ADVERTISEMENT

ന്യൂഡല്‍ഹി ∙ രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പൊളിഞ്ഞതിന്റെ കാരണം വിശദീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രശാന്ത് പ്രതികരിച്ചത്. ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷം അഞ്ചു മാസത്തോളം കോണ്‍ഗ്രസുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. 

ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളില്‍ കോണ്‍ഗ്രസിനു നിര്‍ണായക റോളുണ്ടെങ്കിലും അതിന്റെ നേതൃത്വം പര്യാപ്തമല്ലെന്ന് നെഹ്‌റു കുടുംബത്തെ പരോക്ഷമായി പരാമര്‍ശിച്ച് പ്രശാന്ത് അഭിപ്രായപ്പെട്ടു. 'ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കൂടുതല്‍ സമയവും ഞാന്‍ ചെലവിട്ടത് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്കു വേണ്ടിയാണ്.  മേയ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഓരോ മിനിറ്റും അതിനായി മാറ്റിവച്ചു. ഇതുള്‍പ്പെടെ രണ്ടു വര്‍ഷമാണ് ആകെ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയത്.

കോണ്‍ഗ്രസും പ്രശാന്ത് കിഷോറും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് മറ്റുള്ളവര്‍ സ്വാഭാവികമായി ആഗ്രഹിക്കുന്നത്. എന്നാല്‍ പരസ്പരവിശ്വാസമുണ്ടെങ്കിലേ അതു സാധ്യമാകൂ. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് അതുണ്ടായില്ല. 2017ല്‍ യുപി തിരഞ്ഞെടുപ്പില്‍ അവരുമായി ചേര്‍ന്നതിന്റെ മോശം അനുഭവമാണ് എനിക്കുള്ളത്. അതുകൊണ്ടു തന്നെ ഞാന്‍ സംശയത്തോടെയാണ് അവരെ സമീപിച്ചത്.

എന്റെ കൈകള്‍ ബന്ധിക്കുന്ന തരത്തിലുള്ള സമീപനം അനുവദിക്കാനാവില്ല. അതേസമയം ഞാന്‍ നൂറ് ശതമാനം വിശ്വസ്തത പുലര്‍ത്തുമോ എന്ന സംശയമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഞാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത് 2024ലെ തിരഞ്ഞെടുപ്പ് കണ്ടല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്ലാതെ ഒരു ക്രിയാത്മക പ്രതിപക്ഷം സാധ്യമല്ല. എന്നാല്‍ അത് ഇപ്പോഴത്തെ നേതൃത്വത്തില്‍ കീഴിലുള്ള കോണ്‍ഗ്രസാണെന്ന് അര്‍ഥമില്ല. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസില്‍ നവീകരണം അനിവാര്യമാണ്.'- പ്രശാന്ത് പറഞ്ഞു. 

പ്രധാന പ്രതിപക്ഷകക്ഷിയെന്ന പദവിയില്‍നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിയെ സഹായിക്കുന്നത് പ്രതികാരമായിട്ടല്ലെന്നും പ്രശാന്ത് പറഞ്ഞു. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടതുണ്ട്. കോണ്‍ഗ്രസ് ക്ഷയിക്കാനും പാടില്ല. ജനാധിപത്യത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് താനിതു പറയുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി. ദേശീയ തലത്തില്‍ സ്വാധീനശക്തിയാകാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനു സഹായം ആവശ്യമുള്ള ഘട്ടത്തില്‍ നല്‍കാനാണ് അവരുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

English Summary: Talks With Congress For 2 Years: Prashant Kishor Reveals What Went Wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com