Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ടാക്സി തടസ്സപ്പെടുത്തൽ: ആകെ 39 കേസ്

uber-taxi-Paris

കൊച്ചി ∙ ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ടു കേരളത്തിൽ ഇതുവരെ 39 കേസ് റജിസ്റ്റർ ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയെ അറിയിച്ചു. ക്രമസമാധാനം തകരാതിരിക്കാൻ നടപടി സ്വീകരിച്ചെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് കൊച്ചി സ്വദേശിയും യൂബർ ടാക്സി ഡ്രൈവറുമായ നവാസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു ഡിജിപി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാർച്ചിലെ ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന ഹർജിയിൽ സർക്കാർ നേരത്തേ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

കോഴിക്കോട് ഉൾപ്പടെ മറ്റു നഗരങ്ങളിലെ സ്ഥിതി കൂടി വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണു പുതിയ സത്യവാങ്മൂലം നൽകിയത്. കോഴിക്കോട് നഗരപരിധിയിൽ നാലു കേസാണ് റജിസ്റ്റർ ചെയ്തത്. മൂന്നിൽ അന്വേഷണം പുരോഗമിക്കുന്നു.

തൃശൂരിൽ ഓൺലൈൻ ടാക്സിയുടെ പേരിൽ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്നും വിശദീകരിച്ചു. ആകെയുള്ള 39 കേസിൽ 20ൽ കുറ്റം ചുമത്തി. നാലിൽ പിഴശിക്ഷ നൽകി. ഒന്നിൽ തുടർ നടപടി അവസാനിപ്പിച്ചു. ശേഷിച്ച 14 കേസിൽ അന്വേഷണം പുരോഗമിക്കുന്നു. എറണാകുളം റൂറൽ എസ്പി നൽകിയ റിപ്പോർട്ട് അനുസരിച്ച് ആറു കേസ് റജിസ്റ്റർ ചെയ്തു.

മൂന്നിൽ കുറ്റം ചുമത്തി. ബാക്കി പിഴ ശിക്ഷ നൽകി. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബസ് സ്റ്റാൻഡുകളിലും ജംക്‌ഷനുകളിലും പൊലീസ് പട്രോളിങ് ശക്തമാക്കി. തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.

related stories