ADVERTISEMENT

ന്യൂഡൽഹി∙ നാല്‍പതു വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്കു കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സീൻ കൂടി നൽകണമെന്ന് ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യം (ഐഎൻഎസ്എസിഒജി) കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ ലബോറട്ടറികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ ഐഎൻഎസ്എസിഒജിയാണ് കൊറോണവൈറസിന്റെ ജനിതകവ്യതിയാനം തുടർച്ചയായി നിരീക്ഷിക്കുന്നത്.

കോവി‍ഡിന്റെ ഒമിക്രോൺ വകഭേദം ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ്, 40 വയസ്സു കഴിഞ്ഞവര്‍ക്കു ബൂസ്റ്റർ ഡ‍ോസ് ഉറപ്പാക്കണമെന്ന കൺസോർഷ്യത്തിന്റെ നിർദേശം. ഇന്ത്യയിൽ ഇതുവരെ രണ്ട് ഒമിക്രോൺ കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ വാക്സീൻ എടുക്കാത്ത എല്ലാവർക്കും ഉടൻ വാക്സീൻ നൽകുക, ബൂസ്റ്റർ ഡോസ് നൽകുമ്പോൾ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ആദ്യം പരിഗണിക്കുക എന്നീ കാര്യങ്ങളും ഐഎൻഎസിഒജി ആവശ്യപ്പെട്ടു.

വാക്സീനുകളിൽനിന്നു ലഭിക്കുന്ന ആന്റിബോഡി ഒമിക്രോണിനെതിരെ ഫലപ്രദമല്ലെങ്കിലും രോഗം ഗുരുതരമാകുന്നതു കുറച്ചേക്കുമെന്നും സംഘടന പ്രതിവാര ബുള്ളറ്റിനിൽ അറിയിച്ചു. ചില പ്രായവിഭാഗങ്ങളിലുള്ളവർക്കു യുഎസും ബ്രിട്ടനും ബൂസ്റ്റർ ‍ഡോസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമിക്രോണിൽനിന്നുള്ള പ്രാഥമിക തെളിവുകൾവച്ച് രോഗം വന്നവര്‍ക്കു വീണ്ടും വരാനുള്ള സാധ്യത കൂടുതലാണെന്നും സംഘടന അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ രണ്ട് വാക്സീന്‍ ഡോസുകളും എടുത്ത ബെംഗളൂരുവിലെ ഡോക്ടറാണ്. നെഗറ്റീവ് കോവിഡ് റിപ്പോർട്ടുമായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ പൗരനാണു രോഗം ബാധിച്ച മറ്റൊരാൾ.

English Summary: Consider Booster Shot For 40 And Above: Centre's Research Body On Omicron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com