Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ രേഖകളിൽ ഇനി ‘കീഴാളർ’ ഇല്ല

government-of-kerala

ആലപ്പുഴ ∙ സർ‍ക്കാർ ഭ‍ാഷയിൽ ഇനി ‘ക‍ീഴാളർ’ ഇല്ല. സർക്കാരിന്റെ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും ഹരിജൻ, ഗിരിജൻ, ദലിത് എന്നീ പദങ്ങൾ പ്രയോഗിക്കാൻ പാടില്ലെന്നു നേരത്തെ ഉത്തരവിറങ്ങിയിരുന്നു. അതിനു പിന്നാലെയാണു ‘ക‍ീഴാളർ’ എന്ന പദപ്രയോഗവും നിരോധിച്ചത്. ഇതിനു പകരം പട്ടികജാതി, പട്ടിക ഗോത്രവർഗം എന്നീ പദങ്ങൾ മാത്രമെ ഇനി സർക്കാർ രേഖകളിൽ ഉപയോഗിക്കൂ. കീഴാളർ എന്ന പദപ്രയോഗം ഒരു ജനവിഭാഗത്തിന് അപകർഷതാബോധം സൃഷ്ടിക്കുന്നതാണെന്നും അതിനാൽ ആ വാക്ക് സർക്കാർ രേഖകളിൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു പട്ടികജാതി, ഗോത്രവർഗ കമ്മിഷനു പരാതി ലഭിച്ചിരുന്നു.

‘കീഴാളർ’ എന്ന വാക്ക് ഏതെങ്കിലും ജാതിയോ ജാതിപ്പേരോ അല്ലെന്നും ഹരിജൻ, ഗിരിജൻ എന്നീ പദപ്രയോഗങ്ങൾ നിരോധിച്ച അതേ മാനദണ്ഡം ഉപയോഗ‍ിച്ചു ‘കീഴാളർ’ എന്ന വാക്കും നിരോധിക്കണമെന്നും സർക്കാരിനു ശുപാർശ നൽകാൻ പട്ടികജാതി, വർഗ വികസനവകുപ്പിനു പട്ടികജാതി, ഗോത്രവർഗ കമ്മിഷൻ ശുപാർശ നൽകി. സർക്കാർ ഈ ശുപാർശ പരിശോധിച്ചപ്പോഴും ‘കീഴാളർ’ എന്ന വാക്ക് ജാതിയോ ജാതിപ്പേരോ അല്ലെന്നും ഒരു വിഭാഗം ജനങ്ങളിൽ അപകർഷതാബോധം സൃഷ്ടിക്കുന്ന പ്രയോഗമാണെന്നും കണ്ടെത്ത‍ിയതിന്റെ അടിസ്ഥാനത്തിലാണു വാക്കിനു നിരോധനം വന്നത്.

ഇനി മുതൽ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും ഈ വാക്ക് പ്രയോഗിക്കരുതെന്നാവശ്യപ്പെട്ട് എല്ലാ സർക്കാർ വകുപ്പുകൾക്കും ജില്ലാ കലക്ടർമാർക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികൾക്കും ഉൾപ്പെടെ നിർദേശം നൽകിക്കഴിഞ്ഞു.

Your Rating: