ADVERTISEMENT

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് 29നു വൈകിട്ട് വിജയ് ചൗക്കിൽ സൈന്യം നടത്തുന്ന ‘ബീറ്റിങ് റിട്രീറ്റ്’ ചടങ്ങിൽ ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ‘അബൈഡ് വിത്ത് മീ’ എന്ന ഗാനം  ഒഴിവാക്കുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. പകരം ‘മേരേ വതൻ കെ ലോഗോം’ എന്ന ഹിന്ദി ദേശഭക്തി ഗാനമാകും സൈനിക ബാൻഡുകൾ അവതരിപ്പിക്കുക. ഇന്ത്യ– ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ സ്മരണയ്ക്കായി കവി പ്രദീപ് രചിച്ച ഗാനമാണിത്.

ദേശഭക്തി ഉറപ്പിക്കുന്ന ‘ഏ മേരേ വതൻ കെ ലോഗോം’ 

ആറു പതിറ്റാണ്ടു മുൻപ് , ഒരു റിപ്പബ്ലിക്ക് ദിനാഘോഷകാലത്ത്, ന്യൂഡൽഹിയിൽ അരങ്ങേറിയ ഒരു ഗാനസന്ധ്യയിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഈറനണിയിച്ച ചരിത്രം കൂടിയുണ്ട് ലതാ മങ്കേഷ്കർ ആലപിച്ച ‘ഏ മേരേ വതൻ കെ ലോഗോം’  എന്ന ഗാനത്തിന്.  ആ ഓർമകളിലേക്ക്...

1963 ജനുവരി 27, വേദി– ന്യൂഡൽഹി രാംലീല മൈതാനം. സായംസന്ധ്യ. റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേ ദിവസം. ദേശീയ പ്രതിരോധ ഫണ്ട് സമാഹരിക്കാനായി നടത്തിയ പരിപാടി. വേദിയിലും സദസിലുമായി പ്രമുഖരുടെ നീണ്ട നിര. പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ക്യാബിനറ്റ് മന്ത്രിമാർ, സിനിമാരംഗത്തെ പ്രമുഖരായ ദിലീപ്‌കുമാർ, ദേവാനന്ദ്, രാജ് കപൂർ, ഗായകരായ മുഹമ്മദ് റാഫി, ഹേമന്ദ്‌കുമാർ തുടങ്ങിയവർ അതിൽപ്പെടും. ഇവരെക്കൂടാതെ കേൾവിക്കാരായി പതിനായിരങ്ങൾ വേറെയും.

മൈതാനം നിറഞ്ഞു. ഗായിക ലതാ മങ്കേഷ്‌കർ മൈക്കിനരികിലേക്ക്. അവരുടെ കണ്‌ഠത്തിൽനിന്ന് ആ ഗാനം ഒഴുകിയെത്തി– ‘ഏ മേരേ വതൻ കെ ലോഗോം’......പാട്ട് അവസാനിച്ചപ്പോഴേക്കും പ്രധാനമന്ത്രി നെഹ്‌റുവിന്റെ കണ്ണുകളും ഈറനണിഞ്ഞു. നെഹ്‌റുവിനെപ്പോലും കരയിപ്പിക്കാൻമാത്രം ശക്‌തമായിരുന്നു ആ വരികളും ഈണവും, പിന്നെ ലതയുടെ ശബ്‌ദവും. ദേശഭക്‌തി വിളിച്ചോതുന്ന ഈ മനോഹര ഗാനം ലതാ മങ്കേഷ്കറിന് ഇന്നും ഏറെ പ്രിയം.  പരിപാടി അവസാനിച്ചപ്പോൾ തന്നെ നെഹ്റുവിന്റെ മകൾ ഇന്ദിരാ ഗാന്ധിയും കൊച്ചുമക്കളായ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ലതയ്ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. 

1962ലെ ഇന്ത്യാ–ചൈന യുദ്ധം അവസാനിച്ചിട്ട് മാസങ്ങളേയായുള്ളൂ. ഇന്ത്യ നേരിട്ട തിരിച്ചടിയിൽ രാജ്യം പതറി നിൽക്കുന്ന സമയം. തോൽവിയുടെ പഴി മൂഴുവൻ ഭരണനേതൃത്വത്തിനുനേരെ തിരിഞ്ഞു. സ്വാതന്ത്ര്യം നേടിയതിന്റെ 15–ാം വർഷമായിരുന്നു സുഹൃത്തെന്നു കരുതിയ ചൈനയുടെ ആക്രമണം. രാജ്യമാകെ തകർന്നുപോയ നിമിഷങ്ങൾ. 

അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യയ്‌ക്ക് നവജീവൻ പകരുന്നതായിരുന്നു ആ പാട്ട്. പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കെ, ഇന്ത്യയ്‌ക്കും ഭരണനേതൃത്വത്തിനും ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയും പാതയൊരുക്കിയ ആ മനോഹര ഗാനം അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും പ്രസക്തം. ഭരണനേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് തിരിച്ചടി നേരിട്ട സമയമായിരുന്നു അത്. ആ മുറിവുണക്കാനായി കവി പ്രദീപ് എഴുതിയ പാട്ടായിരുന്നു അത്. സി. രാമചന്ദ്രയാണ് ഈണം ഇട്ടത്. 

യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കാനാണ് പ്രദീപ് ഈ ഗാനം രചിച്ചത്. ദേശാഭിമാനം തുളുമ്പുന്ന ആ പാട്ടിൽ രക്‌തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം ഇന്ത്യക്കാർ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആഹ്വാനം ചെയ്യുന്നു. നെഹ്‌റുവിനെ ഈ ഗാനം ഏറെ സ്വാധീനിച്ചു. അവസാന വരികളിൽ ജയ്‌ ഹിന്ദ് ജയ്‌ ഹിന്ദ് കി സേന, ജയ്‌ ഹിന്ദ്, ജയ്‌ഹിന്ദ്, ജയ്‌ഹിന്ദ് എന്ന ഈരടികൾ നെഹ്‌റുവിന് ഏറെ ഇഷ്‌ടപ്പെട്ട വരികളാണ്.

ഈ ഗാനത്തിന്റെ കോപ്പി അപ്പോൾതന്നെ നെഹ്‌റുവിന് സമ്മാനിച്ചാണ് പരിപാടി അവസാനിപ്പിച്ചത്. താൻ മുംബൈയിൽ എത്തുമ്പോൾ പ്രദീപിനെ കാണണമെന്നും നെഹ്‌റു ആഗ്രഹം പ്രകടിപ്പിച്ചു. ഈ പാട്ടിന്റെ റോയൽറ്റി യുദ്ധത്തിൽ മരണമടഞ്ഞവരുടെ വിധവകൾക്കുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്‌താണ് അന്ന് പ്രദീപ് ഐക്യദാർഢ്യം പ്രഖ്യാപിച്ചതും. 

English Summary : ‘Abide With Me’ dropped from Beating Retreat ceremony, ‘Aye Mere Watan Ke Logon’ to replace it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com