ADVERTISEMENT

കൊല്‍ക്കത്ത ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷത്തിന്റെ മുഖം ആരാണെന്നതിനെ ചൊല്ലി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയല്ല മറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രതിപക്ഷത്തിന്റെ മുഖമായി ഉയര്‍ന്നുവന്നിരിക്കുന്നതെന്നു തൃണമൂല്‍ അവകാശപ്പെട്ടു. എന്നാല്‍ മോദിക്കു ബദല്‍ ആരാണെന്ന് ഉയര്‍ത്തിക്കാട്ടാനുള്ള സമയം ആയിട്ടില്ലെന്നായിരുന്നു ബംഗാള്‍ കോണ്‍ഗ്രസിന്റെ നിലപാട്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബംഗാളില്‍ തൃണമൂലിനെ അധികാരത്തിലെത്തിച്ചതു മുതല്‍ മമത ബാനര്‍ജി, മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിര സജ്ജമാക്കാനുള്ള നീക്കത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിക്കെതിരെ അതിശക്തമായ പ്രതിപക്ഷസഖ്യം രൂപപ്പെടുത്തുകയാണ് മമതയുടെ ലക്ഷ്യം. 

‘രാഹുല്‍ പരാജയപ്പെട്ടു, ബദല്‍ മുഖം മമത’ എന്ന പേരില്‍ തൃണമൂല്‍ പ്രസിദ്ധീകരണമായ ‘ജാഗോ ബംഗ്ല’ കവര്‍സ്‌റ്റോറി അച്ചടിച്ചതോടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടത്. നരേന്ദ്ര മോദിക്കു ബദലാകുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്ന് തൃണമൂലിന്റെ ലോക്‌സഭാ കക്ഷി നേതാവ് സുദീപ് ബന്ദോപാദ്ധ്യായയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘രാജ്യം ഒരു ബദല്‍ ആഗ്രഹിക്കുന്നു. എനിക്കു രാഹുലിനെ ഏറെ നാളായി അറിയാം. മോദിക്കെതിരെ ബദല്‍ മുഖമായി ഉയര്‍ന്നുവരുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ മമത ബാനര്‍ജി അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.’-  സുദീപ് ബന്ദോപാദ്ധ്യായ വ്യക്തമാക്കുന്നു. രാജ്യം മുഴുവന്‍ മമതയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിനെ അവഹേളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി കേന്ദ്രത്തില്‍ ബിജെപിക്കു ബദല്‍ സംവിധാനത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും തൃണമൂൽ നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. ബന്ദോപാദ്ധ്യായ അദ്ദേഹത്തിന്റെ അനുഭവം പറയുകയാണ് ചെയ്തത്. മോദിക്കെതിരെ ബദലായി രാഹുലിനെ ആളുകള്‍ സ്വീകരിക്കുന്നില്ല. രാഹുല്‍ അതിനായി ഇതുവരെ ഒരുങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാണു വിജയിച്ചതെന്നും ആരാണു പരാജയപ്പെട്ടതെന്നും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 2024ല്‍ ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഇപ്പോഴൊന്നും തീരുമാനിക്കാന്‍ ആയിട്ടില്ല. 2014 മുതല്‍ മോദിക്കെതിരെ ഏറ്റവും സ്ഥിരതയോടെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവാണു രാഹുല്‍ എന്നും ചൗധരി പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഏകകണ്ഠമായാണ് പൊതുനേതാവ് ആരാണെന്നു തീരുമാനിക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

English Summary: Mamata Banerjee, Not Rahul Gandhi: Trinamool On Face Of United Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com