത്രയായതിനാൽ കോയമ്പത്തൂർ – നിലമ്പൂർ റൂട്ടിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കുകയാണെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നം പരിഹരിക്കാൻ കഴിയും. എൽഎച്ച്ബി കോച്ചുകളുടെ അറ്റകുറ്റപ്പണി 3500 കിലോമീറ്റർ ഒാടിക്കഴിയുമ്പോളാണെന്നിരിക്കെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ പ്രാഥമിക അറ്റകുറ്റപ്പണി വേണ്ടി വരുന്നുള്ളു. ഒരു ദിവസം അറ്റകുറ്റപ്പണിക്കായി മാറ്റി വച്ചാൽ പോലും ബാക്കി 6 ദിവസവും സർവീസ് നടത്താൻ റെയിൽവേയ്ക്കു തടസമില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

English Summary: Kerala waiting for vistadome coach train services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com