Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിലേറെ പെൻഷൻ തടയില്ല; ഒരു പെൻഷൻ മാത്രം പുതിയ നിരക്കിൽ

government of kerala

തിരുവനന്തപുരം∙ ഒന്നിലേറെ സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് ഒരു പെൻഷൻ പുതുക്കിയ 1000 രൂപ നിരക്കിലും രണ്ടാമത്തെ പെൻഷൻ പഴയ 600 രൂപ നിരക്കിലുമായിരിക്കും ലഭിക്കുകയെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് അതിനു പുറമെ ഒരു സാമൂഹിക സുരക്ഷാ പെൻഷനോ, ഒരു ക്ഷേമ പെൻഷനോ വാങ്ങാൻ അർഹതയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. ശനിയാഴ്ചയാണ് ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ഉത്തരവിറക്കിയത്.

ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ വാങ്ങുന്നവർക്ക് അതിനു പുറമെ ഒരു പെൻഷൻ കൂടി 1000 രൂപ നിരക്കിൽ വാങ്ങാൻ അർഹതയുണ്ട്. ക്ഷേമനിധി ബോർഡുകളിൽ നിന്നു പെൻഷൻ വാങ്ങുന്നവർക്ക് ഒരു സാമൂഹിക സുരക്ഷാ പെൻഷൻ കൂടി 1000 രൂപ നിരക്കിൽ ലഭിക്കും. 75 വയസ്സിൽ കൂടുതലുള്ളവർക്കു വർധിപ്പിച്ച വാർധക്യ കാല പെൻഷൻ തുടർന്നും അതേ തോതിൽ ലഭിക്കും. ഇവർക്കു പഴയ 600 രൂപ നിരക്കിൽ ഒരു പെ‍ൻഷൻ കൂടി വാങ്ങാം. ഒന്നിലേറെ പെൻഷൻ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്നവർക്കു മാത്രമേ വ്യവസ്ഥകൾക്കു വിധേയമായി അതു തുടർന്നും ലഭിക്കൂ.

ഇനി മുതൽ ഭിന്നശേഷിയുള്ളവർക്കല്ലാതെ ആർക്കും രണ്ടാമതൊരു പെൻഷൻ പുതിയതായി അനുവദിക്കാൻ പാടില്ല. ആധാർ നമ്പറില്ലാത്ത പെൻഷൻകാർ ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ പെൻഷൻ ലഭിക്കും. ഒപ്പം ഒരേ സ്വഭാവമുള്ള രണ്ടു പെൻഷനുകൾ ഒരേ സമയം വാങ്ങുന്നില്ലെന്ന സത്യവാങ്മൂലം തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കു സമർപ്പിക്കുകയും വേണം. ഒന്നിലേറെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നു സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാൻ പെൻഷൻകാരെ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷിയുള്ളവർ, സ്വന്തം അംശാദായം കൊണ്ടു ക്ഷേമനിധികളിൽ നിന്നു പെൻഷൻ വാങ്ങുന്നവർ, മാറാരോഗികൾ എന്നിവർക്കൊഴികെ മറ്റുള്ളവർക്കു ഭാവിയിൽ ഒരു പെൻഷനേ അർഹതയുണ്ടാകൂ എന്നു ധനമന്ത്രി തോമസ് ഐസക് ഫെയ്സ് ബുക് പോസ്റ്റിൽ വ്യക്തമാക്കി. ഇപ്പോൾ ചിലർക്കു ലഭിക്കുന്ന രണ്ടാമത്തെ പെൻഷൻ തുടർന്നും ലഭിക്കും. ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം സർക്കാർ റദ്ദാക്കില്ല. പക്ഷേ, ഓണത്തിനു മുമ്പു ലഭിച്ചിരുന്ന തുക എത്രയാണോ ആ തോതിലേ ഭാവിയിലും ലഭിക്കൂ. ഇക്കാര്യം ഓണക്കാലത്ത് പെൻഷൻ വിതരണം ചെയ്തപ്പോൾ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. യഥാർഥത്തിൽ അന്നു പറഞ്ഞത്, അധികമായി വാങ്ങുന്ന പെൻഷൻ തുക പിന്നീടു തിരിച്ചു പിടിക്കുമെന്നായിരുന്നു. അതിനൊന്നും സർക്കാർ മുതിരുന്നില്ല. പക്ഷേ, ഇനിമേൽ 1000 രൂപയുടെ ഒരു പെൻഷനേ അർഹതയുണ്ടാകൂ. രണ്ടാമത്തെ പെൻഷൻ മുമ്പ് ലഭിച്ചിരുന്ന നിരക്കിലായിരിക്കും.

ആധാർ ഇല്ലെങ്കിലും പെൻഷൻ ലഭിക്കും. അതിനുള്ള അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കാൻ നിർദേശിച്ചുള്ള ഉത്തരവ് ശനിയാഴ്ച ഇറങ്ങി. ഇതുപ്രകാരമുള്ള ഫോം പൂരിപ്പിച്ചു പഞ്ചായത്തിൽ നൽകിയാൽ മതി. ഇനിയും പരാതിയുള്ളവരുടെ കാര്യത്തിൽ അദാലത്ത് നടത്തി തീർപ്പുണ്ടാക്കുമെന്നും തോമസ് ഐസക് അറിയിച്ചു.