ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന കൗൺസിലിൽ 75 എന്ന പ്രായപരിധി മാനദണ്ഡം നടപ്പിലാക്കി സിപിഐ. ഇതുപ്രകാരം മുതിർന്ന നേതാവ് സി.ദിവാകരനെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി. സംസ്ഥാന കൗൺസിൽ അംഗങ്ങളുടേതായി ജില്ലയിൽനിന്നു തയാറാക്കിയ പട്ടികയിൽ സി.ദിവാകരൻ ഇല്ല. മറ്റേതെങ്കിലും ഘടകത്തിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംസ്ഥാന കൗൺസിലിലേക്ക് 11 അംഗ ക്വോട്ടയാണ് തിരുവനന്തപുരത്തിനുള്ളത്.

ദേശീയ കൗൺസിലാണ് 75 എന്ന പ്രായപരിധി നടപ്പിലാക്കാൻ തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാർക്ക് 65 വയസ്സെന്ന മാനദണ്ഡം ഏർപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ ചുവടുപിടിച്ചാണ് സിപിഐയും പ്രായപരിധി മാനദണ്ഡം കൊണ്ടുവന്നത്. എന്നാൽ, പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തുന്നതിനെതിരെ കെ.ഇ.ഇസ്മയിലും സി.ദിവാകരനും സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുൻപ് പരസ്യമായി പ്രതികരിച്ചതോടെ പാർട്ടിയിലെ അനൈക്യം മറനീക്കി പുറത്തുവന്നു.

ആരോഗ്യമുള്ളിടത്തോളം കാലം പ്രവർത്തിക്കാൻ അനുവദിക്കണമെന്നായിരുന്നു സി.ദിവാകരന്റെ പ്രതികരണം. എന്നാൽ ഔദ്യോഗിക നേതൃത്വം നിലപാടിലുറച്ചു നിന്നതോടെ സി.ദിവാകരൻ നിലപാട് മയപ്പെടുത്തി. കേന്ദ്ര നേതൃത്വമാണ് പ്രായപരിധി നിർദേശം മുന്നോട്ടുവച്ചതെന്നും അതു നടപ്പിലാക്കുമെന്നും ദിവാകരൻ പ്രതികരിച്ചു.

പ്രായപരിധി മാനദണ്ഡം ഏർപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്. പ്രാദേശികതലത്തിൽ ഏർപ്പെടുത്തിയ പ്രായപരിധി മാനദണ്ഡം സംസ്ഥാന സമ്മേളനത്തിൽ മാത്രം എങ്ങനെ ഒഴിവാക്കാനാകുമെന്ന് ഔദ്യോഗിക പക്ഷം ചോദിക്കുന്നു. പ്രായപരിധി നടപ്പിലാക്കുന്നതിനെതിരെ ദിവാകരനും ഇസ്മയിലും നടത്തിയ നീക്കത്തിനു സമ്മേളനത്തിൽ കാര്യമായ പിന്തുണ ലഭിച്ചില്ല.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടക്കുമെന്നാണു സൂചന. അസി. സെക്രട്ടറി പ്രകാശ് ബാബു മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ, മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. പകരം സി.എൻ.ചന്ദ്രൻ മത്സരിക്കാൻ സാധ്യതയുണ്ട്. മൂന്നാം ടേമിലേക്ക് കടക്കുന്ന കാനത്തിന് അനായാസ വിജയം സമ്മാനിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കാനം വിരുദ്ധ ചേരി.

English Summary: C Divakaran expelled from CPI State Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com