ADVERTISEMENT

കൊച്ചി∙ നായ്ക്കളെ കൊന്ന സംഭവത്തിൽ നഗരസഭാ അധ്യക്ഷയ്ക്കെതിരെ പ്രതിഷേധിച്ചതല്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. മറ്റു പലരും ഇട്ട പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. താനായിട്ട് ആരുടെയും ഫോട്ടോ ഇട്ടിട്ടില്ല. നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്. ഇനിയും  പ്രതികരിക്കും. ഇങ്ങനെ ഒരു പരാതി കൊടുത്ത വിവരം പോലും മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞത്. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ നിയമപരമായ വഴിയിലൂടെ നേരിടുമെന്നും അവർ പറഞ്ഞു.

പട്ടികജാതി, പട്ടിക വർഗക്കാർക്കെതിരായ അതിക്രമത്തിനു കേസെടുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. അവർ ഈ വിഭാഗത്തിൽ വരുന്ന ആളാണെന്ന് അറിയുന്നതു പോലും പരാതി കൊടുത്ത ശേഷമാണ്. എന്തു കൊണ്ടാണ് ഇത്തരത്തിൽ ബന്ധമില്ലാത്ത പരാതി കൊടുത്തത് എന്നറിയില്ല. പൊലീസെടുത്ത കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇവർക്കെതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. അതിൽ നിന്നു ശ്രദ്ധ തിരിക്കാനാകും തന്നെ പോലെയുള്ളവർക്കെതിരെയുള്ള പരാതി എന്നാണ് കരുതുന്നത്.

മറ്റാവശ്യങ്ങൾക്കുള്ള ഫണ്ടെടുത്ത് മൃഗങ്ങളെ കൊല്ലാൻ ആളെ കൊണ്ടു വരുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മാത്രമല്ല, ജോലിയിൽ ഇത്ര ഉത്തരവാദിത്തമില്ലാതെ ആരും ചെയ്യാനും പാടില്ല. തെറ്റായ കാര്യം ചെയ്യുമ്പോൾ പ്രതികരിക്കും. ഇവർക്കെതിരെ പ്രതികരിച്ചവരെ നോക്കി പരാതി നൽകുകയായിരുന്നു എന്നാണ് മനസ്സിലായതെന്നും രഞ്ജിനി മനോരമ ഓൺലൈനോടു പറഞ്ഞു.

പട്ടികജാതിക്കാരിയായ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും അനാവശ്യമായി തന്റേ പേര് കേസിലേക്കു വലിച്ചിഴച്ചെന്നും കാണിച്ച് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ചിത്രം ദുരുപയോഗം ചെയ്തെന്നും സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തിയെന്നുമാണ് ഇവരുടെ പരാതി. ഔദ്യോഗിക പദവിയിൽ നിന്നു നീക്കുന്നതു ലക്ഷ്യമിട്ടുള്ള കൂട്ടായ ആക്രമണമാണ് നടക്കുന്നത്. സാമൂഹിക പ്രവർത്തക എന്ന നിലയിൽ തന്റെ സൽപേരിനു കളങ്കം വരുത്തുന്നതായി ഇവരുടെയും നടപടി. അതുകൊണ്ടു തന്നെ പട്ടികജാതി പട്ടിക വകുപ്പുകാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും നടപടി എടുക്കണമെന്നാണ് അജിതാ തങ്കപ്പന്റെ ആവശ്യം.

English Summary: Ranjini Haridas on heinous killing of dogs in Thrikkakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com