ADVERTISEMENT

തിരുവനന്തപുരം∙ റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിനെന്താണ് കാര്യം? അതറിയണമെങ്കിൽ തിരുവനന്തപുരത്ത് ബേക്കറി ജംക്‌ഷനു സമീപം വാൻറോസ് ജംക്‌ഷനിലുള്ള റഷ്യൻ കോൺസുലേറ്റ് ഓഫിസിൽ എത്തിയാൽ മതി. ഞായറാഴ്ച നടക്കുന്ന റഷ്യൻ പാർലമെന്റ് തിര‍ഞ്ഞെടുപ്പിന്റെ വോട്ടിങ് കേന്ദ്രമാണിവിടം. കേരളത്തിലുള്ള റഷ്യൻ പൗരൻമാരാണ് ഇവിടത്തെ വോട്ടർമാർ. ബൂത്തും ബാലറ്റ് പെട്ടിയുമെല്ലാം സജ്ജമായി. സീൽ ചെയ്തു ഭദ്രമാക്കിയ ബാലറ്റ് പേപ്പറും എത്തി. 

ഞായറാഴ്ച രാവിലെ 11 മുതൽ 2 വരെ റഷ്യൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വോട്ട് ചെയ്യും. തിരുവനന്തപുരത്തെ റഷ്യൻ കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ, അസി.ഡയറക്ടർ കവിത നായർ എന്നിവർക്കൊപ്പം ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റിൽ നിന്നെത്തിയ രണ്ടു റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്നാണ് കേരളത്തിൽ റഷ്യൻ തിരഞ്ഞെടുപ്പ് നടത്തുന്നത്. 

പാസ്പോർട്ട് വോട്ട്

വിനോദ സഞ്ചാരികൾ ഉൾപ്പെടെ കേരളത്തിലാകെ നൂറോളം റഷ്യക്കാരാണിപ്പോഴുള്ളതെന്നു രതീഷ് സി.നായർ പറഞ്ഞു. പകുതിയോളം ഇവിടെനിന്നു വിവാഹം ചെയ്തു കഴിയുന്നവരാണ്. തിരുവനന്തപുരത്തുള്ള മുപ്പതോളം പേർ മാത്രമേ വോട്ട് ചെയ്യാനെത്തുകയുള്ളൂവെന്നാണ് കണക്കുകൂട്ടൽ. കോവളം, വർക്കല എന്നിവിടങ്ങളിലാണ് ഇവർ തങ്ങുന്നത്. പാസ്പോർട്ടാണ് വോട്ടെടുപ്പിനുള്ള തിരിച്ചറിയൽ രേഖ. റഷ്യൻ പാസ്പോർട്ടുമായി വരുന്നവർക്ക് വോട്ട് ചെയ്യാം. വോട്ടെടുപ്പ് കഴിഞ്ഞാൽ ബാലറ്റ് പെട്ടി സീൽ ചെയ്ത് ചെന്നൈ കോൺസുലേറ്റ് വഴി റഷ്യയിലേക്ക് അയയ്ക്കും. 

ഇന്ത്യയിൽ റഷ്യൻ എംബസിയുള്ള ഡൽഹി, കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്ന മുംബൈ, കൊൽക്കത്ത, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങൾക്കു പുറമേ തമിഴ്നാട്ടിലെ കൂടംകുളം, പുതുച്ചേരി എന്നിവിടങ്ങളിലും റഷ്യൻ തിരഞ്ഞെടുപ്പുണ്ട്. ഇതിൽ കൂടംകുളത്ത്  വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.  കൂടംകൂളം ആണവ നിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ ശാസ്ത്രജ്ഞരും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ അവിടെ വോട്ട് ചെയ്തു. പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയായി. ബാക്കി കേന്ദ്രങ്ങളിൽ 19ന് ആണ് വോട്ടെടുപ്പ്. 

വോട്ട് പാർട്ടിക്ക്

റഷ്യൻ പാർലമെന്റായ ‘ദുമ’യിലെ 450 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണിപ്പോൾ നടക്കുന്നത്. ഇതിൽ പകുതി(225) സീറ്റിൽ മണ്ഡല അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിൽ റഷ്യയിലുള്ളവർക്കു മാത്രമാണ് വോട്ട് ചെയ്യാനാവുക. ബാക്കി 225 സീറ്റിൽ സ്ഥാനാർഥികളല്ല ദേശീയ അംഗീകാരമുള്ള പാർട്ടികളാണ് മത്സരിക്കുന്നത്. ഈ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് റഷ്യൻ പൗരൻമാർ ഉള്ള വിദേശ രാജ്യങ്ങളിലും കോൺസുലേറ്റുകൾ മുഖേന വോട്ടെടുപ്പ് സൗകര്യം ഒരുക്കുന്നത്.

സ്ഥാനാർഥികൾക്കല്ല, പാർട്ടിക്കാണ് വിദേശത്തുള്ള റഷ്യക്കാർ വോട്ട് ചെയ്യുന്നത്. ഓരോ പാർട്ടിക്കും കിട്ടുന്ന വോട്ടിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 225 വിഭജിക്കപ്പെടും. അതിലേക്കുള്ള പ്രതിനിധികളെ ആ പാർട്ടി നിശ്ചയിക്കും. ഈ രീതിയിൽ ലഭിക്കുന്ന സീറ്റുകളും മണ്ഡലാടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിലെ സീറ്റുകളും ചേർത്ത് ഭൂരിപക്ഷം നേടുന്ന പാർട്ടിയാവും ഭരണത്തിലെത്തുക. 17 മുതൽ 19 വരെയാണ് റഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. റഷ്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിലും വിദേശത്തെ റഷ്യക്കാർക്ക് വോട്ടവകാശമുണ്ട്

അരിവാൾ പാർട്ടികളെ തുരത്തി കരടി പാർട്ടി

റഷ്യൻ ഭാഷയിലുള്ള ബാലറ്റിൽ അംഗീകാരമുള്ള 14 പാർട്ടികളും ചിഹ്നങ്ങളുമുണ്ട്. ഇഷ്ടമുള്ള പാർട്ടിക്കു നേരെ വോട്ട് കുത്താം. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്കു തന്നെയാണ് മുൻതൂക്കം. നിലവിലെ പാർലമെന്റിൽ 450ൽ  336 സീറ്റിന്റെ മൃഗീയ ഭുരിപക്ഷമുള്ള അവരുടെ ചിഹ്നവും ഒരു മൃഗമാണ്; കരടി. പഴയ കമ്യൂണിസ്റ്റ് റഷ്യയുടെ സ്മരണ നിലനിർത്തി രണ്ട് അരിവാൾ ചുറ്റിക ചിഹ്നം പാർട്ടികളുണ്ട് ബാലറ്റിൽ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യയും കമ്യൂണിസ്റ്റ് റഷ്യയും. ഇതിൽ 43 സീറ്റുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യയും 40 സീറ്റുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികൾ. 

തിരുവനന്തപുരത്തെ നാലാം തിരഞ്ഞെടുപ്പ്

തിരുവനന്തപുരത്ത് റഷ്യൻ തിരഞ്ഞെടുപ്പ് നടക്കുന്നത് ഇത് ആദ്യമല്ല. 2012, 2018 വർഷങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 2016ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും മുൻപ് തിരുവനന്തപുരം വോട്ട് ചെയ്തിട്ടുണ്ട്. ഇത് കേരളത്തിലെ നാലാം റഷ്യൻ തിരഞ്ഞെടുപ്പ്. 

English Summary : Russian Parliament election and its connection with Thiruvannathapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com