Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണമെല്ലാം എവിടെപ്പോകുന്നു; ആർബിഐ അന്വേഷിക്കുന്നു; ഇന്നലെയും ക്ഷാമം

INDIA-ECONOMY-FOREX

തിരുവനന്തപുരം∙ സംസ്ഥാനത്തെ രൂക്ഷമായ നോട്ടുക്ഷാമത്തിനു പിന്നിലെ മുഖ്യകാരണം കണ്ടെത്താൻ റിസർവ് ബാങ്ക് അന്വേഷണം ആരംഭിച്ചു. തങ്ങൾ കൈമാറിയ നോട്ടുകൾ ഏതൊക്കെ തരത്തിൽ വിതരണം ചെയ്തെന്നു കാട്ടി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടു.

വേണ്ടത്ര നോട്ടുകൾ ആർബിഐയിൽ നിന്നു കിട്ടാത്തതാണു ക്ഷാമത്തിനു കാരണമെന്നു ബാങ്കുകൾ പറയുമ്പോൾ, നോട്ട് വിതരണം സാധാരണ നിലയിലാണെന്നും ദൗർലഭ്യത്തിനു കാരണം മറ്റെന്തോ ആണെന്നുമാണ് ആർബിഐ നിലപാട്.

ബാങ്കുകളിൽ നിന്ന് ഇടപാടുകാർ പിൻവലിച്ച പണം, ബാങ്കുകളുടെ പക്കൽ ബാക്കിയുള്ള പണം, നിക്ഷേപമായി എത്തിയ പണം, എടിഎമ്മുകൾ വഴി നൽകിയ പണം തുടങ്ങിയ വിശദാംശങ്ങളാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കുകളിൽ നിന്നു വൻതോതിൽ പണം എവിടേക്കു പോകുന്നുവെന്നു കണ്ടെത്താനാണ് ആർബിഐ ശ്രമം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എടിഎമ്മുകളുള്ള എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്നു മാത്രം പ്രതിദിനം 270 കോടിയോളം രൂപയാണു പിൻവലിക്കുന്നത്. ശാഖകളിലെത്തിയും ജനം വൻതോതിൽ പണം ആവശ്യപ്പെടുന്നുണ്ട്.

നോട്ടുക്ഷാമം കാരണം ഭൂരിഭാഗം എടിഎമ്മുകളും കാലിയായതോടെ, പരിഭ്രാന്തിയിലായ ഒട്ടേറെ പേർ അക്കൗണ്ടിലുള്ള മുഴുവൻ പണവും പിൻവലിക്കുന്നുണ്ടെന്നാണു ബാങ്ക് അധികൃതർ പറയുന്നത്. ഇവയൊക്കെ ക്ഷാമത്തിനു കാരണമാണെങ്കിലും റിസർവ് ബാങ്കിൽ നിന്നുള്ള നോട്ടുവിതരണം 20 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ടെന്നു ചില ബാങ്ക് അധിക‍ൃതർ വ്യക്തമാക്കി.

പിൻവലിക്കൽ കൂടിയതും നോട്ടുലഭ്യത കുറഞ്ഞതും കാരണം എടിഎമ്മുകളിൽ നിറയ്ക്കുന്ന പണത്തിനു ബാങ്കുകൾ നിയന്ത്രണം കൊണ്ടുവന്നു. ട്രഷറികളിലൂടെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ഇന്നലെ 97 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 56 കോടിയാണു കിട്ടിയത്. 12 ട്രഷറികൾക്ക് ഒട്ടും ലഭിച്ചില്ല.

നാളെ മുതൽ ലോട്ടറിയുടെയും ബവ്റിജസ് കോർപറേഷന്റെയും വരുമാനം ബാങ്കുകളിൽ നിക്ഷേപിക്കാതെ ട്രഷറിയെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, ട്രഷറികൾക്കു നോട്ട് ലഭിക്കുമെങ്കിലും ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങും.

related stories
Your Rating: