Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏനാത്ത് പാലം നന്നാക്കുന്നതിന് 4.75 കോടി അനുവദിച്ചു

enath-bridge

തിരുവനന്തപുരം∙ എംസി റോഡിൽ പത്തനംതിട്ട–കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന്റെ അടിത്തറ ബലപ്പെടുത്തി തൂണുകൾ പുനർനിർമിക്കുന്നതിന് 4.75 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചു. മറ്റു തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാമെന്നു ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ഉറപ്പു നൽകിയിട്ടുണ്ട്.

പാലത്തിന്റെ അപകടാവസ്ഥ പരിശോധിച്ചു പരിഹാര നിർദേശങ്ങൾ സമർപ്പിച്ച ഡോ. പി.കെ.അരവിന്ദൻ നിർമാണവേളയിലും സഹായം നൽകുമെന്നു മന്ത്രി അറിയിച്ചു. അജൻഡയ്ക്കു പുറത്തുള്ള ഇനമായി മരാമത്ത് വകുപ്പു സമർപ്പിച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കെഎസ്ടിപിയുടെ കഴക്കൂട്ടം-അടൂർ മാതൃകാ സുരക്ഷാ കോറിഡോറിന്റെ ഭാഗമായി പാലത്തിന്റെ പണി പൂർത്തിയാക്കാനാണു തീരുമാനം.

കാലതാമസവും അനാവശ്യ ചെലവും ഒഴിവാക്കുന്നതിനായി സുരക്ഷാ കോറിഡോർ നിർമിക്കുന്ന കരാറുകാരനെത്തന്നെ പാലത്തിന്റെ പണിയും ഏൽപിക്കാനാണു തീരുമാനം. പാലം അപകടത്തിലായതിനെ തുടർന്നു ഗതാഗതം തിരിച്ചുവിട്ട റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഗതാഗത നിയന്ത്രണം ചർച്ചചെയ്യാനുമായി 30നു തിരുവനന്തപുരത്തു യോഗം ചേരും. ഈ റോഡുകളിൽ അറ്റകുറ്റപ്പണി ആവശ്യമെങ്കിൽ മരാമത്ത് ഫണ്ട് ഉപയോഗിച്ചു ചെയ്യും. ഏനാത്ത് പാലം പുനർനിർമിക്കുമ്പോൽ കാൽനട യാത്രക്കാർക്കു താൽക്കാലിക സൗകര്യമൊരുക്കുന്നതിനെക്കുറിച്ചും ആലോചിക്കും.

Your Rating: