Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎസ്എ: ജൈവവൈവിധ്യ ബോർഡ് ശുപാർശ തള്ളി സർക്കാർ

government of kerala

കൊച്ചി ∙ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തയാറാക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) ശുപാർശ കേന്ദ്ര സർക്കാർ അന്തിമമായി അംഗീകരിച്ചിട്ടില്ലാത്ത നിലയ്ക്ക് അതു പ്രസക്തമല്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശ ചെയ്ത 123 ഇഎസ്എ വില്ലേജുകളിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും വ്യക്തമാക്കി സർക്കാർ നൽകിയ അപ്പീൽ കോടതി പിന്നീടു പരിഗണിക്കും.

കോട്ടയം കൂട്ടിക്കൽ വില്ലേജിലെ പെട്ര ക്രഷേഴ്സിന് അനുകൂലമായി 2006 ഏപ്രിൽ 29നു സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണു സർക്കാരും സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും അപ്പീൽ നൽകിയത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ശുപാർശയിൻമേലുള്ള കരടു വിജ്ഞാപനമനുസരിച്ച്, കേസിൽ ഉൾപ്പെട്ട ഭൂമി ഇഎസ്എ അല്ലാത്ത നിലയ്ക്കു പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ പരിഗണിക്കാനായിരുന്നു സിംഗിൾ ജഡ്ജിയുടെ നിർദേശം. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകിയ ശുപാർശയിൽ കേന്ദ്രം കരടുവിജ്ഞാപനം പുറപ്പെടുവിച്ചതു മാനിച്ചായിരുന്നു നിർദേശം. എന്നാൽ കേന്ദ്രത്തിന്റെ അന്തിമ ഇഎസ്എ വിജ്ഞാപനം ഇനിയും വന്നിട്ടില്ലെന്നു സർക്കാർ ബോധിപ്പിച്ചു. സിംഗിൾ ജഡ്ജിയുടെ വിധി പരിസ്ഥിതിയിലും ജൈവവൈവിധ്യത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

ഒരു ക്വാറിയുടെ കാര്യത്തിൽ മാത്രമല്ല, സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളിലെയെല്ലാം ഖനനത്തിനു ബാധകമാകുന്ന ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെടണമെന്നാണ് ആവശ്യം. കസ്തൂരിരംഗൻ കമ്മിറ്റിയുടെ ഇഎസ്എ ശുപാർശ തത്വത്തിൽ അംഗീകരിച്ചു കേന്ദ്രപരിസ്ഥിതി മന്ത്രാലയം 2013 ഒക്ടോബർ 19നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ചു ക്വാറി, ഖനന പ്രവർത്തനങ്ങൾക്കു നിയന്ത്രണമുണ്ടെന്നാണു സർക്കാരിന്റെ വാദം. കൂട്ടിക്കൽ വില്ലേജ് ഇഎസ്എ പട്ടികയിലാണ്. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തയാറാക്കിയ ഇഎസ്എ ഭൂപടത്തിൽ കേസിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കപ്പെട്ടു എന്നതു ക്വാറി അനുവദിക്കാൻ കാരണമല്ലെന്നും അപ്പീലി‍ൽ പറയുന്നു.