Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ സർക്കാർ സമ്മതിക്കുന്നു - ഫയൽ തീർപ്പാക്കുന്നതിൽ ‘അക്ഷന്തവ്യമായ കാലതാമസം’

red-tapism

തിരുവനന്തപുരം ∙ ഐഎഎസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും മെല്ലപ്പോക്ക് സെക്രട്ടേറിയറ്റിലെ ഫയൽ തീർപ്പാക്കലിനെ എങ്ങനെ ബാധിച്ചുവെന്നു സർക്കാർ കണക്കെടുപ്പു തുടങ്ങി.ഫയൽ നീക്കത്തിൽ അക്ഷന്തവ്യമായ കാലതാമസമുണ്ടെന്നു തുറന്നു സമ്മതിച്ച സർക്കാർ, ഒരാഴ്ച്ചയ്ക്കകം വിശദാംശം നൽകാൻ എല്ലാ വകുപ്പു സെക്രട്ടറിമാർക്കും കത്തു നൽകി. വിജിലൻസ് ഡയറക്ടറുടെ നടപടികൾ ഐഎഎസുകാരെയും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രൂപീകരണ തീരുമാനം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചതോടെ ഭരണം ഏറെക്കുറെ സ്തംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. സാമ്പത്തിക വർഷം തീരാൻ ആഴ്ച്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ പദ്ധതി വിനിയോഗവും താറുമാറായി.

കഴിഞ്ഞ ഒരു മാസത്തെ ഫയൽ തീർപ്പാക്കലിന്റെ കണക്കെടുക്കാനാണു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. തുടർന്നു ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ഷീലാ തോമസാണു വകുപ്പു സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച കത്തയച്ചത്.‘‘സെക്രട്ടേറിയറ്റ് വകുപ്പുകളിൽ ഉചിതമായ തലങ്ങളിൽ വിശദമായ പരിശോധനയോടു കൂടി കാര്യക്ഷമമായി ഫയൽ തീർപ്പാക്കുന്ന കാര്യത്തിൽ അക്ഷന്തവ്യമായ കാലതാമസം ഉണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനു താങ്കളുടെ വകുപ്പിലെ വിവിധ സെക്ഷനുകളിൽ 2017 ജനുവരി ഒന്നിനു ശേഷമുള്ള ഫയൽ പരിശോധന സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കുള്ളിൽ ലഭ്യമാക്കണം’’– ഇതാണു കത്തിലെ ഉള്ളടക്കം.

ജനുവരി ആദ്യമാണു കെഎഎസ് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. അതോടെ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകൾ സമരമായി. സിപിഎം സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സമരം പ്രകടനത്തിൽ ഒതുങ്ങി.കോൺഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് അസോസിയഷൻ പ്രതിഷേധം തുടരുന്നു. ഈ സംഘടനയിൽ പെട്ടവർ രാവിലെ ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം പുറത്തു പോയി ‘നിൽപ്പു സമരം’ നടത്തുന്നതായാണു സർക്കാരിനു ലഭിച്ച റിപ്പോർട്ട്. ഫയലുകൾ നോക്കാതെ സെക്രട്ടേറിയറ്റ് വളപ്പിലെ കോഫി ഹൗസിനു മുൻപിലാണു നിൽപ്പു സമരം. പരസ്യമായി രംഗത്തില്ലെങ്കിലും സിപിഎം സംഘടനയിൽപ്പെട്ടവരും ഉള്ളു കൊണ്ട് ഇതേ നിലപാടിലാണ്.

ഇതിനു പുറമെയാണ് ഐഎഎസുകാരുടെ നിസഹകരണം. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അകാരണമായി വേട്ടയാടുന്നുവെന്ന  പരാതി സർക്കാർ കേൾക്കാതെ വന്നതോടെ സാമ്പത്തിക ബാധ്യത വരുന്ന ഫയലുകളിൽ സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ ഐഎഎസുകാരും തയാറാകുന്നില്ല. എല്ലാ മാസവും ഫയൽ നീക്കം സംബന്ധിച്ച കണക്കെടുപ്പു സെക്രട്ടേറിയറ്റിൽ ഉണ്ട്. അതിനാൽ ജനുവരിക്കു മുൻപുള്ള മാസങ്ങളിലെ കണക്കുമായി കഴിഞ്ഞ മാസത്തേതു താരതമ്യം ചെയ്തു പണിയെ‌‌ടുക്കാത്തവരെ കണ്ടെത്താനാണു ശ്രമം.

എല്ലാ വകുപ്പിലും ഓഫിസ് സെക്ഷനിലെ സൂപ്രണ്ടിന്റെ കൈവശം ഫയൽ റജിസ്റ്റർ ഉണ്ട്. അതിൽ ഓരോ ദിവസവും ആ വകുപ്പിൽ വന്ന ഫയലുകളുടെ എണ്ണം, ആർക്കൊക്കെ നൽകി, എപ്പോൾ മടങ്ങിയെത്തി എന്ന കൃത്യമായ വിവരമുണ്ട്. ‘ഇ ഓഫിസ്’ സംവിധാനമുള്ള വകുപ്പുകളിൽ കംപ്യൂട്ടറിലും ഇതു ലഭ്യമാണ്. കോൺഗ്രസ് സംഘടനയിൽപ്പെട്ടവർ കൂടുതലുള്ള റവന്യൂ, പൊതുവിദ്യാഭ്യാസം, പൊതുഭരണം  വകുപ്പുകളിലെ ഫയൽ നീക്കം പ്രത്യേകം പരിശോധിക്കുമെന്നാണു സൂചന. പദ്ധതി വിനിയോഗത്തിലെ പാളിച്ചയും സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ജനുവരി 31 ലെ കണക്കനുസരിച്ചു 30,534 കോടിയുടെ പദ്ധതി അടങ്കലിൽ 42.59% മാത്രമാണു വിനിയോഗം. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 5500 കോടി രൂപയിൽ 12.8% ചെലവിട്ടു. എന്നാൽ കേന്ദ്ര വിഹിതമായി ലഭിച്ച 6534 കോടി രൂപയിൽ 74.41 % ചെലവഴിച്ചിട്ടുണ്ട്.

പദ്ധതി വിനിയോഗവും പാളി

പദ്ധതി വിനിയോഗത്തിലെ പാളിച്ചയും സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ജനുവരി 31ലെ കണക്കനുസരിച്ചു 30,534 കോടിയുടെ പദ്ധതി അടങ്കലിൽ 42.59% മാത്രമാണു വിനിയോഗം. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 5500 കോടി രൂപയിൽ 12.8% മാത്രമേ ചെലവാക്കിയിട്ടുള്ളൂ. എന്നാൽ കേന്ദ്രവിഹിതമായി ലഭിച്ച 6534 കോടി രൂപയിൽ 74.41% ചെലവഴിച്ചിട്ടുണ്ട്.

Your Rating: